കവിത






ശാസ്ത്രഗതി

ആര്‍. മനോജ്

ഞാന്‍ കുറച്ച് ഭാഷാശാസ്ത്രം പഠിച്ചു
കുറച്ച് നാടകവും പഠിച്ചു
കുറച്ച് നോവലും കഥയും നിരൂപണവും പഠിച്ചു
ഓര്‍മ്മ, ജീവചരിത്രം ,ശാസ്ത്രകഥകള്‍‍ വായിച്ചു

ജന്തുവിന്‍റെ പുറത്തു കയറിപ്പോകുന്ന
നര.വാനരന്മാരെക്കുറിച്ച് ചിന്തിച്ചു
ലോകപ്രേമത്തിന്‍റെ കാട്ടിലൂടെ നടന്നു
പുതിയ നായാട്ടുകാരെ കണ്ടു
കുടിലുകള്‍ കണ്ടു

കത്തും മന:ശാസ്ത്രവും കൈമാറി
അതിഥികളെ പൂജിച്ചു
ഒരു മുനി തപസ്സ് ചെയ്യുന്നു
ഒരു മാന്‍ വെള്ളം കുടിക്കുന്നു
ഒരു പാമ്പ് നദിയില്‍ കുറുകെ നീന്തുന്നു.

വളര്‍നായ്ക്കള്‍ എന്‍റെ കൂടെ വരുന്നു
കോഴികള്‍ വരുന്നു ആടു വരുന്നു
മൂങ്ങ വരുന്നു
(അടുത്ത കവിത ഭാഷാശാസ്ത്രവും
തത്വചിന്തകളും
അടങ്ങുന്നതാണ്)

ഇപ്പോള്‍ ചില പ്രസിദ്ധീകരണങ്ങള്‍
വായിക്കുന്നുണ്ട്
പുതിയ കവിതയെക്കുറിച്ചും നിരൂപണത്തെക്കുറിച്ചും
പഠിക്കുന്നുണ്ട്
 

മണിക്കവിതകള്‍‍
മണി കെ ചെന്താപ്പൂര്

 











നായരിലെ ര്‍
പോയാല്‍ നായയായി
നായയില്‍നിന്നാണോ
നായര്‍ ജന്മം
അതോ നാഗത്തില്‍ നിന്നാണോ
നായര്‍ജന്മം?
എന്തുമാകട്ടെ ഒരു നായര്‍ക്കുമുന്നിലൊരു നായര്‍
ഒരു നായ മറ്റവനും നായ
ബൌ....ബൌ....ബൌ
00000000000000000000
അന്ന് പള്ളയുള്ളവന്‍
പിള്ള
ഇന്ന് പിള്ളയുള്ളോന്‍റെ
പള്ള പൊള്ള
ഇനി പിള്ള വാലായാല്‍
പള്ളകായാം
പിള്ളയും കായാം.
000000000
കാവെല്ലാം
കാലപുരിക്ക് അയച്ചു
കരിനാഗങ്ങള്‍
പലവഴി പാഞ്ഞു
കോണ്‍ക്രീറ്റില്‍
ഫണനാഗമുയര്‍ന്നു
കാവാരാധന കെങ്കേമം 
നാഗാരാധന കെങ്കേമം.
  
നദി തീരത്തോട് പറയുന്നത്
   മുഹമ്മദ് സാലു

കടത്തുതോണിക്കാരന്‍റെ പാട്ടു കേട്ടത്
സ്വപ്നത്തിലായിരുന്നെന്നോ...?
ക്ഷമിക്കുക, ഈ രാവിലും എന്‍റെ
ഉണര്‍വ്വിന് നീ കൂട്ടിരിക്കുക.
നിന്‍റെ പുളിനങ്ങളില്‍‍
എന്‍റെ നരച്ച മുടിയിഴകള്‍ നീര്‍ത്തിയിടട്ടെ
കടലോളമുള്ള ഓര്‍മയുടെ ഭാണ്ഡം
ഞാനിറക്കിവയ്ക്കട്ടെ.
തേങ്ങാതിരിക്കുക; നിന്‍റെ തീരമിടിച്ചു നീ
തകരാതിരിക്കുക.
നിലാവസ്തമിച്ചിട്ടില്ലാത്ത ആകാശം നോക്കി
നമുക്ക് സ്വപ്നം കാണാം.

