പുസ്തകനിരൂപണം


 ഭാവിയുടെ മരുന്ന്
   എം.കെ.ഹരികുമാര്‍ 
  ഇപ്പോഴും നോവലിലൂടെമാത്രം പറയേണ്ട ചില കാര്യങ്ങളുണ്ട്. നൂറ്റാണ്ടിന്റെ എഴുത്തിനിടയില്‍ കവിതയും കഥയും അല്പമൊന്നു കാലിടറിയോ എന്ന് സംശയമുണ്ട്. പ്രമുഖ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളില്‍ പലതും ആഴ്ചതോറുമുള്ള അവരുടെ കഥ ഉപേക്ഷിച്ചിരിക്കയാണ്. കഥയ്ക്ക് പഴയപോലെ മാര്‍ക്കറ്റ് ഇല്ല. മോപ്പസാങ്ങ്, ഹെമിംഗ്‌വേ, ഹെര്‍മ്മന്‍ ഹെസ്സേ തുടങ്ങിയവര്‍ക്ക്‌ശേഷം ചെറുകഥ വലിയൊരു സ്വാധീനശക്തി ആയിട്ടില്ല. ഒരു ജൂംബാ ലാഹിരി (ഖവൗായമ ഘമവശൃശ) യോ, ആലീസ് മുണ്‍റോ യോ ഉണ്ടായേക്കാം.
    നോവലുകളുടെ കാലമാണിത്. ചെറിയ നോവലുകള്‍ പോലുമല്ല; വലിയ നോവലുകള്‍ യഥേഷ്ടം പുറത്തുവരുന്നു. ഡേവിഡ് ഡേവിഡാര്‍ ന്റെ 'The House of Blue Mangos'എന്ന നോവല്‍ എത്രയോ ചര്‍ച്ച ചെയ്യപ്പെട്ടു. ശശി തരൂരിന്റെയും വിക്രം സേത്തിന്റെയും നോവലുകള്‍ക്കു പിന്നാലെ അരുന്ധതി റോയിയും നോവലിന്റെ വിപണിമൂല്യം വര്‍ദ്ധിപ്പിച്ചു.
    ലോകത്തിലെ വിവിധഭാഷകളില്‍ പാവിലോ കോയ്‌ലോ  തന്റെ നോവലുകളിലൂടെ ഉയര്‍ത്തിവിട്ട അല ഇ പ്പോഴും അവസാനിക്കുന്നില്ല. നോവല്‍ പല പരീക്ഷണത്തിനും വേദിയാകുകയാണ്. സൂക്ഷിച്ചു നോക്കിയാല്‍ ഇതിനു തുല്യമായി കഥയിലോ കവിതയിലോ വലിയൊരു പരീക്ഷണം സംഭവിക്കുന്നില്ല. കവിതയിലെ പരീക്ഷണം ഏതാണ്ട് അവസാനിച്ചു. കഥയില്‍ നടക്കുന്ന പരീക്ഷണങ്ങള്‍ നോവലിനെ അപേക്ഷിച്ച് ദുര്‍ബ്ബലമായിത്തീര്‍ന്നു.
    നോവലിന്റെ ആഖ്യാനം, പ്രമേയം എന്നിവയുടെ ഇലാസ്തികതയാണ് കാരണം. ഈ ഇലാസ്തികത കവിതയുടെ കാവ്യാത്മകതയെ വലിച്ചൂറ്റിയെടുത്തിരിക്കുകയാണ്. ഈ സന്ദര്‍ഭത്തിലാണ്, സ്വാനുഭവങ്ങളിലൂന്നി നിന്ന് ലോകത്തോട് കഥ പറയുന്ന ഫക്രുദ്ധീന്‍ കൊടുങ്ങല്ലൂരിന്റെ 'ദൈവം കണ്ണുചിമ്മിയ നേരത്ത്' ശ്രദ്ധേയമാകുന്നത്. ഫക്രുദ്ധീന് വികാരവിക്ഷോഭത്തിലൂടെ നീന്തിക്കടക്കാനറിയാം. തന്റെ അനുഭവമാകുന്ന കടലില്‍ കരതേടി അദ്ദേഹം അലയുമ്പോള്‍, എല്ലാം വികാരസ്പര്‍ശിയായി അദ്ദേഹം ചിത്രീകരിക്കുന്നു.
    ജീവിതത്തിന്റെ ദയയില്ലാത്ത, അതിശയിപ്പിക്കാത്ത ഭാവങ്ങള്‍ നിശിതമായിത്തന്നെ ഫക്രുദ്ധീന്‍ എഴുതിയിട്ടുണ്ട്. മനുഷ്യന്‍ എത്രയോ നിസ്സാരജീവിയാണ് എന്ന് ഈ നോവല്‍ വായിക്കുന്നതോടെ നമുക്കു തോന്നും. താന്‍ വിവരിക്കുന്ന ഇതര വസ്തുക്കളിലേക്കുകൂടി നോവലിസ്റ്റിന്റെ മനുഷ്യത്വപരമായ കാഴ്ച നീണ്ടുചെല്ലുന്നു. കടലിനെപ്പറ്റി പറയുന്ന ഭാഗം ഇതാണ്:
    'നടത്തം അവസാനിച്ചത്, ഭയാനകമുഴക്കത്തോടെ ഭീമാകാരചുരുള്‍ ചുരുണ്ട് ഉഗ്രരൂപിയായി സംഹാരവാഞ്ചയോടെ പാഞ്ഞടുക്കുമ്പോള്‍ ഇടയ്ക്കുവച്ച് ഒരു നിയോഗമെന്നപോലെ നിഷ്‌ക്കരുണം നുരയും പതയുമായി പരിണമിച്ച് പരാജയഭീതിയോടെ പിന്തിരിയുകയും, ഉടനെതന്നെ പിന്നെയും സന്നാഹം കൂട്ടുകയും ചെയ്യുന്ന ആഴിയുടെ വായാടിയായ തിരമാലകള്‍ക്കു മുമ്പില്‍',
    ഫക്രുദ്ധീന്‍ വിവരിക്കുന്ന കടല്‍ ഒരു  മനുഷ്യഭാവത്തെയാകെ ഉള്‍ക്കൊള്ളുന്നുണ്ട്. മനുഷ്യനെ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത് സാഹസമാണ്. എങ്കിലും അതല്ലേ പറ്റൂ. എപ്പോഴും, നാമെന്താണോ പറഞ്ഞുവയ്ക്കുന്നത്, അതിനെത്തന്നെ തകര്‍ത്തുകൊണ്ട് നാം മറ്റൊന്നായി മാറും. അവന്റെ കാലുകള്‍ അമീബയുടേതുപോലെയാണ്. അവനെ അവനുപോലും നിയന്ത്രിക്കാന്‍ കഴിയില്ല. ഈ നോവലിലെ തോമയുടെ കാലുകളും അമീബയുടേതു തന്നെയാണ്. അയാള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എങ്ങോട്ടെന്നറിയില്ല. അയാളുടെതന്നെ തോന്നലുകളുടെ സൃഷ്ടിയാണ് അയാള്‍.
    അയാള്‍ സ്വയം വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: 'അങ്ങനെ ദൈവത്തിന്റെ ദൃഷ്ടിയിലും കണക്കിലും പെടാതെ സൃഷ്ടിവിരുദ്ധമായി അതിക്രമിച്ചിറങ്ങിവന്നവനാണ് താനീ ഭൂമിയില്‍.'
    സ്വന്തം ഗതിഭ്രംശങ്ങളെ ഏത് വിധത്തിലും അയാള്‍ ആസ്വദിക്കുകയും ചെയ്യുന്നു. ഒരര്‍ത്ഥത്തില്‍ നന്മതിന്മകളെ തോമ മറികടക്കുകയാണ്. പശ്ചാത്തലത്തില്‍, ജീവിതത്തിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് അയാള്‍ താങ്ങായി കൂടെനിര്‍ത്തുന്നത്. അവനവനോടുതന്നെ തര്‍ക്കിച്ച് ഒരു സാധൂകരണത്തിലെത്താമോ എന്ന ചിന്ത ഇവിടെയുണ്ട്. ഒരിക്കലും അവസാനിക്കാത്ത തര്‍ക്കങ്ങള്‍.
    മനസ്സില്‍ തളംകെട്ടി നിര്‍ത്തിയിരിക്കുന്ന ദുഃഖം നമ്മുടെ മൂല്യമാണോ? എങ്കില്‍ ആ ദുഃഖം പെയ്തുകഴിഞ്ഞാല്‍ നാം മറ്റൊരാളാകുമോ?  തോമ സ്വന്തം ദുഃഖത്തിനുമേല്‍ ചില വിജയങ്ങള്‍ നേടിയവനാണ്, മറ്റാരുടെയും കാഴ്ചപ്പാടിലും, സ്വന്തം ചിന്തയിലും കാഴ്ചപ്പാടിലും.
