Wednesday 12 December 2012

അരാജകത്വത്തിലേക്ക്
വഴി തുറക്കുന്ന ഫെമിനിസം


    വിമോചനത്തിന്റെ നീതിശാസ്ത്രം സ്ത്രി യുടെ സ്വത്വത്തിന് പുതിയ പാഠങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രിവിമോചനം നമ്മുടെ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചവിഷയവുമാണ്. മാധ്യമങ്ങളിലേക്ക് കയറിപ്പറ്റാനുള്ള കുറുക്കുവഴിയായി കുറെയേറെപ്പേരെങ്കിലും സ്ത്രിവിമോചനമെന്ന ഇമ്പമുള്ള പ്രയോഗത്തെ പ്രയോജനപ്പെടുത്തുന്നുണ്ട്. ഒരു വഴിപാടുപോലെ ഇടയ്ക്കിടെ സ്ത്രിവിമോചനത്തിനുവേണ്ടി പതിപ്പുകളും സിമ്പോസിയങ്ങളും നടത്തി രംഗത്തിന് കൊഴുപ്പുകൂട്ടാന്‍ തന്ത്രശാലികളായ മാധ്യമവിദഗ്ദ്ധര്‍ മറക്കാറില്ല. പക്ഷേ നമ്മുടെ ഫെമിനിസ്റ്റുപ്രസ്ഥാനം ഇന്നു നീങ്ങിക്കൊണ്ടിരിക്കുന്ന വഴിയേതാണ്?
    വിശദമായ ഒരു വിശകലനത്തിനു വിധേയമാക്കിയാല്‍ കേരളത്തില്‍ അരങ്ങ് കയ്യടക്കാന്‍ ശ്രമിക്കുന്ന ഫെമിനിസ്റ്റ് പ്രസ്ഥാനം ഉപരിവിപ്ല
വമായ കുറെ മുദ്രാവാക്യങ്ങളുടെയും ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തനങ്ങളുടെയും അടിത്തറയില്ലാത്ത സമരങ്ങളുടെയുംശരീരകേന്ദ്രിത
ചിന്തകളുടെയും ആകത്തുകയാണെന്ന് കാണാം.
നഗരകേന്ദ്രിതമായ സൈദ്ധാന്തികവല്‍ക്കരണവും ശരീരകേന്ദ്രിതമായ സ്വാതന്ത്ര്യവാദവും ഫെമിനിസത്തിന്റെ ആന്തരഘടനയില്‍ പിടിമുറുക്കിയിരിക്കുകയാണ്. അതില്‍ സമഗ്രമാനവികതയുടെ വിശാലമായ ഒരു ദര്‍ശനതലവുമുണ്ടെന്ന് ഇടയ്ക്കിടെ ചിലരൊക്കെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സമീപകാല പ്രായോഗികചരിത്രം സ്ത്രീസമൂഹത്തെ അതിന്റെ ശരിയായ പ്രശ്‌നപരിസരങ്ങളില്‍ ഉള്‍ക്കെള്ളുന്നതില്‍ സംഭവിച്ച പരാജയത്തെയാണ് കാണിക്കുന്നത്.
    സ്ത്രിവിമോചനവാദം എന്നതിലെ വിമോചനം ഏതു സ്ത്രീയുടേതാണ്? സ്ത്രീസമൂഹത്തിന്റെ ആകെയുള്ള വിമോചനമാണ് ലക്ഷ്യമാക്കുന്നതെങ്കില്‍ ഫെമിനിസത്തിന്റെ ഇന്നുള്ള ഘടനതന്നെ മാറേണ്ടിയിരിക്കുന്നു. ഇടയ്ക്കിടെ സ്ത്രീപീഡനത്തെക്കുറിച്ചും സ്ത്രീവിമോചനത്തെക്കുറിച്ചുംഅവളനുഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ചും ക്ഷുഭിതമായ ഭാഷയില്‍ സംസാരിക്കുന്ന നമ്മുടെ ഫെമിനിസ്റ്റുകള്‍, സ്ത്രീസമൂഹം നേരിടുന്ന അടിസ്ഥാനപരമായ പ്രശ്‌നങ്ങളെക്കുറിച്ച് എത്രമാത്രം ബോധവതികളാണ്? പീഡിതമാകുന്ന