ഒരു മഴ പെയ്യും,
അതിലെന്‍റെ ഹൃദയധമനികളില്‍
നീരുചേരും
നിന്‍റെ പൂച്ചെടികള്‍ വീണ്ടും തളിര്‍ക്കും
കുടവുമായി മീന്‍മിഴികള്‍ വീണ്ടും നിരക്കും
മുങ്ങിനീരാടുവാന്‍ ജലക്രീഡയാടുവാന്‍
കൃഷ്ണനും രാധയും വീണ്ടും വരും

എന്തേ നീ നെടുവീര്‍പ്പിട്ടത്?
വേലിയേറ്റം
ഓര്‍മ്മകളുടേതു മാത്രമാകുന്നതുകൊണ്ടോ?

ഓ... സൈറണ്‍ മുഴങ്ങി
ഫാകടറിച്ചാലുകള്‍ എന്നിലേക്ക്
പതഞ്ഞുപായുമ്പോള്‍,
ഇനി....
ഇനി ഞാനുറങ്ങട്ടെ....  

തിരിച്ചറിവുകള്‍ 
     സി.എന്‍. കുമാര്‍  


മകനെ ഉളിയെറിഞ്ഞു 
കൊന്നതാണെന്ന് 
നിങ്ങള്‍ ഉണ്ടാക്കിയ കെട്ടുകഥ 
എല്ലാരും വിശ്വസിച്ചു ....
ആടിനെ പട്ടിയാക്കുന്ന കാലമല്ലേ...
നുണക്കഥകള്‍ 
എത്ര വേഗത്തിലാണ് 
പരക്കുന്നത്.

ഞാന്‍ അത്രയ്ക്ക് ക്രൂരനാണോ?
നിങ്ങളുടെ ലക്‌ഷ്യം 
എന്റെ തകര്ച്ചയല്ലേ?
അതില്‍ നിങ്ങള്‍ 
വിജയിച്ചു.
തകര്‍ക്കുക മാത്രമല്ല 
വരും തലമുറ 
എന്നെ കൊടുമയുടെ
ദൃഷ്ടാന്തമായി 
ആചരിച്ചു.

അടിയാളനായ 
എന്റെ ചിന്തകള്‍ക്കുമേല്‍
നിങ്ങള്‍ വിതറിയ
അഗ്നിബീജങ്ങള്‍ 

എന്റെ കുലമെരിച്ചത് കണ്ടു
നിങ്ങള്‍ ചിരിച്ചു.
എന്റെ കഴിവിനെ, 
ആത്മവിശ്വാസത്തെ,
നേരിടാന്‍ നിങ്ങള്‍ 
സ്വീകരിച്ചത് 
മനുഷ്യത്വം മരവിയ്ക്കുന്ന
കൌടില്യ തന്ത്രം.

നിങ്ങളില്‍ ഫണം വിടര്‍ത്തിയ 
സവര്‍ണാധിപത്യത്തിന്‍
കരിമൂര്‍ഖന്‍ 
എഴുത്തോലയിലെ 
വരികള്‍ക്കിടയില്‍
പതിയിരിയ്ക്കുന്നത്
ആറാം നേത്രത്തിന്റെ 
തിരശീലയില്‍ തെളിയുന്നു.

ശില്പശാസ്ത്രത്തിലെ
എന്റെ കണ്ടെത്തലുകള്‍
നിങ്ങള്‍ കവര്‍ന്നു
പകരം
എന്റെ ചിതയിലെയ്ക്ക്
കാര്‍ക്കിച്ചു തുപ്പി. 

ഒന്നറിയുക; 
നിങ്ങളൊന്നു തുപ്പിയാല്‍
ഒലിച്ചുപോകുന്നതല്ല
ഞാന്‍ തീര്‍ത്ത മഹാക്ഷേത്രങ്ങള്‍,
സ്നേഹസൌധങ്ങള്‍.