    ലോകം സമ്പത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യരെ വിലയിരുത്തുന്ന ഈ കാലത്തിനെതിരെയുള്ള ഒന്നാംതരം പ്രഹരമാണ് ഫക്രുദ്ധീന്റെ ഈ നോവല്‍. ലോകം ആരുടേതുമല്ല. നമ്മള്‍ വെറും വാടകവീട്ടിലെ താമസക്കാരാണ്. നമുക്ക് ഒന്നും സ്വന്തമായി ഇല്ല. ഉള്ളതെല്ലാം ചെലവാക്കിക്കളയാനുള്ളതു മാത്രം. ഫക്രുദ്ധീന്റെ വീക്ഷണം ഈ നോവലില്‍ ഇങ്ങനെ വായിക്കാം:
    'ഈ ലോകവും ഭൂമിയുമൊന്നും ആരുടേയും സ്വകാര്യസ്വത്തല്ല. സമ്പത്തിന്റെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടെന്നത് ശരിതന്നെ. പക്ഷേ അതനുസരിച്ച്, ആള് വലുതാകുകയോ ചെറുതാകുകയോ ചെയ്യുന്നില്ലല്ലോ? അതിനാര്‍ക്കും കഴിയുകേമില്ല. ചുരുക്കത്തില്‍ ആരുമിവിടെ വലിയവനുമല്ല, ചെറിയവനുമല്ല. പക്ഷേ മനസ്സിനെ വലുതാക്കാന്‍ കഴിയും, എത്ര വേണമെങ്കിലും. ആരും അതിനു തുനിയില്ലെന്നുള്ളതാണ് സത്യം.'
    ലോകത്തോട് ഈ നോവലിസ്റ്റ് പറയുന്ന സന്ദേശം എത്രയോ ലളിതവും ദീപ്തവും അഗാധവുമാണ്. എല്ലാ ചെറിയ കാര്യങ്ങളും മാറ്റിവച്ച് നിങ്ങള്‍ മാനസികമായി വളര്‍ച്ചനേടൂ എന്ന ആത്മീയപാത ആദ്ദേഹത്തിനുണ്ട്. ഭാവിയുടെ മരുന്നാണിത്.

 
വാക്കുകളെ അനുഭവമാക്കുന്ന പുസ്തകം

          ശ്രീകുമാര്‍ പി.എസ് 

വലിയൊരു സന്ദിഗ്ദ്ധാവസ്ഥയെ മറികടക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു കവിതയുടെ സമീപഭൂതകാലം. പരസ്പരബന്ധമില്ലാത്ത വാക്കുകളുടെ അടുക്ക് കവിതയാകുമെന്നും അതില്‍ അര്‍ത്ഥങ്ങളുടെ അനന്തസാദ്ധ്യതകള്‍ കണ്ടെത്തി നിരൂപകര്‍ കവിതയുടെ ലക്ഷ്യം പൂര്‍ത്തീകരിച്ചുകൊള്ളുമെന്നുമുള്ള തെറ്റിദ്ധാരണയിലായിരുന്നു പുതുകവിതാലോകം. ഈ അബദ്ധധാരണ കവിതയെന്നു കണ്ടാല്‍ പേജു മറിക്കുന്ന അവസ്ഥയിലേക്ക് ബഹുഭൂരിപക്ഷം വായനക്കാരെയും കൊണ്ടെത്തിച്ചു. യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ പല എഴുത്തുകാരും കവിതയിലേക്ക് തിരികെ മടങ്ങി.
എന്നാല്‍ ഇത്തരം ഭ്രമങ്ങളില്‍ ശ്രദ്ധിക്കാതെ കാലത്തിന്റെ പ്രലോഭനങ്ങളെ ചെറുത്ത് കവിതയുടെ വഴിയിലൂടെ സാഹസികയാത്ര ചെയ്യുന്ന ചിലരുണ്ട്. അവര്‍ക്ക് പ്രതിബദ്ധത കവിതയോട് മാത്രമാണ്. പ്രസ്ഥാനങ്ങളുടെ തണലിടങ്ങളില്‍ അവര്‍ കവിതയെ പ്രതിഷ്ഠിക്കാറില്ല. ശ്രീ. ബക്കര്‍ മേത്തല ആദ്യവസാനം കവിയാണ്. എന്നാല്‍ കവിതയുടെ ധാരാളിത്തംകൊണ്ട് ഈ എഴുത്തുകാരന്‍ തന്റെ സാന്നിദ്ധ്യം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നില്ല. അത് നിശ്ശബ്ദമായ ഒരു മുറിവായി വായനക്കാരുടെ ഹൃദയത്തില്‍ അസ്വസ്ഥത പടര്‍ത്തിക്കൊണ്ടേയിരിക്കുന്നു. 'കടല്‍ജലം' എന്ന എന്ന കവിതാസമാഹാരം കവിതയുടെ കടല്‍ സാന്നിദ്ധ്യവും ജീവിതത്തിന്റെ ജലസാന്നിദ്ധ്യവുംകൊണ്ട് വായനയെ സംഘര്‍ഷഭരിതമാക്കുന്ന കൃതിയാണ്.
താന്‍ ജീവിക്കുന്ന കാലത്തിന്റെ കെടുതികളെ വാക്കുകള്‍കൊണ്ട് അനുഭവമാക്കുകയാണ് ബക്കര്‍. മേത്തല. ചില കവിതകള്‍ നമ്മുടെ സ്വാസ്ഥ്യനിദ്രയെ വല്ലാതെ സ്പര്‍ശിച്ചുണര്‍ത്തുന്നു. കിണര്‍ എന്ന കവിത ഉദാഹരണം. ഇന്നലെ എന്റെ കിണര്‍ ആത്മഹത്യ ചെയ്തു എന്ന ആദ്യവരിമുതല്‍ വായനക്കാരന്‍ അശാന്തിയിലാകുന്നു. വര്‍ത്തമാനകാലത്തിന്റെ ദുരന്തപര്‍വ്വങ്ങളെ നിരന്തരം ഏറ്റുവാങ്ങി മനംമടുക്കുന്ന കിണര്‍ ഒടുവില്‍ ആത്മഹത്യ ചെയ്ത് ജീവിതവുമായി തെറ്റിപ്പിരിയുന്നു. സ്വബോധത്തിന്റെ തുലനാവസ്ഥയുമായി ജീവിക്കുവാന്‍ കഴിയാതെ പോകുന്ന ഒരാള്‍ക്ക് നമ്മുടേതുപോലൊരു കാലഘട്ടത്തില്‍ മറ്റെന്താണ് ചെയ്യാനാവുക?  ഇവിടെ കിണര്‍ ഒരു രൂപകമാണ്. ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഏറ്റവും ഭയാനകമായ യുദ്ധങ്ങള്‍ ജലത്തിനു വേണ്ടിയായിരിക്കുമെന്ന പ്രവചനങ്ങളുമായി ഈ കവിത കൂട്ടിവായിക്കപ്പെടേണ്ടതുണ്ട്. നദിയും പുഴയും കടലും ഇങ്ങനെ ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കാതിരിക്കാന്‍ ഇതൊരൊരോര്‍മ്മപ്പെടുത്തലാണ്.
ജീവിതത്തിനു വന്നുഭവിക്കുന്ന വിപര്യയങ്ങളെ അര്‍ത്ഥവ്യാപ്തിയോടെ അവതരിപ്പിക്കുന്ന കവിതയാണ് വിരലുകള്‍. ഒരു നാള്‍ ക്യൂട്ടക്‌സിന്റെ സുതാര്യതയില്‍/ഒലീവെണ്ണയുടെ നിറമുള്ള /നഖത്തോടെ തിളങ്ങിയത്/ നൃത്തവേദിയില്‍ മുദ്രകള്‍ തീര്‍ത്തത്/രുദ്രവീണകള്‍ മീട്ടിയത്/ താരാട്ടിയത്, തഴുകിയത്. എന്നാല്‍ ഇതേ വിലുകള്‍, സ്വയം ഒടുങ്ങുന്നതിന്റെ കുരുക്കുകള്‍ തീര്‍ക്കാനും ഉപയോഗിക്കേണ്ടി വരുമ്പോള്‍ ജീവിതത്തിന്റെ ഒരിക്കലും പിടികിട്ടാത്ത വ്യാകരണനിയമങ്ങളോര്‍ത്ത് നാം വ്യാകുലപ്പെടുന്നു.
ആലങ്കാരികതയുടെ ആഡംബരമല്ല ബക്കര്‍മേത്തലയ്ക്ക് കവിത. എന്തെഴുതുമ്പോഴും അതില്‍ കവിതയുടെ ഹരിതസാന്നിദ്ധ്യമുണ്ടാവണമെന്ന് ഈ കവിക്ക് നിര്‍ബ്ബന്ധമുണ്ട്. നെഞ്ചു കീറുന്ന നിലവിളിയിലും  കത്തിയമരുന്ന സ്വപ്നങ്ങളിലും പ്രതിഷേധത്തിന്റെ മിന്നല്‍പ്പിണരുകളിലും കവി ഈ ജൈവസാന്നിദ്ധ്യമുറപ്പിക്കുന്നു. എഴുതുവാന്‍ വേണ്ടിയുള്ള കവിതയല്ല, കവിതയ്ക്ക് വേണ്ടിയുള്ള എഴുത്താണ് ബക്കര്‍ മേത്തലയുടേത്.  അത് ഭൂതകാലത്തില്‍ നിന്നും ഊര്‍ജ്ജം സംഭരിച്ച് വര്‍ത്തകാലകാലത്തിന്റെ നേരറിവുകളിലൂടെ ഭാവിയുടെ സന്ദിഗ്ദ്ധാവസ്ഥയിലേക്കാണ് സഞ്ചരിക്കുന്നത്. അപ്പോഴും ഈ കവി ജീവിതത്തെ വല്ലാതെ പ്രണയിച്ചുപോവുകയാണ്. പക്ഷേ എത്ര ബലം പ്രയോഗിച്ചിട്ടും/ഈ താളുകള്‍ പറിഞ്ഞുപോരുന്നില്ല/ ഞാനീ പുസ്തകം മാറോടു ചേര്‍ക്കുന്നു/കാരണം ഇതെന്റെ വേദപുസ്തകമാണ്. ഇതെന്റെ ജീവിതമാണ്. (സ്‌നേഹത്തിന്റെ പുസ്തകം). ജീവിതത്തെ മാറോടു ചേര്‍ക്കുന്ന ഒരാള്‍ക്ക് ശുഭാപ്തിവിശ്വാസിയാകാതെ വയ്യ. അതുകൊണ്ടാണ് ഇനിയാര്‍ക്കുവേണ്ടിയെന്‍ ജീവിതം എന്നെഴുതേണ്ടിവരുമ്പോഴും അപ്പോള്‍/ഇരുട്ടിന്റെ വള്ളികള്‍/സൗമ്യമായും/ സങ്കടമായും /അവളില്‍പടര്‍ന്ന് പൂക്കാന്‍ തുടങ്ങി എന്ന പ്രത്യാശയുടെ സ്വരവ്യഞജനങ്ങള്‍ ഒഴിവാക്കാന്‍ കവിക്ക് കഴിയാതെ പോകുന്നത്.
 കവിതയുടെ പാരമ്പര്യസരണിയില്‍നിന്നും ഊര്‍ജ്ജം സ്വീകരിച്ചാണ് ബക്കര്‍ മേത്തല വര്‍ത്തമാനകാലത്തിന്റെ ഉഷ്ണപ്രവാഹങ്ങളിലേക്ക് കവിതയെ കൈപിടിച്ചു നടത്തുന്നത്. പറച്ചിത്തോറ്റം, വിത്തും കൈക്കോട്ടും, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തുടങ്ങിയ കവിതകളിലെ നാടന്‍ ശീലുകളും ശൈലികളും ഈയൊരു യാഥാര്‍ത്ഥ്യത്തിലേക്കുള്ള സൂചകങ്ങളാണ്. കെ.ഇ.എന്‍. കുഞ്ഞഹമ്മദിന്റെയും സുനില്‍ പി ഇളയിടത്തിന്റെയും  ആമുഖ പഠനങ്ങള്‍ കവിതയുടെ ഈ പുസ്തകത്തിന്റെ ആത്മാവിനെ കണ്ടെത്തുന്നതില്‍ വിജയിച്ചിരിക്കുന്നു. ഒപ്പം നല്ല പുസ്തകങ്ങള്‍ കാത്തിരിക്കുന്ന വായനക്കാര്‍ നിരാശപ്പെടേണ്ടതില്ല എന്ന പ്രത്യാശയും കടല്‍ജലം നല്‍കുന്നു.
കടല്‍ജലം
ബക്കര്‍ മേത്തല
ഗ്രീന്‍ ബുക്‌സ്, തൃശ്ശൂര്‍
വില70 രൂപ



പുതുമയുടെ കാവ്യചിഹ്നങ്ങള്‍ അടയാളപ്പെടുത്തുന്ന കവിതകള്‍

                                                               സുനില്‍ സി.ഇ
 
മോഹനകൃഷ്ണന്‍ കാലടിയുടെ  മുപ്പത്തിയെട്ട് കവിതകളുടെ കാവ്യവിരുന്നാണ് മഴപ്പൊട്ടന്‍. ഇപ്പോള്‍ കവിതയ്ക്ക് ബ്രാന്‍ഡുകളില്ലെന്നും ഒറ്റിക്കൊടുക്കപ്പെട്ട മിത്തിന്റെയും കല്പിച്ചുപോയ ദാര്‍ശനികതയുടെയും കുത്തൊഴുക്കില്ലെന്നുമൊക്കെ ഉറക്കെ പ്രഖ്യാപിക്കുന്ന കവിതാസമാഹാരമാണിത്. ഒരു ബിംബത്തെയും ഈ കവി വളച്ചു വീഴ്ത്തുന്നില്ല. ലിപികളെ മടക്കി ഒട്ടിക്കുന്നില്ല. കോങ്കണ്ണുള്ള കവിതകളെ ഈ കവി ബോധപൂര്‍വ്വം നിരാകരിക്കുന്നു. അലക്കി തേച്ച എക്‌സിക്യൂട്ടീവ് ഭാഷയില്ല ഈ കവിക്ക്. ഖദറിട്ട ജഡഭാവനയുമില്ല. മറിച്ച് മിതത്വത്തിന്റെ ഓരങ്ങളിലിരുന്ന് കവിതയ്ക്കുവേണ്ടി ശ്രമിക്കുകയാണീ കവി.
കവിതയുടെ നേരിയ ഇഴകളുമായി ഈ കവി ജീവിതത്തിന്റെ കടുത്ത കാഴ്ചകള്‍ക്കു കാവലിരിക്കുന്നു. ജീവിതത്തിന്റെ ഇരുണ്ട പ്രതലങ്ങളിലേക്ക് നിലാവ് ഇറ്റിക്കുന്ന ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കവിതയാണ് മണിയോര്‍ഡര്‍. ദുരിതം പിടിച്ച ജീവിതത്തിലെ ചില പിഴുതുമാറ്റലുകളെക്കുറിച്ച് ആകുലപ്പെടുന്നുണ്ട് കവി. പല കവിതകളിലും പൊരിയുന്ന ഉത്തരാധുനിക ഭാഷയെ ഞെരിച്ചു കളയുന്നു. ഉസ്‌കൂള്‍, കുട എന്നീ കവിതകളിലേക്ക് വരുമ്പോള്‍ നാട്യങ്ങളുടെ വളയമിട്ട് അലങ്കരിക്കുന്ന കവിതയുടെ അമ്ലഗന്ധങ്ങളെയും തിളക്കങ്ങളെയും ഒക്കെ കവിതയ്ക്ക് പുറത്തു നിര്‍ത്തുന്ന കവിയെ നാം കണ്ടുമുട്ടുന്നു.
ഒന്നാനാം കുന്ന്, കറുത്ത തുമ്പകള്‍ എന്നീ കവിതകള്‍ ഗ്രാമജീവിതത്തിന്റെ ഹരിതവര്‍ണ്ണനകള്‍ കൊണ്ട് കത്തുന്ന മനുഷ്യജന്മങ്ങളുടെ വില കോറിയിടാന്‍ ശ്രമിക്കുകയാണ്. ഭൗതികതയില്‍ വീര്യമുള്ള ഇന്ധനങ്ങള്‍ നിറയ്ക്കുകയാണീ കവി. ബള്‍ക്ക് കവിതകളുടെ കാലം കഴിഞ്ഞുവെന്ന് ഓര്‍മ്മപ്പെടുത്തുന്നവയാണ് മറ്റൊന്നുമല്ല, ഇലയും കിളിയും, ഏട്ടന്‍, കണ്ണനാമുണ്ണി, കടലാസ്സ്, സൗന്ദര്യലഹരി, പാരലല്‍കോളേജ് എന്നീ കവിതകള്‍. പക്ഷെ ഈ കവിതകളുടെയൊക്കെ കാവ്യാനുഭവം വിസ്തൃതമാണ്. ഇവിടെയും ദാര്‍ശനികതയുടെ മേലുടുപ്പുകളെ ഊരിയെറിയുന്നു. പകരം വരികള്‍ക്കിടയിലെ നേരിയ ഇടങ്ങളില്‍ ദര്‍ശനങ്ങളുടെ സ്വരചേര്‍ച്ചകള്‍കൊണ്ട് കൊത്തുവേല ചെയ്യുന്നു.
ഈ കാവ്യസമാഹാരത്തിലെ ഓരോ വാക്കും ലാളിത്യം പുതച്ചുകിടക്കുന്നു. അതുകൊണ്ടുതന്നെ ഓരോ കവിതയില്‍ നിന്നും പുതുമയുടെ വെളിച്ചം ഊര്‍ന്നു വരുന്നു. തമോഗര്‍ത്തം എന്ന കവിതയില്‍ ചില ദളിത് അനുഭവങ്ങളുടെ കാവ്യസാക്ഷ്യങ്ങള്‍ രൂപപ്പെടുന്നുണ്ട്. തത്തമ്മേ പൂച്ച പൂച്ച എന്ന കവിതയില്‍ ദുരിതങ്ങളുടെ നിരതെറ്റാത്ത എഴുന്നള്ളിപ്പുകളെ കൈമാറാന്‍ കവിതയില്‍ അലങ്കാരങ്ങളുടെ അതിപ്രസരം ആവശ്യമില്ലായെന്ന് ബോധ്യപ്പെടുത്തുന്നു. വേറിട്ട ചേരുവകള്‍ കൊണ്ട് സമ്പന്നമാണ് ദാഹസാക്ഷി എന്ന കവിത. വാക്കുകളെ ജീവിതത്തിന് നേരെ നീട്ടിപ്പിടിച്ച നിയന്ത്രിത ചിഹ്നങ്ങളാക്കാന്‍ കഴിയുന്നതിലൂടെ മോഹനകൃഷ്ണന്‍ കാലടി പുതുകവിതയുടെ ശക്തനായ വക്താവാകുന്നു.
ആത്മാവിന്റെ മിടിപ്പുകള്‍ കവിതയായി സ്വയം രൂപപ്പെടുകയാണ്. അതുകൊണ്ടാണ് ഈ കവിതകളില്‍ ഉപയോഗിച്ചിരിക്കുന്ന ഓരോ പദവും അഴിച്ചെടുത്ത് ജീവിതത്തോട് ചേര്‍ത്തു തുന്നുവാന്‍ നാം നിര്‍ബന്ധിതരാകുന്നത്. അനുഭവങ്ങളുടെ നിരന്തര പരിചയവും അവ സമ്മാനിക്കുന്ന മൗനത്തില്‍ ചാരി നില്‍ക്കുന്നതുവഴി ലഭ്യമാകുന്ന ആത്മാനുരാഗവും ഈ കവിതകളില്‍ ആസ്വാദകന്‍ കണ്ടെടുക്കുന്നു. ഭൂമിയിലെ ഇല്ലായ്മകളെക്കുറിച്ചല്ല മറിച്ച് യാഥാര്‍ത്ഥ്യങ്ങളുടെ ഇടങ്ങളെ തൊട്ടറിയാന്‍ ശ്രമിക്കുകയാണീ കവി. അതുകൊണ്ടാണ് മഴപ്പൊട്ടന്‍ എന്ന കാവ്യസമാഹാരത്തില്‍ കൃത്രിമചേഷ്ടകള്‍ നാം കാണാത്തത്. അനുഭവങ്ങളുടെയും നോട്ടങ്ങളുടേയും ഓര്‍മ്മകളുടെയും വേരറുക്കാതെ തന്നെ പിഴുതു തരുന്നു  കവി. അതുകൊണ്ടാണ് കോതി ചിട്ടപ്പെടുത്താത്ത ഈ ഭാഷാശൈലിയുമായി ആസ്വാദകന്‍ പ്രണയത്തിലാകുന്നത്. തീര്‍ച്ചയായും മോഹനകൃഷ്ണന്റെ മഴപ്പൊട്ടന്‍  എന്ന  കാവ്യസമാഹാരം പുതുമയുടെ കാവ്യചിഹ്നങ്ങള്‍ അടയാളപ്പെടുത്തുന്ന കവിതകള്‍ കൊണ്ട് സമൃദ്ധമാണ്..



മഴപ്പൊട്ടന്‍ (കവിതകള്‍)
മോഹനകൃഷ്ണന്‍ കാലടി
ഡി.സി.ബുക്സ്, കോട്ടയം 
വില : 35 രൂപ

                           രണ്ടു മൊഴിമാറ്റങ്ങള്‍
                                                        അരുണ്‍ ബി


മലയാള വായനയുടെ ഗൗരവമായ നോട്ടം ഇപ്പോള്‍ നമ്മുടെ സാഹിത്യകൃതികളുടെ നേര്‍ക്കാകുന്നില്ല. അത്, മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും ലോകഭാഷകളിലേക്കും തിരിഞ്ഞിരിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ തെളിവാണിന്ന് വിവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത. നമ്മുടെ രചനകളില്‍ നിന്നും നൈസര്‍ഗ്ഗികതയുടെ രമ്യമായ പൂക്കാലങ്ങള്‍ വരണ്ടു പോകുന്നതാണിതിന് കാരണം. ബുദ്ധിയുടെ വക്ര സഞ്ചാരങ്ങളും ലിംഗ-യോനീ കേന്ദ്രീകൃതമാകുന്ന രചനാ വൈകൃതങ്ങളും നമ്മുടെ വായനയുടെ അന്തസ്സ് കെടുത്തിക്കളയുന്നതിനെതിരായ സഹനനിഷേധമാണീ വഴിത്തിരിവെന്നു പറയാം. ഗ്രീന്‍ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ബംഗാളി നോവല്‍ വിവര്‍ത്തനങ്ങളായ ജരാസന്ധന്റെ ഇരുമ്പഴികളെയും യശ്പാലിന്റെ ചിലന്തിവലയേയും മുന്‍നിര്‍ത്തിയാണിങ്ങനെ പറയേണ്ടിവന്നത്. ഈ കാലയളവില്‍  നമ്മുടെ മുഖ്യധാരാ പ്രസാധകര്‍ വഴി പുറത്തിറക്കപ്പെട്ടപ്രശസ്തരുടെ പല രചനകളും അംഗീകാരത്തില്‍ പുകള്‍കൊള്ളാതെ പോവുകയും മൊഴിമാറ്റങ്ങള്‍ സ്വീകരിക്കപ്പെടുകയും ചെയ്യുന്നിടത്താണ് ഈ അഭിപ്രായം സാധുവായി തീരുന്നത്. വാസ്തവത്തില്‍ നമ്മുടെ എഴുത്തുകാരില്‍ നിന്നും പ്രത്യേകിച്ചും പുതിയ എഴുത്തുകാരുടെ എഴുത്തിടങ്ങളില്‍ നിന്നും നമ്മുടെ മണ്ണിന്റെ ജൈവപരിസരങ്ങളും സംസ്‌കാരത്തിന്റെ ലാവണ്യധാരകളും ജീവിതകാഴ്ചകളും ഭാഷയുടെ സൗകുമാര്യവും നഷ്ടപ്പെട്ടുപോകുന്നതിന്റെ പ്രശ്‌നമാണിത്. അതു സൃഷ്ടിക്കുന്ന പുതിയ പരിസരവും അവബോധവുമാകട്ടെ അടിത്തറയുടെ സുസ്ഥിരത ഇല്ലാത്തതും കാറ്റിലിളകിപോകുന്ന മേല്‍ക്കൂരപോലെ ദുര്‍ബ്ബലവുമായിരിക്കുന്നു. അങ്ങനെ അത് സ്വയം പ്രതിലോമകരമായി മാറുമ്പോള്‍ വായനക്കാര്‍ സ്വീകരിക്കുന്ന പുതിയ പോംവഴിയാണിതെന്ന് പറയാം.
ആധുനിക ബംഗാളി എഴുത്തുകാരില്‍ പ്രമുഖനായിരുന്ന ജരാസന്ധന്റെ ഏറെ പ്രശസ്തമായ നോവലിന്റെ മലയാള പരിഭാഷയാണ് ഇരുമ്പഴികള്‍. മനുഷ്യന്‍ കുറ്റവാളിയാക്കപ്പെടുന്ന സാഹചര്യങ്ങളും ഒരിക്കല്‍ കുറ്റവാളിയായി ജയിലിലെത്തിയാല്‍ വീണ്ടും വീണ്ടും അവനെ അവിടേക്ക് മടങ്ങി ചെല്ലാന്‍ പ്രേരിപ്പിക്കുന്ന സാമൂഹ്യ ഘടകങ്ങളെ പറ്റിയുള്ള തീവ്രമായ ആലോചനയുമാണീ നോവലില്‍ ചുരുള്‍ വിരിയുന്ന പ്രമേയപരത. ഇരുമ്പഴികള്‍ക്കുള്ളില്‍ നിന്നും പുറത്തുവരുന്ന മനുഷ്യന്റെ മേല്‍ ലോകം പുലര്‍ത്തുന്ന അവിശ്വാസത്തിന്റെ പ്രത്യാഘാതങ്ങളാണ് അവനെ കുറ്റങ്ങളുടെ നിത്യലോകത്തിലേക്ക് തിരിച്ചെത്തിക്കുന്നതെന്ന് ഒരു ജയിലര്‍ കൂടിയായിരുന്ന ജരാസന്ധന്‍ ഹൃദയഭേദകമായി സാക്ഷ്യപ്പെടുത്തുകയാണീ നോവലില്‍. ബംഗാളികൃതികളുടെ വിവര്‍ത്തക എന്ന നിലയില്‍ ഏറെ വിഖ്യാതയായ നിലീനാ അബ്രഹാമിന്റെ മലയാളമൊഴി.
വിപ്ലവകാരിയായ എഴുത്തുകാരന്‍ എന്ന നിലയില്‍ മനുഷ്യപക്ഷത്ത് നിലയുറപ്പിച്ചിരുന്ന യശ്പാലിന്റെ അത്യന്തം വികാരതീവ്രമായ നോവലാണ് ചിലന്തിവല. പ്രണയത്തിന്റെ തീവ്രമായ വൈദ്യുതപ്രസരണത്തില്‍ വീര്‍പ്പുമുട്ടുന്ന മോത്തിയെന്ന വിവാഹിതയും അമ്മയുമായ ചിത്രകാരിയുടെ എരിപൊരികൊള്ളുന്ന ഭര്‍തൃബാഹ്യപ്രണയകഥയാണിത്. വിവര്‍ത്തകന്‍ കെ. കൃഷ്ണന്‍കുട്ടി. മടുപ്പില്ലാത്ത വായനയുടെ ഋജുതയിലൂടെ നമ്മേ പ്രകമ്പിതരാക്കുന്ന അനുഭവമാണീ രണ്ടു നോവലുകളും നമുക്ക് നല്‍കുന്നത്.


ഇരുമ്പഴികള്‍ (നോവല്‍)
ജരാസന്ധന്‍
വിവ : നിലീന അബ്രഹാം
ഗ്രീന്‍ ബുക്‌സ്, തൃശ്ശൂര്‍. 

വില : 145 രൂപ
ചിലന്തിവല (നോവല്‍)
യശ്പാല്‍
വിവ : കെ. കൃഷ്ണന്‍കുട്ടി
ഗ്രീന്‍ ബുക്‌സ്, തൃശ്ശൂര്‍.
വില : 85 രൂപ


No comments:

Post a Comment