സ്ത്രീത്വത്തിന്റെ ഏറ്റവും ദയനീയമായ മുഖം നമ്മുടെ നാട്ടിന്‍പുറങ്ങളിലാണ്. വാര്‍ത്താമധ്യമങ്ങളുടെ ഫ്‌ളാഷ്‌ലൈറ്റുകള്‍ തെളിയാത്ത ഇടങ്ങളാണത്. പുരുഷന്റെ കൊടിയ പീഡനങ്ങള്‍ക്ക് നിരന്തരം ഇരയാകേണ്ടിവരുന്ന ഒരു ഭൂരിപക്ഷം നാട്ടിന്‍പുറങ്ങളിലുണ്ട്. തൊഴില്‍പീഡനങ്ങളും സ്ത്രീധനവും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുമെല്ലാം ആത്യന്തികമായി ചെന്നെത്തുന്നത് സ്ത്രീയുടെ സ്വാസ്ഥ്യംകെടുത്തലിലാണ്. നരകയാതനയുടെ ഈ മൃഗീയപരമ്പരകളെ പ്രതിഷേധമില്ലാതെ സഹിക്കാന്‍മാത്രം വിധിക്കപ്പെടുന്ന ഇവരുടെ ജീവിതാവകാശങ്ങളെക്കുറിച്ച് നാം എത്രനേരം ചിന്തിച്ചിട്ടുണ്ട്? സൂര്യനുദിക്കുംമുമ്പേ പാറമടകളിലേക്കും റോഡുപണികളിലേക്കും പുരുഷനോടൊപ്പം ഇറങ്ങേണ്ടിവരികയും കൂലിവാങ്ങുമ്പോള്‍ തികച്ചും രണ്ടാംതരക്കാരിയായി മാറുകയുംചെയ്യുന്ന തൊഴിലിടങ്ങളിലെ സ്ത്രീയുടെ വിയര്‍പ്പിന്റെ മൂല്യത്തെക്കുറിച്ച് ഏതു ഫെമിനിസ്റ്റാണ് സംസാരിക്കുന്നത്? അവരുടെ അമര്‍ത്തപ്പെടുന്ന നിലവിളിക്കുമുന്നില്‍ ഉയരുന്ന ഫെമിനിസ്റ്റ് മുദ്രാവാക്യ മേതാണ്?
    ഇവിടെയാണ് നമ്മുടെ ഫെമിനിസം പിഴച്ചുപോകുന്നത്. ഫാഷന്‍ ഷോകളും സെക്‌സ് ടൂറിസവും മസാജ് പാര്‍ലറുകളും സ്ത്രീസ്വാ തന്ത്യത്തിന്റെ ശ്രേഷ്ഠബിംബങ്ങളാകുന്ന നമ്മുടെ നാട്ടില്‍ ഫെമിനിസത്തിന്റെ മുന്‍നിരക്കാരില്‍ ഭൂരിപക്ഷത്തിന്റെയും ചിന്തയുടെയും എഴുത്തിന്റെയും അവസാനലക്ഷ്യം ചെന്നെത്തുന്നത് ലൈംഗികതയുടെ നാനാര്‍ത്ഥ ങ്ങളിലാണ്. ഫെമിനിസത്തിലും പ്രകടമായ ഒരു വരേണ്യസംസ്‌കാരം നിലനില്‍ക്കുന്നുണ്ട്. ഫ്രീസെക്‌സിനുവേണ്ടിയുള്ള ഒടുങ്ങാത്ത മുറവിളിയായി പലപ്പോഴും അത് അധഃപതിക്കുന്നതിനുപിന്നില്‍ ഈ വരേണ്യവിമോചക നീതിശാസ്ത്രക്കാരാണെന്ന് കാണാന്‍ വിഷമമില്ല. ലെസ്ബിയനിസവും അതിലൈംഗികതയും തങ്ങളുടെ ജന്മാവകാശമാണെന്ന് ഉറക്കെ വിളിച്ചുപറയുന്നതിലാണ് അഭിപ്രായസ്വാതന്ത്ര്യമുള്ളതെന്നും സദാചാ രത്തിന്റെ കീഴ്‌വഴക്കങ്ങള്‍ പുച്ഛിച്ചുതള്ളുമ്പോഴാണ് സ്ത്രീവി മോചിതയാകുന്നതെന്നുമുള്ള ധാരണകളുടെ മാലിന്യത്തിലാണ് നമ്മുടെ ഫെമിനിസ്റ്റുകളില്‍ പലരുടെയും വിപ്ലവബോധം കുടികൊള്ളുന്നത്. സമീപകാലങ്ങളില്‍ മലയാളത്തിലെ ചില പ്രസിദ്ധീകരണങ്ങളുടെ ഗവേഷണവിഷയംതന്നെ സ്വവര്‍ഗ്ഗരതിയാണ്. നമ്മുടെ ചില മാധ്യമങ്ങള്‍ വര്‍ത്തമാനകാലം നേരിടുന്ന ഏറ്റവും വലിയപ്രശ്‌നം ഇവയൊക്കെയാണെ ന്നമട്ടില്‍ എഴുന്നള്ളിക്കുകയും അതുകണ്ട് മനോവൈകല്യം ബാധിച്ച കുറേ 'ബുദ്ധിജീവികള്‍' അതിന്റെ സൈദ്ധാന്തികരായി വേഷമിട്ട് റിബലാകാന്‍ ശ്രമിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