ഐതീഹ്യങ്ങള്‍ ചതിയുടെ 
പണിപ്പുരകളാണെന്നും
അവയൊരിയ്ക്കല്‍
അഗ്നിനാളങ്ങളാല്‍ 
സ്ഫുടം ചെയ്യപ്പെടുമെന്നും 
ഏടുകളില്‍ നിന്നും
കുടിയിറക്കപ്പെടുമെന്നും 
മേഘങ്ങളില്‍ തെളിയുന്ന 
ചുവരെഴുത്തുകള്‍ പറയുന്നു.

ഞാനിപ്പോഴും മനസ്സില്‍ 
കൂട്ടിവച്ച പുത്രസ്നേഹം 
തേച്ചു മിനുക്കി 
ഈ പുഴക്കരയില്‍
കാത്തിരിയ്ക്കുന്നു.

കവിത ജ്വലിക്കുമ്പോള്‍ 

        രജീഷ് പാലവിള 
 
ദന്തഗോപുരങ്ങളില്‍ മരുവി,ദിവാസ്വപ്ന-
ഗന്ധബിംബങ്ങള്‍ക്കൂട്ടി പുളകംകൊള്ളുവാനും..

ചിന്തയിലനുവേലം തന്നെത്താന്‍ നിരൂപിച്ച്

ചന്തത്തില്‍ ചമത്ക്കാരം വരുത്തി രസിക്കാനും ..

പ്രണയോജ്ജ്വലമായ ജീവിതരംഗങ്ങള്‍തന്‍
മധുരസ്മൃതികളില്‍ മലര്‍ന്നു കിടക്കാനും ..

മാനസഭാവാന്തര ശീലവൈകല്യങ്ങളെ
സാഹസമാക്കി സ്വയ,മുയര്‍ത്തിക്കാണിക്കാനും ..

അപഥസഞ്ചാരത്താല്‍ ബുദ്ധിയില്‍ നുരയ്ക്കുന്ന
ലഹരിയ്ക്കിളനീരിന്‍ മധുരം പകരാനും ..

ആത്മഹര്‍ഷങ്ങള്‍പാടി,യപദാനങ്ങള്‍ വാഴ്ത്തി
ആയിരംപൊയ്മുഖങ്ങള്‍ നിറംതേച്ചൊരുക്കാനും ..

തകര്‍ന്ന കിനാക്കള്‍തന്‍വളപ്പൊട്ടുകള്‍വാരി-
പ്പുണര്‍ന്നു കുടുകുടെ കണ്ണുനീരൊഴുക്കാനും ..

ലോകമേ !യെനിക്കൊട്ടു കൊതിയില്ലിടറാതെ
മാനവികതയ്ക്കായി പാടുവാന്‍ വരുന്നു ഞാന്‍ !

ചുറ്റിലും ദാരിദ്യത്തില്‍ രേഖനീണ്ടിഴയുമ്പോള്‍
പറ്റുകില്ലെനിക്കൊരു പൂവിനെ തലോടുവാന്‍ !

ഏതുനേരവുമേതോ ഗൂഢമാംവിഷാദത്തിന്‍
തീയിലേക്കെന്നെത്തള്ളി കവിത ജ്വലിക്കുന്നു !

വിഫലസ്വപ്നാടന വികൃതവിലാസത്തിന്‍
മതിവിഭ്രമംവിട്ടു മണ്ണില്‍ഞാ,നുണരുന്നു !!


 അന്വേഷണം
    അരുണ്‍കുമാര്‍

ശിലകളില്‍ നിന്‍റെ ശാസനമുണ്ടെന്ന് ചിലര്‍ പറഞ്ഞു
ഞാന്‍ ശിലകള്‍ തേടിപ്പോയി-
ഒരു ശിലായുഗ മനുഷ്യന്‍

തിരകളില്‍ നിന്‍റെ വചനമുണ്ടെന്ന് മറ്റ് ചിലര്‍ പറഞ്ഞു
ഞാന്‍ തിരകളുടെ കടല്‍തേടിപ്പോയി-
തീരത്തിന്നുമൊരു യാചകന്‍

