സംവാദം


ഇതോ യഥാര്‍ത്ഥ കവിതയുടെ വഴി?

 സി.വി. വിജയകുമാര്‍ 

വിത മരിക്കുകയാണോ എന്ന സംശയം മലയാളികള്‍ക്ക് തോന്നി തുടങ്ങിയിട്ട് ദശാബ്ദങ്ങള്‍ കഴിഞ്ഞിരിക്കുന്നു.  വായിക്കുന്നവന്റെ ഈ ആശങ്കയെ ബലപ്പെടുത്തും വിധമായിരുന്നു പിന്നീട് സ്ഥിതി ഗതികള്‍ പുരോഗമിച്ചത്.  ഒരുഭാഗത്ത് മനുഷ്യന് മനസ്സിലാകുന്ന ഭാഷയില്‍ വലിയ കവിത എഴുതുവാനുള്ള പ്രായപൂര്‍ത്തിയും പക്വതയും വരാത്ത എണ്ണമറ്റ വൈതാളികന്മാരുടെ കവിതാ വികൃതികള്‍.  മറ്റൊരിടത്ത് തങ്ങള്‍ എഴുത്ത് നിര്‍ത്തിപ്പോയാല്‍ മലയാള കവിതയുടെ ഭാവിയുടെ മേല്‍ മാനംമിടിഞ്ഞ് വീണ് പോകും  എന്ന വിശ്വാസത്തില്‍ സ്വയം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വയോജനങ്ങള്‍.  ഇവരുപയോഗിക്കുന്ന ധന്വന്തരത്തിന്റെയും കൊട്ടന്‍ ചുക്കാതിയുടെയും ബലാഗുളച്ചാതിയുടെയും മിശ്രഗന്ധം നമ്മുടെ പ്രസിദ്ധീകരണ രംഗത്തെ അവരുടെ കീഴാളര്‍ക്ക് എപ്പോഴും മയക്കുമരുന്ന് തന്നെ.  അതുകൊണ്ട് അവര്‍ വളച്ചുണ്ടാക്കുന്നതെന്തും അച്ചു നിരത്തപ്പെടുന്നു.  എന്നാല്‍ ഈ വൈതാളിക കേസരികളും വയോജനങ്ങളും ചെയ്യുന്നതിനെക്കാള്‍ ലജ്ജാകരമാണ് ഇന്നത്തെ പാട്ട് കവികള്‍ കാവ്യാംഗനയോട് കാട്ടുന്ന ബലാല്‍ക്കാരങ്ങള്‍.  അതാകട്ടെ കവിതയെ സംബന്ധിക്കുന്ന അന്തര്‍ജ്ഞാന (കിലേൃിമശേീിമഹ)പരമായ യാതൊരു വകതിരിവോ സമാന്യവിവരമോ ഇല്ലാത്തതുമാകുന്നു.  കമ്പോളത്തില്‍ നിലനില്‍ക്കുന്ന സാധ്യതകളെ നിലനിര്‍ത്തി കവിതയെന്ന പേരില്‍ എന്തൊക്കെയോ വിഡമ്പനം തട്ടിക്കൂട്ടി ആലാപിച്ചുകൊണ്ടിരിക്കുന്നു.  വാസ്തവത്തില്‍ ഇവരുടെ പാരമ്പര്യം പണ്ട് അന്തിച്ചന്തകളിലും ഉത്സവപ്പറമ്പുകളിലും 'ഒറ്റക്കമ്പില്‍ ഇരട്ടതൂക്കവും' 'അന്നമ്മ കൊലപാതകവും' പോലുള്ള നാലണ പുസ്തകങ്ങള്‍ പാടി വിറ്റിരുന്ന കൊട്ടാരക്കര മത്തായിയുടെയും കൊറ്റംകുളങ്ങര പരമുവിന്റേതുമാണ്.  തിരണ്ടു കല്യാണത്തിനും കാളചന്തയിലും ചങ്കരന്‍ തെങ്ങില്‍ കയറുന്നിടത്തും എന്നുവേണ്ട കോളാമ്പി കെട്ടുന്നിടത്തെല്ലാം ഇവരുടെ ശബ്ദ വിസ്സര്‍ജ്ജനം മനുഷ്യരെ ശാസം മുട്ടിച്ചുകൊണ്ടിരിക്കുന്നു.  