    ഒരു സമൂഹത്തെയാകെ അരാജകത്വത്തിലേക്ക് നയിക്കാന്‍ ഏറ്റവും എളുപ്പമായ വഴിയാണ് ലൈംഗിക അരാജകത്വം സൃഷ്ടിക്കല്‍. ഈ സംസ്‌കാരം സമര്‍ത്ഥമായി ഇന്ന് മലയാളിയെ കീഴടക്കിക്കൊണ്ടിരി ക്കുകയാണ്. ഏതൊക്കെയോ അദൃശ്യദൈവങ്ങള്‍ തന്ത്രപൂര്‍വ്വമൊരുക്കുന്ന കെണിയില്‍ മലയാളിയുവത്വം വിധേയത്വത്തോടെ വീണുകൊടുക്കുന്ന അതീവദാരുണമായ ദൃശ്യങ്ങള്‍ക്ക് നാം നിരന്തരം സാക്ഷിയാവുകയാണ്. എല്ലാ മാധ്യമങ്ങളും നിഗൂഢമായും പ്രത്യക്ഷമായും അതിനുള്ള വാതിലുകള്‍ തുറന്നുനല്‍കി ക്കൊണ്ടിരിക്കുന്നു. അത് വസ്ത്രധാരണത്തിന്റെ രീതിയില്‍, ഫാഷന്‍ഷോയുടെ രൂപത്തില്‍ ലെസ്ബിയനസത്തിന്റെയും മസാജ് പാര്‍ലറു കളുടെയും രൂപ ത്തില്‍ നമ്മുടെ മുന്നിലേക്കെത്തുന്നു. അസംതൃപ്തിയുടെയും അനിശ്ചിത ത്വത്തിന്റെയും അരക്ഷിതതത്വത്തിന്റെയും ഇരുണ്ടഭൂമികയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ യുവത്വത്തിന് ഇവയൊരു അഭയമായി മാറാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല. പക്ഷേ ഇവിടെ പ്രധാനപ്രതി ആരാണ്?
    പൊതുബോധത്തില്‍ ലൈംഗികതയുടെ വിചാരശാസ്ത്രം അരാജകത്വത്തിന്റെ അദൃശ്യസൈദ്ധാന്തികത കലര്‍ത്തി വ്യാപിപ്പിക്കുന്നതില്‍ പ്രധാനപങ്ക് സ്ത്രീക്കാണ്. ഇരയുടെ നിലയില്‍നിന്ന് വേട്ടക്കാരന്റെ നിലയിലേക്കുള്ള പുരുഷന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ സ്ത്രീയുടെ പ്രലോഭ നത്തെ നിസ്സാരവല്‍ക്കരിക്കുമ്പോള്‍ നാം വസ്തുതകളുടെ ലോകത്തുനിന്നും അകലുകയാണ്. ഇളം മനസ്സുകളില്‍പോലും മലിനചിന്തയുടെ പരാഗങ്ങള്‍ കടത്തിവിടുന്നതില്‍ 'ഭാരതസ്ത്രീ'കളുടെ  പങ്ക് ചെറുതല്ല. ഇങ്ങനെ കൗമാരമനസ്സുകളെപ്പോലും ലൈംഗികചൂഷണത്തിന് പാകമായ വിധത്തില്‍ മോള്‍ഡുചെയ്‌തെടുക്കുന്നതില്‍ നമ്മുടെ സ്വാതന്ത്ര്യവാദികളായ പല സ്ത്രീവിമോചകരും മത്സരിക്കുകയാണ്. ഇവരും സ്വയം വിശേഷിപ്പിക്കുന്നത് ഫെമിനിസ്റ്റുകളെന്നാണ്. ശരീരകേന്ദ്രീകൃതമാകുന്ന ഫെമിനിസം അരാജകത്വത്തിലേക്കുള്ള ലളിതമായ പാതയൊരുക്കുകയാണ്.

No comments:

Post a Comment