മേഘങ്ങളില്‍ നിന്‍റെ മൗനമുണ്ടെന്ന് വീണ്ടും ചിലര്‍ പറഞ്ഞു
ഞാന്‍ മൗനങ്ങളുടെ ആകാശം തേടിപ്പോയി-
സ്വപ്നങ്ങളുടെ മണ്ണുമറന്നവന്‍

പ്രണയത്തിന്‍റെ മിഴിയില്‍ എന്‍റെ മുഖമുണ്ടെന്ന്
അവളെന്നോട് പറഞ്ഞു
ഞാനവളുടെ മിഴികള്‍ നോക്കി നിന്നു-
കഥയില്‍ വീണ്ടുമൊരു ഗാര്‍ഹസ്ഥ്യം

ഞാനെന്നത്
നിന്നിലേക്ക് വരുംവഴി
പൊലിഞ്ഞൊരീണമാകുന്നു
ബ്രഹ്മത്തിന്‍റെ ലിപിയില്‍
സ്‌നേഹത്തിന്‍റെ അക്ഷരത്തെറ്റ്. 

സമാധാനം
ആര്‍. സജീവ് 

 കണ്ണിലാണു കുത്തിയത്;
കണ്ണീര്‍ കൃത്യമായി അളന്നെടുത്തു !
കണ്ണുപൊട്ടിയെന്നവന്‍ പറഞ്ഞു.
ചോരവരുന്നുണ്ടോയെന്ന്
കണ്ണുകള്‍ വിടര്‍ത്തി
അവലോകനം ചെയ്തു ചിരിച്ചു !
തടിച്ചുമലര്‍ന്ന ചുണ്ട്,
ചിരിക്കുമ്പോള്‍ വൃത്തികേടെന്നുകണ്ട്
പകുതിമുറിച്ചു നീക്കി !
ലാസ്യനടനം നടത്തി
വെപ്രാളപ്പെടുന്ന അവന്റെ മാറില്‍
കത്തിയാഴ്ത്തി
മരണം നേരില്‍കണ്ടു പിന്തിരിഞ്ഞു !
സ്വര്‍ഗനരകങ്ങളെക്കുറിച്ച്
ആഴത്തില്‍ ചിന്തിച്ച്
ക്ഷീണിതനായപ്പോള്‍
വെറുേപ്പാടെ,
സ്വപ്നം കാണാതെ ഉറങ്ങി
      
 നിഴല്‍രൂപം
         ബിജു സി മാത്യു

വെറുതെയാവില്ല എന്നു കരുതിയാണ്
പേനയില്‍ മഷി നിറച്ചത്
വിഷയം രുധിരം സമസ്യകള്‍
നാട്ടുവഴി ഞരമ്പുകളില്‍...
വൃത്തബദ്ധമല്ലാത്ത കവിതയാകണം
നീളത്തില്‍ എഴുതിത്തുടങ്ങി
വട്ടത്തിലാകുമെന്ന് കരുതിയതേയില്ല.
മഷിനോട്ടം അറിയാമായിരുന്നെങ്കില്‍
വ്യര്‍ത്ഥമാകുമായിരുന്നില്ലെന്റെയീ മഷിനിറയ്ക്കല്‍
ഇറങ്ങിത്തിരിച്ചതേയുള്ളു എന്നു 
കരുതിയാണ് യാത്ര തുടങ്ങിയത്
മനുഷ്യരെ കാണണം
മനുഷ്യകഥാനുഗായിയാവണം
കണ്ടതെല്ലാം നിഴലുകളഴിയാക്കുരുക്കുകള്‍
കേള്‍ക്കണം ഭാഷണമൊക്കെയും ഭൂഷണം
രമിച്ചില്ലുച്ചസ്ഥായിയില്‍ വാക്കുകളില്ലാത്തവന്റെ 
നിലവിളിയിലെനിക്കൊടുക്കം വഴി പിഴച്ചു.
കൈരേഖാശാസ്ത്രമറിയാമായിരുന്നെങ്കില്‍
തുടക്കം ഇങ്ങനെയുമാകില്ലായിരുന്നു..
പറഞ്ഞുതുടങ്ങിയല്ലോ എന്നു 
കരുതിയാണ്  വാക്കുകള്‍ക്കായി
ഓര്‍മ്മയില്‍ തിരഞ്ഞത്.
പിന്നൊരിക്കലാകാമെന്ന്
ഓരോ നിഴലുകളും തിരക്കിലൊടു-
ങ്ങുമ്പോള്‍ എനിക്കെന്റെ 
കഥയുടെ ഗതി പാടേ മറിഞ്ഞു.
മുഖശാസ്ത്രമറിയാമായിരുന്നെങ്കില്‍
വെറുതേ പറഞ്ഞുതുടങ്ങുമായിരുന്നില്ല.