അത് മനുഷ്യനും കവിതയും തമ്മിലുണ്ടായിരുന്ന വൈകാരിക വിനിമയങ്ങളെയും സാംസ്‌കാരിക ഐക്യത്തേയും താറുമാറാക്കി കളയുകയും ചെയ്യുന്നു.  ഈ സാംസ്‌കാരിക മലിനീകരണത്തിനെതിരെ മാനമുള്ള മലയാളി പ്രതികരിക്കേണ്ട സമയം കടന്നുപോയതായി തോന്നുന്നത് കാരണം സമൂഹവും കവിതയും തമ്മിലുള്ള ജൈവസന്തുലനം നഷ്ടപ്പെടുമ്പോള്‍ അത് നമ്മുടെ സാമൂഹിക ജീവിതത്തെ വരട്ടി കളയും എന്നതാണ്.  അതുകൊണ്ട് ഒട്ടും മാര്‍ദ്ദവമില്ലാത്തൊരു തീവ്രദയുടെ ദിശയിലേക്ക് നമ്മുടെ പ്രതികരണശേഷി ജാഗ്രതി കൈവരിച്ചേ കഴിയൂ.  അല്ലെങ്കില്‍, കവിത മരിക്കുകയാണോ എന്ന നമ്മുടെ സന്ദേഹത്തിന് അടിവരയിട്ടുകൊണ്ട് അത് അന്ത്യശാസം വലിക്കാന്‍ ഇടവരും. 
കവിത പാടാനുള്ളതോ?
        വാസ്തവത്തില്‍ കവിത പാടാനുള്ളതോ.  വായിച്ചുനോക്കാനുള്ളതോ അല്ല.  അതൊരു തിരിച്ചറിവിന്റെ സമരഭൂമിയാണ്.  മനുഷ്യനെ ചിന്തിപ്പിക്കുകയും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണ് തുറപ്പിക്കുകയും ചെയ്യുന്ന ആന്തര സംവാദത്തിന്റെ കലഹഭൂമി.  അതില്‍ പുറത്തേയ്ക്ക് തുറന്ന് കിടക്കുന്ന ഒരുപാട് വാതിലുകള്‍ ഉണ്ടായിരിക്കും.  അതിലൂടെ അനുവാചകന്‍ കാലത്തെയും ലോകത്തേയും കലര്‍പ്പില്ലാത്ത വെണ്മയില്‍ നോക്കി കാണുകയും അനുഭവങ്ങളെയും അവസ്ഥകളെയും തിരിച്ചറിയുകയും ചെയ്യും.  അങ്ങനെയാണൊരു കവി നാളെകളെ മുമ്പേ കാണുകയും എല്ലാവര്‍ക്ക് മുമ്പേ നടക്കുകയും ചെയ്യുന്നത്.  തീര്‍ച്ചയായും കവിതയിലപ്പോള്‍ ഇടപെടലുകളുടെയും സമരങ്ങളുടെയും തുറന്ന വേദിയില്‍ സജീവമായിരിക്കും.  ചിന്തകളുടെയും മാറ്റത്തിന്റെയും കലാപവും സമന്വയവും കൊണ്ടത് അതിന്റെ സാമൂഹ്യശാസ്ത്രപരമായ കര്‍മ്മവും നിറവേറ്റികൊണ്ടിരിക്കും.  പക്ഷേ, നമ്മുടെ പാട്ടുകവികള്‍ കമ്പോളത്തിന്റെ ദല്ലാളന്മാരായി നിന്നുകൊണ്ട് കവിതയുടെ ലേബല്‍ ഒട്ടിച്ച വ്യാജ ചരക്കുകള്‍ വിറ്റഴിക്കുവാന്‍ ശ്രമിക്കുകയാണ്.  അങ്ങനെയാണ് നമ്മുടെ തെരുവുകളിലേക്ക് 'നാറാണത്തുഭ്രാന്ത'നെ ചങ്ങല അഴിച്ചുവിട്ടതും ഒടുക്കം തെരുവില്‍ തന്നെ അനാഥനായി ഒടുങ്ങിപ്പോയത്.  ചായ പീഢികളുടെയും ക്ഷവര കടകളുടെയും വരാന്തകള്‍ തോറും വിലപിച്ച് വിലപിച്ച് 'നാറാണത്തുഭ്രാന്തന്‍' ഒടുങ്ങിയപ്പോള്‍ നാം ഓര്‍ക്കാതെ പോയൊരു വസ്തുതയുണ്ട്, - വി.മധുസൂദനന്‍നായര്‍ നാറാണത്തുഭ്രാന്തന്‍ എന്ന മിത്തിനോട് കാട്ടിയ അനീതി.  പുതിയ തലമുറയുടെ മനസ്സില്‍ അത് ഒരുപാട് തെറ്റിദ്ധാരണകള്‍ വളര്‍ത്തിയിട്ടുണ്ട്.  എന്തായാലും സര്‍ഗ്ഗാത്മകമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഒരാള്‍ എന്ന് സ്വയം തെളിയിക്കുകയായിരുന്നു വി.മധുസൂദനന്‍ നായര്‍ എന്നാല്‍, താരതമ്യേന നല്ല പാട്ടുകാരനായതിനാല്‍ കുറേ കാശുണ്ടാക്കാനായി എന്നത് സത്യമാണ്.  അതേ കഴിവിന്റെ പേരില്‍ തന്നെ എഴുത്തച്ഛനെയും, പൂന്താനത്തിനേയും, ആശാനേയും, ചങ്ങമ്പുഴയേയും, വൈലോപ്പിള്ളിയേയുമൊക്കെ വിറ്റ് കെട്ടി മലയാളിയുടെ ഈ ചരിത്രബോധത്തെ പരിഹസിക്കുക കൂടി ചെയ്തു എന്ന് പറയാതെ തരമില്ല.  അങ്ങനെയൊരു പാട്ടുകവി, മലയാള കവിതയോട് ചെയ്യാവുന്നതത്രയും ചെയ്തു ദോഷം. 
പുതിയ പ്രഭാതങ്ങള്‍ വിടരുന്നു
        വി.മധുസൂദനന്‍ നായര്‍ അവതാര മഹത്വം വെളിവാക്കി നിഷ്‌ക്രീയ ബ്രഹ്മത്തില്‍ ഉറക്കം തൂങ്ങി കഴിയുമ്പോള്‍ മലയാള കവിതയ്ക്ക് അതൊരു നഷ്ടകാലമായി ആരും കരുതിയില്ല.  കാവ്യാസ്വാദകരായ മലയാളികള്‍ പഴയതുപോലെ ഒറ്റപ്പെട്ട നക്ഷത്രവെളിച്ചങ്ങള്‍ തേടുകയും കണ്ടെത്തിയവെ അഘോഷിക്കുകയും ചെയ്തു.  ഒന്നും കിട്ടാതെ വരുമ്പോള്‍ വീണ്ടു അവര്‍ ആശാനിലേയ്ക്കും വൈലോപ്പിള്ളിയിലേക്കും, ഇടശ്ശേരിയിലേയ്ക്കും കക്കാടിലേയ്ക്കുമൊക്കെ മടങ്ങിപ്പോവുകയും ചെയ്തു.  ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സംഭ്രാന്ത ബിംബങ്ങളില്‍ അവര്‍ സ്വയം നിക്ഷേപിച്ചു.  അങ്ങനെ നല്ല കവികളെയും കവിതകളെയും അനുഭവിക്കുകയും ആദരിക്കുകയും ചെയ്തു.  ഈ സന്ദര്‍ഭത്തിലാണ് കമ്പോളത്തില്‍ പുതിയ പ്രഭാതങ്ങള്‍ പൊട്ടിവിരിയാന്‍ പോകുന്നതിന്റെ അത്ഭുതങ്ങളും അടയാളങ്ങളും പ്രത്യക്ഷപ്പെട്ടത്.  കാട്ടാക്കടയിലും, ഓണാട്ടുകരയിലും രണ്ടു തിരുപ്പിറവികള്‍ സംഭവിച്ചു.  മുരുകന്‍ കാട്ടാക്കട, അനില്‍ പനച്ചൂരാന്‍ ഇവരെ മോശക്കാരായി ആരും വിചാരിക്കേണ്ട, ഇവരെ ചുറ്റിപ്പറ്റിയാണിപ്പോള്‍ മലയാള കവിതയുടെ ഭ്രമണപഥം.  ഇവര്‍ പാടുമ്പോള്‍ കാവ്യംഗന കോരിത്തരിച്ചുപോവുകയാണ്.  കാമദേവന്‍ വിചാരിച്ചാലും ശമിക്കാത്ത കോരിത്തരിപ്പ്! ആനന്ദലബ്ധിയ്ക്കിനി എന്തുവേണം! എന്നേ പറയേണ്ടൂ.  അക്ഷരാര്‍ത്ഥത്തില്‍ യാതൊരു കാവ്യപരിചയമോ വായനാബോധമോ സാധനാബലമോ ഇല്ലാത്തവരാണിവരെന്ന് കവിതയെ ഗൗരവമായി സമീപിക്കന്നവര്‍ക്ക് മനസ്സിലാവും.  മലയാളകവിതയുടെ പുതിയ ദിക്പാലകരെന്ന് സ്വയം കൊണ്ടാടുന്നിവര്‍ക്ക് ഒന്നേ പറയാനുള്ളൂ.  ട്രെന്റുകള്‍ വരും വന്നപോലെ പോകും അപ്പോള്‍ നിങ്ങളുണ്ടാകില്ല എന്നുമാത്രം.  ഉദിച്ചിടത്ത് തന്നെ അസ്തമിക്കാനുള്ള ദുര്‍വിധി യഥാര്‍ത്ഥ സൂര്യന്റേതല്ല, വ്യാജ സൂര്യന്മാരുടേതാകുന്നു.  മുരുകന്‍ മധുസൂദനന്‍നായരുടെ കാസറ്റ് പാട്ട് കേട്ട് കേട്ട് കവിയായി തീരാന്‍ പുറപ്പെട്ടപ്പോള്‍ അനില്‍ പനച്ചൂരനാകട്ടെ വെറുതെ ഒരു രസത്തിന് പാടി നോക്കിയതാണ്, ഏതാണ്ട് പത്ത് പതിനഞ്ച് കൊല്ലം മുമ്പ്.  പക്ഷേ, ക്ലച്ച് പിടിച്ചില്ല. അന്ന് ഇറങ്ങിയ 'അക്ഷേത്രയുടെ ആത്മഗീതങ്ങള്‍' എന്ന കാസറ്റിലെ ഏഴാംകിട വരികളില്‍ ചിലത് ഇപ്പോള്‍ സിനിമാപാട്ടായി, പനച്ചൂരാന്‍ അനില്‍ മഹാകവിയുമായി.  നാട്ടിന്‍ പുറത്തെ പാട്ടുകാരോട് ഇനി യേശുദാസ് പോച്ചപറിക്കാന്‍ പോകേണ്ടി വരുമെന്ന് നമ്മള്‍ പറയും പോലെ പനച്ചൂരാന്‍ കവിയായപ്പോള്‍ ആശാനും വൈലോപ്പിള്ളിയുമൊന്നുമില്ലാത്തത് അവരുടെ ഭാഗ്യം അല്ലെങ്കില്‍ അവര്‍ പോച്ചപറിക്കേണ്ടി വന്നേനെ.  ചുരുക്കത്തിലൊരു കാര്യം ഞാന്‍ ആണയിട്ടു പറയുന്നു, ഈ കവികള്‍ കവികളേയല്ല.  അവര്‍ കവിത എഴുതിയിട്ടേയില്ല.  ഇന്നലകളെ സ്വാധീനിച്ചവര്‍ക്കേ നാളെകളേയും സ്വാധീനിക്കാന്‍ കഴിയൂ. 
വാല്‍ക്കഷണം
        ഇയ്യിടെ      ഒരു വേദിയില്‍ കേട്ടു അനില്‍ പനച്ചൂരാനേ പോലെയുള്ള വലിയ കവികളെ കുട്ടികള്‍ അനുകരിക്കണമെന്ന്.  സുകൃതക്ഷയമെന്നല്ലാതെ മറ്റെന്ത് പറയാന്‍.

  




No comments:

Post a Comment