ഓര്‍മ്മകളുടെ വക്കുകള്‍ പൊടിഞ്ഞ
കല്ലുകള്‍കൊണ്ട് ഇനിയും ഒരു
വീടു കെട്ടുവാനാവില്ലിനി.....

കിനാവും കീര്‍ത്തനങ്ങളുമില്ലാതെ
മൌനം കുടിച്ച് കണ്ണീര്‍ പരല്‍
നുണഞ്ഞ് കഥയില്ലായ്മകളുടെ 
തീരത്തൊരു നിഴലായ്.....

അമ്മയോട് പറയാന്‍
                   കാവ്യശ്രീ

എന്‍റെ മനസ്സില്‍ പ്രകാശമില്ല
പണ്ട്
എന്‍റെ മനസ്സില്‍ നിറയെ
നക്ഷത്രങ്ങളായിരുന്നു
അവ എന്നില്‍ 
പ്രകാശം ചൊരിഞ്ഞിരുന്നു.
ആ നക്ഷത്രത്തൊടു ചൊല്ലിഞാന്‍
എന്‍റെ മനസ്സിലെ സംഗീതമൊക്കെയും

എന്‍റെ മനസ്സില്‍ വര്‍ണ്ണങ്ങളില്ല
പണ്ട് എന്‍റെ മനസ്സില്‍ നിറയെ 
മഴവില്ലുകളായിരുന്നു
അവയെനിക്ക് വര്‍ണങ്ങള്‍ 
പകര്‍ന്നുതന്നിരുന്നു.
ആ മഴവില്ലിനോടു ചൊല്ലി ഞാന്‍
എന്‍റെ മനസ്സിലൊരു പൂക്കാലം

എന്നാലിന്ന്
നക്ഷത്രങ്ങളും മഴവില്ലുകളും
കൊഴിഞ്ഞുപോയിരിക്കുന്നു
കാലമേ നീ ഇത്രവേഗത്തിലെങ്ങോട്ട്?
ഇന്നുഞാന്‍ 
കൂരമ്പുതറച്ച പ്രാവിനെപ്പോല്‍

എന്‍റെ മാനസസരസിലെ മന്ദമാരുതന്‍
ഇന്ന് അലമുറയിടുന്ന ചണ്ഡമാരുതന്‍

എന്‍റെ കണ്ണുകളില്‍ തറയ്ക്കുന്ന
ശരമുനയിലെ രക്തത്തിലും
ആ നക്ഷത്രം മാത്രം
ഇനിയുമുണ്ട് ചൊല്ലുവാന്‍.....
പക്ഷേ
അതിനു കാത്തുനില്‍ക്കാതെ
വിടചൊല്ലിയില്ലെ നീ?

കാഴ്ചകള്‍

സത്യന്‍ കെ

ഓര്‍മയിലെ നദിയില്‍
തിളയ്ക്കുന്ന ജലമാണ്
ആര്‍ദ്രതയുടെ നിലാവ്
എന്നോ മരിച്ചുപോയിരിക്കുന്നു.

സ്വപ്നങ്ങളുടെ ചിറകുകളില്‍
വായ്ത്തലയുടെ മിന്നല്‍
താരാട്ടുപാട്ടില്‍
വിലാപത്തിന്‍റെ സംഗീതം

സൌഹൃദത്തിന്‍റെ
തണലിടങ്ങളില്‍
ചതിയുടെ ഒളിത്താവളങ്ങള്‍

നന്മയുടെ ഒലീവിലകള്‍തേടി
ഞാന്‍ തളര്‍ന്നു.
വിശുദ്ധപാത്രങ്ങളില്‍
നിറയുന്നത്
ശപിക്കപ്പെട്ടവന്‍റെ രക്തം
വഴികളില്‍ ഇനി
പാഥേയം കാത്തിരിക്കേണ്ട
കാരുണ്യവൃക്ഷത്തിന്‍റെ
അവസാന ശിഖരവും
അറ്റുവീണു.

ഈ സമുദ്രത്തിനിരുപുറവും
നിന്നുകൊണ്ട്
നമുക്ക് പ്രകാശംകൊണ്ടൊരു
കടല്‍പ്പാലം തീര്‍ക്കാം

 നിലതെറ്റുന്ന രാശിചക്രങ്ങള്‍ 


    രജീഷ് പാലവിള  

വെളുവെളെയാകാശ,മുഷ്ണവാതം !കൊടും-
വറുതിയിലേക്കീ ദിനപ്രവാഹം !!

ദലമര്‍മ്മരങ്ങളപശ്രുതി!നിലമുട്ടി -

യുഴറുകയാണീ മഹാപ്രകൃതി !!

കുടിനീരിന്‍ഉറവയില്‍മധുരംനിറച്ചുപൂ-
ങ്കുളിരുമായി പെയ്യൂ തുലാവര്‍ഷമേ !!

ഇരുളാര്‍ന്നമേഘമാ,യിന്ദ്രധനുസ്സുമാ-
യിടതൂര്‍ന്നു പെയ്യൂ ..മഹാവര്‍ഷമേ !വറുമത്തുയിര്‍പോക്കി മിന്നല്‍ക്കൊടിയുമായി-
ത്തുടുതുടെ പെയ്യൂ ..പെരുംവര്‍ഷമേ !
താന്തമാം മണ്ണിന്‍ഞരമ്പിലൂടൂര്‍ന്നുശോ-
കാന്തമിരമ്പൂ..പ്രഭാവര്‍ഷമേ !!

നിലതെറ്റിവീഴുമീരാശിചക്രത്തില്‍ നീ 
തുലയാതെ പെയ്യൂ ..തുലാവര്‍ഷമേ !!

---------------------------------------------

വഴിമാറിപ്പോകാറ്റെ ! ഇവിടെത്തണുത്തുറ-
ഞ്ഞിടിവെട്ടി പെയ്യട്ടെ കാലവര്‍ഷം !!

കൊതിതീരെപെയ്യുമ്പോള്‍ കോരിത്തരിച്ചെന്റെ 
കടലാസുവള്ളങ്ങള്‍ ഞാനൊഴുക്കും !!


  കൗമാരം

  ജി. രാധാകൃഷ്ണപിള്ള


തത്രപ്പെടുവാനെന്തുണ്ടിത്ര-
ക്കെന്നേ നിന്നു ചിരിപ്പൂ കാലം

അതുകേള്‍ക്കെപ്പുനരെന്നുടെ പാദം
വഴിയറിയാതിങ്ങിടറീടുന്നു...
ഒന്നു ചിരിക്കാനാഞ്ഞ വസന്തം
ചുണ്ടു വിതുമ്പി വിറച്ചീടുന്നു.
പനിനീര്‍മൊട്ടിന്‍ കണ്‍പീലികളില്‍
കണ്ണീര്‍ക്കണമൊന്നിറ്റു വിതുമ്പീ.

തീക്കൊള്ളിക്കരിതേച്ചുവരച്ചോ-
രെന്നുടെ മീശ വിയര്‍പ്പു തുടച്ചു
തത്രപ്പെടുവാനെന്തുണ്ടിത്ര-
ക്കെന്നേ നിന്നു ചിരിപ്പൂ കാലം
കാലത്തിന്റെ നിഗൂഡകരങ്ങളില്‍
വാര്‍ദ്ധക്യത്തിന്‍ ചമയക്കോപ്പുകള്‍.



1 comment: