ലേഖനം

ആധുനികസമസ്യകള്‍
യയാതിയിലും രണ്ടാമൂഴത്തിലും

അജയപുരം ജ്യോതിഷ്കുമാര്‍
 പുരാണേതിഹാസങ്ങളേയും മിത്തുകളേയും ഉപജീവിച്ചുകൊണ്ടുള്ള സാഹിത്യകൃതികള്‍ ഇപ്പോള്‍ ധാരാളമായി പിറവിയെടുക്കുന്നുണ്ട്. പ്രാക്തനസങ്കല്‍പ്പങ്ങള്‍ കാലികസാഹചര്യങ്ങളില്‍ തിരയുന്ന എഴുത്തുകാരുടെ സൃഷ്ട്യുന്‍മുഖവ്യായാമം മാത്രമല്ല ഇത്തരം കൃതികള്‍. പൗരാണിക കഥാസന്ദര്‍ഭങ്ങളെ മുന്‍നിര്‍ത്തിയുള്ള രചനകള്‍ ആസ്വാദനത്തില്‍ കൂടുതല്‍ വിനിമയസാദ്ധ്യതകള്‍ തെളിക്കുന്നുണ്ട് എന്ന വസ്തുതയും പ്രധാനമാണ്. പുരാണേതിഹാസങ്ങളില്‍നിന്ന് സ്വീകരിക്കുന്ന പ്രമേയങ്ങള്‍ക്ക് എഴുത്തുകാര്‍ അവരവരുടെ സാഹിത്യദര്‍ശനത്തിനനുസരിച്ച് സയുക്തികപരിവര്‍ത്തനങ്ങള്‍ വരുത്താറുണ്ട്. അങ്ങനെയാണ് മിത്തോളജിക്കല്‍ പ്രമേയങ്ങള്‍ സജീവമാകുന്നത്. കേവലപുനരാഖ്യാനത്തിന്റെ തലത്തില്‍നിന്ന് മൗലികതയുടെ ശക്തികേന്ദ്രങ്ങളായി ഉയര്‍ന്നുനില്‍ക്കാന്‍ അപ്പോള്‍ അവയ്ക്കു കഴിയുന്നു.
ലോകോത്തരങ്ങളായ ഭാരതീയേതിഹാസകൃതികളാണ് രാമായണവും മഹാഭാരതവും. സൃഷ്ടികര്‍ത്താക്കളുടെ വീക്ഷണസമഗ്രതയും മാനവികദര്‍ശനവും ആ ഗ്രന്ഥങ്ങളെ സമ്പന്നമാക്കുന്നു. അതുകൊണ്ടുതന്നെ ഏതുകാലത്തേയും എഴുത്തുകാരെ പ്രചോദിപ്പിക്കുന്ന സാഹിത്യസാമഗ്രികളായി അവ നിലകൊള്ളുന്നു.
ഗദ്യത്തിലെഴുതിയ മഹാകാവ്യമാണ് നോവലെന്ന് റാള്‍ഫ് ഫോക്‌സ് പറഞ്ഞിട്ടുണ്ട്.1 ആധുനിക കാലത്തിന്റെ ഇതിഹാസം കൂടിയാണ് നോവല്‍. നാമധേയംകൊണ്ടുപോലും ആധുനികജീവിതബന്ധം സൂചിപ്പിക്കുന്ന ഈ സാഹിത്യരൂപത്തിന്റെ ആവിഷ്‌ക്കാരസാധ്യതകള്‍ അനവധിയാണ്. വിജ്ഞാനശാഖകളും, പുരാണേതിഹാസങ്ങളും നോവല്‍ ഇതിവൃത്തങ്ങളായി സ്വീകരിക്കാറുണ്ട്. ഇതിഹാസകഥകള്‍ കേന്ദ്രീകരിച്ചുള്ള വിവിധനോവലുകള്‍ ഇന്ത്യന്‍ ഭാഷകളിലുണ്ട്. അവയുടെ താരതമ്യത്തിലൂടെ ഭാരതീയസംസ്‌കാരത്തിന്റെ അന്തര്‍ധാരകളും ഭാരതീയമനസ്സിന്റെ അടിത്തറയും കണ്ടെത്താനാവും. വ്യത്യസ്തമായ സാമൂഹികസാഹചര്യങ്ങളില്‍ ജീവിക്കുമ്പോഴും ചിന്തയിലെ സമാനതയും കാഴ്ചപ്പാടുകളിലെ ഭാരതീയതയും എഴുത്തുകാരെ നയിക്കുന്നതെങ്ങനെയെന്ന് താരതമ്യപരിശോധനയിലൂടെ മനസ്സിലാക്കാം.
മഹാഭാരതേതിഹാസത്തെ ഉപജീവിച്ച് വി.എസ്.ഖാണ്ഡേക്കര്‍ എഴുതിയ യയാതി, എം.ടി.വാസുദേവന്‍നായരുടെ രണ്ടാമൂഴം എന്നീ കൃതികള്‍ പൗരാണിക പ്രമേയങ്ങളെ എങ്ങനെ പുനരാവിഷ്‌കരിച്ചുവെന്നു താരതമ്യരീത്യാ പരിശോധിക്കുമ്പോള്‍ രചനാശൈലിയിലും ജീവിതത്തിലുമുള്ള ഗ്രന്ഥകര്‍ത്താക്കളുടെ സര്‍ഗ്ഗാത്മകവീക്ഷണം വ്യക്തമാകുന്നതാണ്. യയാതി 1959 ലാണ്  പ്രസിദ്ധീകൃതമായത്. രണ്ടാമൂഴം 1984 ലും. ഇവയുടെ രചനാകാലങ്ങള്‍ തമ്മില്‍ രണ്ടരദശകക്കാലത്തോളം അകലമുണ്ട്.
ഗാന്ധിയന്‍ സിദ്ധാന്തങ്ങളും ദര്‍ശനങ്ങളും എഴുത്തുകാരില്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരുന്ന കാലത്താണ് ഖാണ്ഡേക്കര്‍ സാഹിത്യരചന ആരംഭിച്ചത്. ഗാന്ധിസത്തില്‍ ആകൃഷ്ടനായ ഖാണ്ഡേക്കര്‍ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുക്കുകയും ലാളിത്യം, ത്യാഗം, സത്യം, നീതി, നന്മ, സ്വാതന്ത്ര്യം എന്നിവയ്ക്കായി എഴുതുകയും ചെയ്തു. കൃഷ്ണകൃപലാനി പറയുന്നതുപോലെ ഗാന്ധിയന്‍സ്വാധീനത്തിന്റെ അലകള്‍ രാഷ്ട്രീയത്തില്‍ എന്നതിനേക്കാള്‍ ധാര്‍മികവും ബൗദ്ധികവും സ്വതന്ത്രവുമായ മേഖലകളിലായിരുന്നുവെന്ന്2 ഖാണ്ഡേക്കറുടെ ജീവിതവും കൃതികളും തെളിയിക്കുന്നു. സമത്വത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി വാദിച്ച ഖണ്ഡേക്കറെ സ്വാധീനിച്ച രാഷ്ട്രീയദര്‍ശനം സോഷ്യലിസമായിരുന്നു. പുരോഗമനവാദിയായ അദ്ദേഹം സാഹിത്യത്തില്‍ ദൃശ്യമായ നവ്യപ്രവണതകള്‍ വേഗത്തില്‍ ഉള്‍കൊണ്ടു. യൂറോപ്യന്‍സാഹിത്യത്തിലെ പുതിയ ചലനങ്ങള്‍ ഭാരതീയ പശ്ചാത്തലത്തില്‍ ആവിഷ്‌ക്കരിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. വിശ്വദര്‍ശനം, ജീവിതത്തോടുള്ള വിമര്‍ശനാത്മകസമീപനം, മനുഷ്യകേന്ദ്രിതവീക്ഷണം തുടങ്ങി ആധുനിക മറാഠിസാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ട പ്രത്യേകതകളൊക്കെ ഖാണ്ഡേക്കര്‍കൃതികളിലും കാണാം.
എട്ടു വര്‍ഷക്കാലം ഖാണ്ഡേക്കര്‍ മനസ്സില്‍വെച്ച് പരിപക്വമാക്കിത്തീര്‍ത്ത ആശയമാണ് യയാതിയെന്ന ബൃഹദ് രചനയായി മാറിയത്. മികച്ച സാമൂഹ്യനോവലുകള്‍ രചിച്ച ഖാണ്ഡേക്കര്‍ക്ക് ഐതിഹാസികമായ ഈ സൃഷ്ടിക്ക് പ്രേരണയായതും ഭാരതീയസാമൂഹ്യജീവിതാവസ്ഥകള്‍തന്നെയാണ്. സ്വാതന്ത്ര്യാനന്തരഭാരതത്തെക്കുറിച്ച് മഹനീയസ്വപ്നങ്ങളാണ് ഭാരതീയ ജനതയ്ക്കും എഴുത്തുകാര്‍ക്കും ഉണ്ടായിരുന്നത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം പ്രതീക്ഷയ്ക്കു മങ്ങലേല്‍പ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു. സ്വാതന്ത്ര്യസമരാവേശത്തിനിടയില്‍ ജനതയില്‍ നിലനിന്നിരുന്ന ഐക്യബോധവും ദേശാഭിമാനവും സദാചാരവിശ്വാസവും മൂല്യസങ്കല്‍പ്പങ്ങളും അകന്നുപോകുംവിധം വിഘടനചിന്താഗതികളും സ്വാര്‍ത്ഥതാല്‍പര്യങ്ങളും സുഖലോലുപതയും ഇവിടെ വളര്‍ന്നുവരികയാണുണ്ടായത്. ഇങ്ങനെ രോഗഗ്രസ്തമായ സാമൂഹ്യജീവിതത്തില്‍ ശൂന്യതയനുഭവപ്പെട്ട പശ്ചാത്തലത്തിലാണ് പൗരാണികേതിവൃത്തത്തിന്റെ പുനരാവിഷ്‌കരണത്തിലൂടെ സാമൂഹ്യജീവിതാസ്വാസ്ഥ്യങ്ങളും മനസ്സിന്റെ സങ്കീര്‍ണ്ണസഞ്ചാരങ്ങളും ആവിഷ്‌കരിക്കാന്‍ യയാതിയുടെ കഥ ഖാണ്ഡേക്കര്‍ സ്വീകരിച്ചത്.
'......എനിക്കു ചുറ്റുമുള്ള സമൂഹം ഭൗതികപുരോഗതിയുടെ ഏകപക്ഷീയമായ സ്വാധീനത്തില്‍പ്പെട്ടു പരമ്പരാഗതനൈതികമൂല്യങ്ങളെ വിഗണിക്കുന്നതില്‍ വ്യാപൃതമായിരുന്നു. മദംപൊട്ടിയ ആന അതിന്റെ കാല്‍കൊണ്ട് നേര്‍ത്ത പൂവ് ചവിട്ടിത്തേക്കുന്ന പ്രതീതി. നന്മതിന്മകളുടെയും പാപപുണ്യങ്ങളുടെയും ഇടയ്ക്കുള്ള വിഭാജകരേഖകള്‍ പൂര്‍വ്വാധികം അവ്യക്തമായി വരികയായിരുന്നു. അന്യരുടെ ദുഃഖത്തോടുണ്ടാകുന്ന സഹജസംവേദനം മനുഷ്യമനസ്സില്‍ ക്ഷയിച്ചുവന്നു. സമൂഹത്തിന്റെ അനന്തചേതനയില്‍ ലോഭത്തിന്റെ പിടിമുറുകി. പഴയ വിശ്വാസങ്ങളെ ഇവിടെ ഒഴുക്കിക്കളയുകയായിരുന്നു. അവയുടെ സ്ഥാനത്ത് പുതിയ വിശ്വാസങ്ങള്‍ പ്രതിഷ്ഠിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. ഇന്ദ്രിയസുഖങ്ങളൊഴിച്ച് ജീവിതത്തില്‍ ഒന്നും നേടാനില്ലെന്ന ദൃഢസങ്കല്‍പ്പമായിരുന്നു സമൂഹത്തില്‍ ഏറെപ്പേര്‍ക്കുമുണ്ടായിരുന്നത്. ഇത് ഭയാവഹമായ ഒരനുഭവമായിരുന്നു. ഇന്നത്തെ കാലഘട്ടത്തിനാവശ്യമായ സത്യപ്രതിപാദനത്തിന് 'യയാതി'യുടെ പുരാണകഥ ഉതകുമെന്ന വിശ്വാസം ഈ അനുഭവം എന്റെ മനസ്സില്‍ സൃഷ്ടിച്ചു.''3
എന്നിങ്ങനെ യയാതിയുടെ രചനാപ്രേരണയെ അദ്ദേഹം വിശദീകരിക്കുന്നു.
നാലുകെട്ടുകളുടെയും നായര്‍തറവാടുകളുടെയും ക്ഷയോന്മുഖമായ അവസ്ഥ സ്വന്തം രചനകളിലൂടെ ആവിഷ്‌കരിച്ചിട്ടുള്ള എം.ടി.വാസുദേവന്‍നായര്‍ പരുഷമായ സാമൂഹ്യസാഹചര്യങ്ങള്‍ക്കു മുന്നില്‍ നിലനില്‍പ്പിന്റെ വഴികള്‍ കാണാതെ അന്യത്വവും ധര്‍മസങ്കടവും അനുഭവിക്കുന്ന യുവതലമുറയെയാണ് മുഖ്യമായും ചിത്രീകരിക്കുന്നത്. വാരിക്കുഴിയില്‍ അകപ്പെട്ടുപോയ ഒറ്റയാന്റെ നിരാലംബതയും ആത്മസംഘര്‍ഷവും നിഷേധാഭിവാഞ്ഛയുമാണ് എം.ടി. കഥാപാത്രങ്ങളുടെ അടിസ്ഥാനസത്ത. ഏറെക്കാലത്തെ പഠനമനനങ്ങളുടെ പരിപൂര്‍ത്തിയിലാണ് എം.ടി. രണ്ടാമൂഴം എഴുതിയത്. ദ്വിതീയപാണ്ഡവനായ ഭീമസേനനെ കേന്ദ്രകഥാപാത്രമാക്കിനിര്‍ത്തിക്കൊണ്ട് മഹാഭാരതകഥ പറയുകയാണ് രണ്ടാമൂഴത്തില്‍. ഘടോത്കചനിലൂടെ ഭീമനില്‍ എത്തുകയായിരുന്നു എം.ടി. ശക്തിയുടെ മൂര്‍ത്തി മദ്ഭാവമായിരുന്ന ഭീമനെ സംബന്ധിച്ച് പ്രചാരത്തിലുള്ള അതിശയോക്തിപരങ്ങളും അമാനുഷങ്ങളുമായ പ്രസ്താവങ്ങളുടെ സത്യസന്ധതയെ വിശകലനം ചെയ്ത് ഭീമനിലെ മനുഷ്യസ്വരൂപം കണ്ടെത്തുകയായിരുന്നു എം.ടിയുടെ ലക്ഷ്യം.
''ഭാരതം ശ്രദ്ധാപൂര്‍വ്വം വായിക്കുന്നവര്‍ക്കെല്ലാം ബോദ്ധ്യമാകും ബാലസാഹിത്യകൃതികളും ചിത്രകഥകളും ഇളംമനസ്സുകളുടെ മുന്നില്‍ അവതരിപ്പിച്ച ഭീമനല്ല ശരിയായ  ഭീമന്‍ എന്ന്. ഭീമന് പെരുത്ത ശരീരം മാത്രമല്ല മനസ്സുമുണ്ട്. മഹാഭാരതഭീമന്‍ മനുഷ്യനാണ്. മാനുഷികദൗര്‍ബല്യങ്ങളും ശക്തികളും എല്ലാമുള്ള ഒരാദിമപ്രതിരൂപം''4 എന്നിങ്ങനെ തന്റെ ഭീമസേനന്റെ പ്രസക്തി എം.ടി. വെളിവാക്കുന്നു.
ഖാണ്ഡേക്കര്‍ മഹാഭാരതത്തിലെ യയാത്യുപാഖ്യാനത്തെ മാത്രം തെരഞ്ഞെടുത്ത് ആധുനികമനുഷ്യപ്രശ്‌നങ്ങളെ അവതരിപ്പിച്ചപ്പോള്‍ എം.ടി. മഹാഭാരതകഥ മുഴുവന്‍ സ്വീകരിച്ച് ഭീമസേനന്റെ നിലപാടില്‍ നിന്ന് കഥ പറയുകയാണ് ചെയ്തത്. യയാതിയില്‍ ജീവിതത്തെക്കുറിച്ചുള്ള എഴുത്തുകാരന്റെ മൗലികവും പുരോഗമനാത്മകവും വിശാലവുമായ കാഴ്ചപ്പാട് സുവ്യക്തമാണ്. ജീവിതത്തിന്റെ സമഗ്രമായ വ്യാഖ്യാനവും അര്‍ഥം തിരയലുമായി യയാത്യുപാഖ്യാനത്തെ വികസിപ്പിക്കുകയായിരുന്നു ഖാണ്ഡേക്കര്‍. എം.ടി. മഹാഭാരതകഥയെ ഒരു കുടുംബകഥയുടെ പശ്ചാത്തലത്തിലേക്കു കൊണ്ടുവന്നു. ഭീമസേനന്‍ ഒരു കേവലവ്യക്തിയെന്ന നിലയിലും കുടുംബാംഗമെന്ന നിലയിലും അനുഭവിക്കുന്ന ബാഹ്യാഭ്യന്തരസംഘര്‍ഷങ്ങളെ വരച്ചുകാട്ടാന്‍ രണ്ടാമൂഴം ശ്രമിക്കുന്നു.
നോവലിസ്റ്റ് കൈക്കൊള്ളുന്ന വീക്ഷണകോണത്തിന് നോവല്‍ഘടനയില്‍ നിര്‍ണായകമായ സ്ഥാനമാണുള്ളത്. ആഖ്യാനത്തില്‍ അവലംബിക്കുന്ന വ്യത്യസ്തമായ സമീപനരീതികള്‍ കാഴ്ചപ്പാടിനെ വെളിപ്പെടുത്തുന്നു.  ആത്മഭാഷണമായും, ദൃക്‌സാക്ഷിവിവരണമായും ഏതെങ്കിലും കഥാപാത്രത്തിന്റെ നിലപാടില്‍ നിന്നുകൊണ്ടും നോവലില്‍ കഥ പറയാവുന്നതാണ്. കഥാപാത്രത്തിന്റെ ഓര്‍മയിലൂടെയും അനുഭവവിവരണത്തിലൂടെയും കഥപറയുന്ന സമ്പ്രദായം വിശ്വപ്രസിദ്ധങ്ങളായ പല കൃതികളിലും ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. യയാതിയില്‍ യയാതി, ദേവയാനി, ശര്‍മിഷ്ഠ എന്നിവരുടെ ആത്മനിവേദനത്തിലൂടെ കഥ പുരോഗമിക്കുമ്പോള്‍ രണ്ടാമൂഴത്തില്‍ ഭീമസേനന്റെ ബോധധാരയിലൂടെയാണ് മഹാഭാരതകഥ വാര്‍ന്നുവീഴുന്നത്. കഥയുടെ അനുസ്യൂതി പാലിക്കാനും ആദ്യന്തം പൗരാണികമായ അന്തരീക്ഷം നിലനിര്‍ത്താനും അതേ സമയം സമകാലികമായ ബോധതലമുണര്‍ത്താനും രണ്ടെഴുത്തുകാര്‍ക്കും സാധിക്കുന്നുണ്ട്.
യയാതിയില്‍ ആഖ്യാനകാര്യത്തില്‍ നോവലിസ്റ്റ് തികച്ചും അന്യനാണ്. യയാതി, ദേവയാനി, ശര്‍മിഷ്ഠ എന്നീ കഥാപാത്രങ്ങളുടെ മനസ്സുതന്നെയാണ് വായനക്കാര്‍ക്കുമുന്നില്‍ അനാവൃതമാകുന്നത്. നോവലിസ്റ്റ് കഥാപാത്രങ്ങള്‍ക്കുമേല്‍ ആവേശിക്കുന്നതേയില്ല. യതി, കചന്‍, എന്നീ കഥാപാത്രങ്ങളുടെ വ്യക്തിത്വവും അവരുടേതുമാത്രമായി അവതരിപ്പിക്കുകയാണ്. കഥാപാത്രങ്ങള്‍ എഴുത്തുകാരന്റെ കയ്യിലെ കളിപ്പാവകളല്ല, അവര്‍ സ്വതന്ത്രമായി വളര്‍ന്നുവികസിക്കുന്നു. രണ്ടാമൂഴത്തില്‍ ഭീമസേനന്റെ ആത്മഭാഷണത്തിലൂടെയാണ് കഥ പുരോഗമിക്കുന്നതെങ്കിലും നോവലിസ്റ്റിന്റെ മാനസതലങ്ങളാണ് വരികള്‍ക്കിടയില്‍ തെളിഞ്ഞുവരുന്നത്. എം.ടി. കൃതികളില്‍ പൊതുവെ കാണുന്ന സ്വത്വപ്പകര്‍ച്ച ഈ കൃതിയിലും കാണുന്നുണ്ട്.
കഥാഘടനയില്‍ മൗലികപരിവര്‍ത്തനം വരുത്തുന്നതില്‍ രണ്ടെഴുത്തുകാരും ശ്രദ്ധിച്ചിരിക്കുന്നു. ശുഷ്‌കവും വിരസവുമായ കഥാഭാഗങ്ങള്‍ ഉപേക്ഷിക്കുകയും ചിലയിടങ്ങളില്‍ പുനര്‍വ്യാഖ്യാനത്തിനു വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു നോവലുകളിലും കഥാപാത്രങ്ങള്‍ക്കുള്ള ദൈവികാംശം പൂര്‍ണമായി ഉപേക്ഷിക്കുകയും അവരെ സ്വതന്ത്രമനുഷ്യരായി പരിവര്‍ത്തിപ്പിക്കുകയും ചെയ്തിരിക്കുന്നു. അസംഭവ്യവും അയുക്തികവുമായ ഇതിഹാസപ്രസ്താവങ്ങള്‍ പലതും മാറ്റി യുക്തിഭദ്രമായി അവതരിപ്പിക്കുന്നതില്‍ ഖാണ്ഡേക്കറും എം.ടി.യും ഒരേപോലെ വിജയം കൈവരിച്ചിരിക്കുന്നു. കഥയുടെ കാലത്തിന്റെ വിന്യാസം അനുക്രമമാക്കിത്തീര്‍ക്കാന്‍ (ഇവൃീിീഹീഴശരമഹ ശോല) രണ്ടെഴുത്തുകാരും ശ്രദ്ധിച്ചിട്ടുണ്ട്.
കാല്‍പ്പനികമായ രചനാശൈലിയാണ് ഇരുകൃതികളിലുമുള്ളത്. സാമൂഹികപ്രശ്‌നങ്ങളെ ആവിഷ്‌കരിക്കുന്ന നോവലുകളില്‍ ഉപയോഗിക്കാറുള്ള യഥാതഥശൈലി പൗരാണികേതവൃത്തമുള്ള നോവലുകളില്‍ ഭാവോന്‍മീലനത്തിന് അസമര്‍ത്ഥമാണെന്ന് ഖാണ്ഡേക്കറും എം.ടി.യും മനസ്സിലാക്കിയിട്ടുണ്ട്. അലങ്കാരപ്രയോഗങ്ങളും ഉചിതമായ പദസംഘടനയും കൊണ്ട് കാവ്യാത്മകമായ ഭാഷയാണ് ഇരുനോവലുകളിലും ഉപയോഗിച്ചിട്ടുള്ളത്.
ഒരു പൊതുപ്രവര്‍ത്തകന്‍കൂടിയായ ഖാണ്ഡേക്കര്‍ ബഹിര്‍മുഖനായ എഴുത്തുകാരനാണ്. സാമൂഹികജീവിതവുമായി ബന്ധപ്പെട്ട പല സമസ്യകളിലേക്കും ദൃഷ്ടിപായിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് അതുകൊണ്ടാണ്. സാമൂഹ്യജീവിതത്തിന്റെയും വ്യക്തിജീവിതത്തിന്റെയും ബാഹ്യാഭ്യന്തരതലങ്ങള്‍ വസ്തുനിഷ്ഠമായി അപഗ്രഥിക്കാന്‍ ബഹിര്‍മുഖത്വം കൊണ്ട് ഖാണ്ഡേക്കര്‍ക്കു കഴിഞ്ഞു. ശരീരം-ആത്മാവ്, പാപം-പുണ്യം, ആസക്തി-അനാസക്തി, ത്യാഗം-തൃഷ്ണ തുടങ്ങിയ ദാര്‍ശനികപ്രശ്‌നങ്ങള്‍ യയാതിയില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. മഹാഭാരതത്തിലെ കേവലപരാമര്‍ശത്തില്‍ നിന്നുയര്‍ന്ന് സര്‍വ്വതലസ്പര്‍ശിയായ ഐതിഹാസികകൃതിയായി നിലകൊള്ളുവാന്‍ യയാതിക്കു കഴിയുന്നത് ഗ്രന്ഥകാരന്റെ പ്രവര്‍ത്തനനിരതവും ചിന്താപൂര്‍ണവുമായ മാനസികഘടനയും സാമൂഹികബോധവും കൊണ്ടാണ്. കാഞ്ചനമൃഗം, പാണ്ഡരേഢഗ്, ഉല്‍ക്ക, അശ്രു തുടങ്ങിയ നോവലുകളിലൂടെ വികസിച്ചുവന്ന ഖാണ്ഡേക്കറുടെ  ജീവിത നിരീക്ഷണപാടവം യയാതിയില്‍ പൂര്‍ണതയിലെത്തുന്നുവെന്നു പറയാം.
നാലുകെട്ട്, അസുരവിത്ത്, കാലം, വിലാപയാത്ര തുടങ്ങിയ നോവലുകളിലെ നായകന്മാരില്‍ കാണുന്ന ആത്മനിഷ്ഠഭാവം രണ്ടാമൂഴത്തിലെ ഭീമന്റെ ജൈവസ്വരൂപത്തിലും കാണാം. അന്തര്‍മുഖനായിനിന്ന് വ്യക്തിമനസ്സിനെ അപഗ്രഥിക്കാനാണ് എം.ടി.യുടെ ശ്രമം. വ്യക്തിയുടെ മാനസികഭാവങ്ങളും അനുഭവസങ്കീര്‍ണ്ണതകളും ഏതുകാലത്തും സമാനമാണെന്ന് രണ്ടാമൂഴം സാക്ഷ്യപ്പെടുത്തുന്നു.
ഇതിഹാസത്തില്‍ മങ്ങിയ നിറക്കൂട്ടില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങള്‍ക്ക് ഭാവനയുടെ വര്‍ണം കലര്‍ത്തി വ്യക്തിത്വം നല്‍കാന്‍ ഖാണ്ഡേക്കറും എം.ടി.യും ശ്രദ്ധിച്ചിട്ടുണ്ട്. യയാതിയിലെ കചന്‍, യതി, പുരു തുടങ്ങിയ കഥാപാത്രങ്ങള്‍ കൂടുതല്‍ മിഴിവുള്ളവരായത് ഖാണ്ഡേക്കറുടെ കലാമര്‍മ്മജ്ഞതകൊണ്ടാണ്. ഇതിഹാസത്തിലില്ലാത്ത അളക, മാധവന്‍, താരക തുടങ്ങിയ കഥാപാത്രങ്ങളെ ഖാണ്ഡേക്കര്‍ രൂപപ്പെടുത്തിയതാണ്. എം.ടി.യുടെ പൂര്‍വ്വകാലനായകന്മാരുടെ പിന്‍ഗാമിയാണ് ഭീമസേനന്‍. പഞ്ചപാണ്ഡവരില്‍ എന്നും എപ്പോഴും രണ്ടാമൂഴക്കാരന്‍ മാത്രമായിരുന്ന ഭീമസേനന്‍ ഒന്നാമൂഴത്തിന് അര്‍ഹനാണെന്നു സ്ഥാപിക്കാന്‍ പര്യാപ്തമായ രീതിയിലാണ് രണ്ടാമൂഴത്തിലെ പാത്രസൃഷ്ടി നിര്‍വഹിച്ചിരിക്കുന്നത്. ഭീമസേനന്റെ അപൂര്‍വതേജസ്സില്‍ യുധിഷ്ഠിരന്‍, അര്‍ജ്ജുനന്‍, കര്‍ണ്ണന്‍, കുന്തി, ദ്രൗപദി തുടങ്ങിയ പ്രതിഷ്ഠിതകഥാപാത്രങ്ങളുടെ പുരാണവ്യക്തിത്വം ചോദ്യം ചെയ്യപ്പെടുന്നു. ഘടോല്‍ക്കചന്‍, വിശോകന്‍, ഹിഡിംബി, ബലന്ധര തുടങ്ങിയ അപ്രധാനകഥാപാത്രങ്ങള്‍ മുന്‍നിരയിലെത്തുകയും ചെയ്യുന്നു. ജനഹൃദയങ്ങളില്‍ അടിയുറച്ച പുരാണകഥാംശത്തെ പുതിയൊരു പരിപ്രേക്ഷ്യത്തില്‍ പുനഃസൃഷ്ടിക്കുമ്പോഴും അതില്‍ വിശ്വസനീയതയുടെ അംശങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ എം.ടി.ക്കു കഴിഞ്ഞു.
യയാതിയിലെ യയാതിയും രണ്ടാമൂഴത്തിലെ ഭീമനും സമാനസ്വഭാവഘടനയുള്ള ക്ഷത്രിയന്മാരാണ്. വ്യക്തവും ശക്തവും മൗലികവുമായ തീരുമാനങ്ങളെടുക്കാന്‍ കഴിയാത്ത വൈയക്തികപ്രതിസന്ധി ഇവര്‍ക്കുണ്ട്. പരസ്യമായി പ്രതികരിക്കാന്‍ പലപ്പോഴും ഇവര്‍ മറന്നുപോകുന്നു. വിധിവിധേയത്വം രണ്ടുകഥാപാത്രങ്ങളുടെയും പൊതുസ്വഭാവമാണ്. മുനിശാപവും അതിരുകടന്ന ഭോഗാസക്തിയും യയാതിയെ ആത്മസംഘര്‍ഷത്തിലേക്കും ദുരന്തത്തിലേക്കും നയിക്കുമ്പോള്‍ ബന്ധങ്ങളോടുള്ള വിധേയത്വവും, സ്‌നേഹദൗര്‍ബല്യവും, നിസ്വാര്‍ഥതയും ഭീമസേനനെ ആത്മത്യാഗത്തിലേക്കും നഷ്ടബോധത്തിലേക്കും കൊണ്ടെത്തിക്കുന്നു. ഒഴുക്കിനെതിരെ നീന്തുവാന്‍ കഴിയാത്ത യയാതിയും ഭീമസേനനും ഒട്ടനവധി പരീക്ഷണഘട്ടങ്ങളെ അഭിമുഖീകരിക്കുന്ന നായകന്മാരാണ്.
ദേവയാനിക്കും ദ്രൗപദിക്കും ഇതിഹാസത്തിലേതില്‍നിന്നു വ്യത്യസ്തമായ സമകാലികമായ സ്ത്രീവ്യക്തിത്വമാണ് തങ്ങളുടെ കൃതികളില്‍ രണ്ടെഴുത്തുകാരും കല്‍പ്പിച്ചുകൊടുത്തിരിക്കുന്നത്. അഹന്തയും ആത്മപ്രശംസയും അസൂയയും നിറഞ്ഞ ദേവയാനിയുടെ കുടിലതകളോടൊപ്പം ത്യാഗമൂര്‍ത്തിയും സുശീലയുമായ ശര്‍മിഷ്ഠയേയും അവതരിപ്പിച്ച് ഖാണ്ഡേക്കര്‍ സ്ത്രീമനസ്സിന്റെ ദ്വന്ദ്വാത്മകതലങ്ങള്‍ സ്ഫുടീകരിക്കുന്നു. ഉത്തമകുടുംബിനിയെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് ശര്‍മിഷ്ഠയിലൂടെ വ്യാസോക്തികള്‍ പിന്തുടര്‍ന്ന് ഖാണ്ഡേക്കര്‍ വ്യക്തമാക്കുന്നത്.
സ്വാര്‍ഥയും സ്‌നേഹനാട്യക്കാരിയുമായാണ് ദ്രൗപദി രണ്ടാമൂഴത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. ദ്രൗപദിയുടെ ഉള്‍ത്തെളിവില്ലാത്ത സ്‌നേഹം ഭീമസേനനെ നിരാശാഭരിതനാക്കുകയാണ്. പാണ്ഡവമാതാവായ കുന്തിക്കും മങ്ങിയ മുഖഭാവമാണ് നോവലില്‍. എം.ടി.ക്ക് ഖാണ്ഡേക്കറെപ്പോലെ ഉദാത്തമായ സ്ത്രീവീക്ഷണമുണ്ടെന്നു പറയാന്‍ നിവൃത്തിയില്ല. എം.ടി.യുടെ സ്ത്രീകഥാപാത്രങ്ങള്‍ അപൂര്‍ണരോ അസംതൃപ്തരോ ആയിമാറുന്നത് ഗ്രന്ഥകാരന്റെ വീക്ഷണസങ്കുചിതത്വംകൊണ്ടാണ്. പുരുഷനിലപാടില്‍ നിന്നുകൊണ്ടുമാത്രമാണ് എം.ടി. കഥ പറയാറുള്ളത്.
പൂരു, ഘടോല്‍ക്കചന്‍  എന്നീ കഥാപാത്രങ്ങള്‍ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ആള്‍രൂപങ്ങളായി നോവലുകളില്‍ പ്രത്യക്ഷപ്പെടുന്നു. പൂരു പിതാവിനുവേണ്ടി സ്വന്തം യൗവനം ത്യജിക്കുന്നയാളാണ്. അധികാരത്തേക്കാള്‍ അച്ഛനോടുള്ള കടപ്പാടിനാണ് പൂരു വിലകല്‍പ്പിച്ചത്. രണ്ടാമൂഴത്തിലെ ഘടോല്‍ക്കചന്‍ സ്വന്തം ജീവിതംകൊണ്ട് പിതാവായ ഭീമസേനനോട് കടപ്പാട് കാട്ടി. കുരുക്ഷേത്രയുദ്ധത്തില്‍ ഭീമസേനനുവേണ്ടി വീരചരമം പ്രാപിച്ച ഘടോല്‍ക്കചന് നോവലില്‍ അഭിമന്യുവേക്കാള്‍ ഉയര്‍ന്ന സ്ഥാനം കൈവന്നിരിക്കുന്നു.
നാനാവിധസുഖദുഃഖങ്ങള്‍ പേറുന്ന മനുഷ്യമനസ്സിനേയും അതിന്റെ മുന്നില്‍ മിന്നിത്തെളിയുന്ന സൗവര്‍ണസ്വപ്നങ്ങളേയും അമ്പരപ്പിക്കുന്ന സനാതനസമസ്യകളേയും ചിത്രീകരിക്കാന്‍ സാമൂഹ്യനോവല്‍ അപര്യാപ്തമായി അനുഭവപ്പെട്ടപ്പോഴാണ് ഖാണ്ഡേക്കര്‍ പുരാണകഥാസന്ദര്‍ഭം സ്വീകരിച്ചത്. മഹാഭാരതത്തിലെ ചില മാനുഷികപ്രതിസന്ധികളാണ് രണ്ടാമൂഴത്തിന് പ്രമേയമായതെന്ന് എം.ടി.യും പറയുന്നുണ്ട്. സാമൂഹ്യബോധത്തിന്റെയും വ്യക്തിബോധത്തിന്റെയും ഔചിത്യപൂര്‍ണമായ അവതാരപുസ്തകങ്ങളായി ഈ ഇതിഹാസനോവലുകള്‍ മാറുന്നത് ഉള്ളില്‍തട്ടിയ കഥകള്‍ ഉള്ളില്‍ തട്ടുംവിധം പുനഃസൃഷ്ടിച്ചതുകൊണ്ടാണ്.
ആധുനികമനുഷ്യന്റെ ഭൗതികസുഖങ്ങളോടുള്ള ആസക്തി യയാതി ഉള്‍ക്കൊള്ളുമ്പോള്‍ നഷ്ടപ്പെട്ട സുഖസൗഭാഗ്യങ്ങള്‍ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന വ്യക്തിസ്വഭാവമാണ് ഭീമസേനനില്‍. അധികാരത്തിന്റെ ശക്തിയുപയോഗിച്ച് സുഖഭോഗങ്ങളനുഭവിച്ച് ആത്മീയശൂന്യതയിലേക്ക് നിപതിക്കുന്ന യയാതിയുടെ സംസ്‌കാരം ശാസ്ത്രീയപുരോഗതിയിലൂടെ ഭൗതികനേട്ടങ്ങള്‍ കൊയ്ത് പ്രകൃതിയെ വെല്ലുവിളിക്കുന്ന ആധുനിക സംസ്‌കാരത്തോടടുത്തു നില്‍ക്കുന്നു. അധികാരത്തിന്റെയും ബുദ്ധിയുടെയും ശക്തിയുടെയും തിളപ്പില്‍ മാനുഷികത ബാഷ്പീകരിച്ചുപോകുന്ന അവസ്ഥ യയാതിയേയും ആധുനികനാഗരികജീവിതത്തേയും തമസ്‌കരിക്കുന്നു. രണ്ടാമൂഴത്തിലാകട്ടെ, ശുദ്ധസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉറവകള്‍ വറ്റുമ്പോള്‍ ഏതൊരു മനുഷ്യന്റെയും ഉള്ളില്‍നിന്നുയരുന്ന ആത്മരോദനങ്ങളാണ് മുഴങ്ങിക്കേള്‍ക്കുന്നത്.
ആധുനികസമൂഹത്തിലെ അസംതൃപ്തമായ ലൈംഗികതൃഷ്ണകളേയും അസാന്‍മാര്‍ഗികപ്രവണതകളെയും യയാതിയുടെ ജീവിതചിത്രണത്തിലൂടെ ഖാണ്ഡേക്കര്‍ വിമര്‍ശനവിധേയമാക്കുന്നു. ദേവയാനി, ശര്‍മിഷ്ഠ, മുകുളിക തുടങ്ങി ഒട്ടേറെ സുന്ദരിമാരിലൂടെ അനുഭവിച്ചിട്ടും അസംതൃപ്തനായി ലൈംഗികസുഖാന്വേഷിയായി അലയുന്നവനാണ് യയാതി.
'ലോകത്തു മൂന്നു കാര്യങ്ങള്‍മാത്രമേ സത്യമായുള്ളൂ: നായാട്ട്, മദ്യം, മദിരാക്ഷി. ഇവയുടെ സഹായമുണ്ടെങ്കില്‍ മനുഷ്യന്‍ എല്ലാ ദുഃഖങ്ങളും മറക്കും.'5
എന്ന താല്‍ക്കാലികമായ കണ്ടെത്തലില്‍ ആശ്വാസംകൊണ്ടിരുന്ന യയാതി,
'കാമവും അര്‍ത്ഥവും പുരുഷാര്‍ത്ഥങ്ങളാണ്. പ്രേരകങ്ങളായ പുരുഷാര്‍ത്ഥങ്ങള്‍. എന്നാല്‍ ഈ പുരുഷാര്‍ത്ഥങ്ങള്‍ സ്വച്ഛന്ദം ഓടുന്നവയാണ്. ഈ പുരുഷാര്‍ത്ഥങ്ങള്‍ അന്ധമായിത്തീരുമെന്നു വിശ്വസിക്കാന്‍ വയ്യ. അവയുടെ കടിഞ്ഞാണ്‍ എപ്പോഴും ധര്‍മ്മത്തിന്റെ കൈയിലായിരിക്കണം.'6
എന്ന് പൂരുവിനെ ആശീര്‍വദിച്ചുപദേശിക്കുന്ന ഘട്ടത്തില്‍ മാനസാന്തരത്തിന്റെയും തിരിച്ചറിവിന്റെയും ആശ്വാസത്തില്‍ എത്തിച്ചേരുകയാണ്. സുഖാസക്തിയുടെ ഇരുള്‍വഴികളിലൂടെ സ്വയം മറന്നു സഞ്ചരിക്കുന്ന ആധുനികമനുഷ്യന് മാനസാന്തരം വന്നില്ലെങ്കില്‍ സര്‍വനാശം സംഭവിക്കുമെന്ന ഉള്‍ക്കാഴ്ചയാണ് യയാതിയുടെ സന്ദേശം.
താന്‍ ആഗ്രഹിക്കുന്ന സ്‌നേഹമോ അംഗീകാരമോ കുടുംബാംഗങ്ങളില്‍നിന്നു ലഭിക്കാതെ നൈരാശ്യത്തിന്റെ ഭൂമിയിലലയുന്ന ഭീമസേനന്റെ മനസ്സാണ് രണ്ടാമൂഴത്തില്‍ പ്രതിഫലിക്കുന്നത്. ഒറ്റപ്പെടലിന്റെ വൃഥ അനുഭവിക്കുന്ന ആധുനികനായ വ്യക്തിയുടെ പ്രതിരൂപമാണ് ഭീമസേനന്‍. മഹാഭാരതത്തിലെ സംഘര്‍ഷാത്മകമായ സന്ദര്‍ഭങ്ങളിലെ വ്യാസമൗനങ്ങളിലെ ചില കണ്ടെത്തലുകളാണ് രണ്ടാമൂഴമെന്ന കുടുംബകഥയിലൂടെ എം.ടി. അവതരിപ്പിക്കുന്നത്.
ഭാരതേതിഹാസം യുദ്ധത്തിന്റെ നിരര്‍ത്ഥകത വെളിവാക്കുന്നുണ്ടെങ്കിലും ആധുനികലോകത്തിന്റെ യുദ്ധക്കൊതിയെ ധ്വന്യാത്മകമായി ആവിഷ്‌കരിക്കുകയാണ് ഈ ഇതിഹാസനോവലുകളില്‍. യുദ്ധനൈപുണ്യംകൊണ്ട് ദേവന്‍മാരെപ്പോലും അമ്പരപ്പിച്ച യയാതിക്ക് ഒരു രാജാവെന്ന നിലയില്‍ പ്രജകളെ പരിപാലിക്കാനും അവരുടെ ആദരവ് പിടിച്ചുപറ്റാനും കഴിഞ്ഞില്ല. നിരവധി മനുഷ്യജീവന്‍ കുരുതികൊടുത്തുകൊണ്ട് നേടിയെടുത്ത സാമ്രാജ്യം മനസ്സമാധാനത്തോടെ ഭരിക്കാനാകാതെ ഉപേക്ഷിക്കേണ്ടിവന്നവരാണ് ഭീമസേനനുള്‍പ്പെടെയുള്ള പാണ്ഡവന്‍മാര്‍. യുദ്ധത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച രണ്ടെഴുത്തുകാരിലുമുണ്ട്.
പൗരാണികേതിവൃത്തത്തെ സ്വീകരിച്ചപ്പോള്‍ തന്നെ സമഗ്രമായ സാമൂഹികബോധം രചനയില്‍ പാലിക്കാന്‍ വി.എസ്.ഖാണ്ഡേക്കര്‍ക്കു കഴിഞ്ഞു. അങ്ങനെ യയാതി പുരാണകഥയുടെ ചട്ടക്കൂടില്‍നിന്നും ഇറങ്ങി ആധുനിക രാഷ്ട്രീയസാമ്പത്തികസാംസ്‌കാരികഘടനയെ ആകെത്തന്നെ വിശകലനം ചെയ്യാന്‍ കെല്‍പ്പുള്ള, ഇതിഹാസമാനമുള്ള നോവലായി മാറി. കാലദേശാതിവര്‍ത്തിയായ മര്‍ത്ത്യകഥയായി മഹാഭാരതത്തിലെ ഒരു ഉപകഥയെ പരിവര്‍ത്തിപ്പിച്ചതാണ് ഖാണ്ഡേക്കര്‍പ്രതിഭയുടെ വിജയം. സാമൂഹികപ്രശ്‌നങ്ങളേക്കാള്‍ വൈയക്തികപ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍നല്‍കിക്കൊണ്ടാണ് എം.ടി. രണ്ടാമൂഴം രചിച്ചിരിക്കുന്നത്. ബന്ധങ്ങളുടെ ശൈഥില്യവും അര്‍ത്ഥശൂന്യതയും വ്യക്തിയെ കൊണ്ടെത്തിക്കുന്ന ആത്മനിന്ദയുടെയും പകയുടെയും വിതാനങ്ങള്‍ കണ്ടെത്താനാണ് ഭീമസേനന്റെ അവതരണത്തിലൂടെ എം.ടി. മുതിരുന്നത്. കാവ്യാത്മകവും ആകര്‍ഷകവുമായ രചനാശൈലിയും പുതുമയും അവകാശപ്പെടാമെങ്കിലും ദര്‍ശനഗൗരവത്തിലും സമീപനസമഗ്രതയിലും യയാതിയെക്കാള്‍  പിന്നിലാണ് രണ്ടാമൂഴത്തിന്റെ നില.
ആധുനികജീവിതത്തെസംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ഫലപ്രദമായ ഉപാധി എന്നനിലയില്‍ പുരാണകഥ സ്വീകരിച്ച രണ്ടെഴുത്തുകാരും നമ്മുടെ സംസ്‌കൃതിയുടെ ആധാരശിലകളെക്കുറിച്ച് ഗാഢമായ അവബോധമുള്ളവരാണ്. ഭാരതീയതയുടെ അടിവേരുകള്‍ കണ്ടെത്താനുള്ള ശ്രമമാണ് അവര്‍ നടത്തിയത്. അവരവരുടെ ഭാഷയ്ക്കും രചനാകൗശലത്തിനും യോജിച്ച രീതിയില്‍ ഇതിഹാസകഥയെ വ്യാഖ്യാനിച്ചു പുനരാവിഷ്‌കരിച്ചുവെങ്കിലും ദേശീയസാഹിത്യം എന്ന സങ്കല്‍പ്പത്തിന്റെ പരിധിയിലേക്കുയരുന്ന ഭാവനാവിശേഷമാണ് ഈ കൃതികള്‍വഴി രണ്ടെഴുത്തുകാരും പ്രകടിപ്പിച്ചിട്ടുള്ളത്.

     

 ബഷീറിന്‍റെമൂക്കും വിജയന്‍റെ അരിമ്പാറയും

                                          സാബു കോട്ടുക്കല്‍
 

ജീവിതത്തിന്‍റെ  അയുക്തികതയെക്കുറിച്ച്, അതിന്‍റെ കലാത്മകതയെക്കുറിച്ച് നമ്മള്‍ സംസാരിച്ചുതുടങ്ങിയത് ആധുനിക സാഹിത്യത്തിന്‍റെ കാലത്താണ്. കാഫ്കയുടെ മെറ്റമോര്‍ഫോസിസ് എന്ന കഥയും യുജീന്‍ അയനസ്‌കോയുടെ അമേദി നാടകവും ദാലിയുടെ സറീയലിസ്റ്റിക് പെയിന്റിംഗുകളും, അയുക്തികതയുടെ സൗന്ദര്യാത്മകതയും അതിനുപിന്നിലുള്ള  തിളക്കുമുള്ള ചിന്തയും എന്താണെന്ന് ബോദ്ധ്യപ്പെടുത്തുന്നവയായിരുന്നു. പക്ഷേ ജീവിതത്തിന്റെ കൂടെപ്പിറപ്പാണ് അയുക്തികത. അതുകൊണ്ട് മനുഷ്യന്‍ എന്നുമുതല്‍ കലയിലൂടെ ജീവിതാവിഷ്‌കാരം നടത്തിയോ അന്നുമുതല്‍ ഈ അയുക്തികതയും കലയില്‍ ആവിഷ്‌കാരം നേടി എന്നുപറയാം. 'കൊച്ചിയിലച്ചിക്കു മീശവന്നതും കന്നേറ്റിപ്പാലം വയസ്സറിയിച്ചതും' നാടന്‍പാട്ടില്‍ പറയുമ്പോള്‍ ഇത് വെളിവാകുന്നു. നമ്മുടെ ക്ഷേത്രശില്പങ്ങളുടെ നിര്‍മ്മിതിയില്‍ ഇതുണ്ട്. ഒരു  സിദ്ധാന്തത്തിന്റെയും പിന്‍ബലമില്ലാതെ ജീവിതാവിഷ്‌കാരം നടത്തിയ മനുഷ്യന്‍ യുക്തിക്കപ്പുറമുള്ള ജീവിതം കാണുകയും അതിന് കലയില്‍ പ്രവേശനംനല്‍കുകയും ചെയ്തു എന്നാണ് ഇതെല്ലാം കാണിക്കുന്നത്. അത് സ്വാഭാവികമായ ആവിഷ്‌കാരം നേടലായിരുന്നുതാനും.
നമുക്ക് കാഫ്കയുടെ കഥയിലേക്കു തിരിച്ചുവരാം. നഗരവല്‍കൃത/ യന്ത്രവല്‍കൃത ജീവിതത്തിന്റെ ഭീതിദമായ ചിത്രം ആവിഷ്‌കരിക്കുന്ന മെറ്റമോര്‍ഫോസിസ് എന്ന കഥയില്‍ നായകകഥാപാത്രമായ ഗ്രെഗര്‍സാംസ (അയാള്‍ ഒരു സെയില്‍സ് എക്‌സിക്യൂട്ടീവാണ്) ഒരു കീടമായി രൂപംമാറുന്നു. മനുഷ്യന്‍ കീടമായി മാറുന്ന പ്രതിഭാസം അയുക്തികമാണെന്ന് നമുക്കറിയാം. പക്ഷേ ഒരു കലാസൃഷ്ടിയില്‍ ഇത് സംഭവിക്കുമ്പോള്‍ അയുക്തികതയ്ക്കപ്പുറത്ത്, തെളിഞ്ഞയുക്തിയുടെ ഒരു സൗന്ദര്യതലം ഉണ്ടെന്ന് ശരാശരി വായനക്കാരന്‍പോലും ഗ്രഹിക്കുന്നു. ആ സൗന്ദര്യതലത്തിനുള്ളില്‍ ആശയത്തിന്റെ തലവുമുണ്ട്. വസ്തുക്കളുടെ രൂപപരിണാമത്തെക്കുറിച്ച് ശാസ്ത്രത്തിനുള്ള യുക്തിയാവില്ല കലാസൃഷ്ടികള്‍ക്കുള്ളത്. കലാസൃഷ്ടിയെ മെച്ചപ്പെട്ട നിര്‍മ്മിതിയാക്കുന്നതില്‍ രൂപപരമായ പരിണാമം ഒരു സങ്കേതമായി കലാകാരന്‍ ഉപയോഗിക്കുകയാണ്. കാഫ്കയുടെ കഥ ഒരുദാഹരണം മാത്രം. മുന്‍പ് സൂചിപ്പിച്ച യുജീന്‍ അയനസ്‌കോയുടെ 'റയിനോസറസ്' എന്ന നാടകത്തില്‍ ഒരു നഗരത്തിലെ മനുഷ്യരെല്ലാം കാണ്ടാമൃഗങ്ങളായി മാറുന്നതു ചിത്രീകരിക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് സാഹിത്യസൃഷ്ടികള്‍ ആഖ്യാനതന്ത്രത്തിന്റെ ഭാഗമായി രൂപപരമായ പരിണാമത്തെ സ്വീകരിക്കുന്നു എന്നാണ്.
വസ്തുക്കളുടെ രൂപപരമായ പരിണാമം മുഖ്യമായും മൂന്നുതരത്തില്‍ സംഭവിക്കുന്നു. ഒന്നാമത്തേത് രൂപാന്തരത്വമാണ്. ഒരു വസ്തുവിന്റെ രൂപം പരിണാമത്തിന് വിധേമായി മറ്റൊന്നാകുന്നു. മെറ്റമോര്‍ഫോസിസും റയിനോസറസും ഉദാഹരണങ്ങളാണ്. രണ്ടാമത്തേത് രൂപപരമായ വികാസമാണ്. ഒരു വസ്തുവിന്റെരൂപം ക്രമേണ വികസിച്ചുവരുന്നു. അയനസ്‌കോയുടെ 'അമേദി' എന്ന നാടകത്തില്‍ നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കാലിനെ ചിത്രീകരിക്കുന്നത് ഉദാഹരണമായെടുക്കാം. രൂപപരമായി ഇല്ലാതാകലാണ് ഇനിയൊന്ന്. രൂപം ഉണ്ടായിരുന്ന ഒരുവസ്തു ക്രമേണ പരിണാമത്തിന് വിധേയമാവുകയും ഒടുവില്‍ ഇല്ലാതാവുകയും ചെയ്യലാണ് ഇവിടെ സംഭവിക്കുന്നത്. സക്കറിയയുടെ 'ഹൃദയതാരകം' എന്ന കഥയിലെ നായകകഥാപാത്രമായ സുകുമാരന്‍ കഥാന്ത്യത്തില്‍ ക്ലോസറ്റിലേക്കു ചുരുങ്ങി ഇല്ലാതാകുന്നതായി ചിത്രീകരിച്ചിരിക്കുന്നത് ഉദാഹരണമായെടുക്കാം. കഥാഖ്യാനത്തിന്റെ ഋജുരേഖവിട്ടു സഞ്ചരിക്കാന്‍ കഥാകാരന്മാര്‍ ശ്രമിക്കുമ്പോള്‍ ഇത്തരം ആഖ്യാനരൂപങ്ങളില്‍ ചെന്നെത്തുക സ്വാഭാവികമാണല്ലോ. മലയാളചെറുകഥയിലും ഇത്തരത്തില്‍ രൂപപരമായ പരിണാമത്തെ ആഖ്യാനതന്ത്രത്തിന്റെ ഭാഗമായി സ്വീകരിച്ച കഥകളുണ്ട്. അതിന്റെ ഏറ്റവും മികച്ച രണ്ടു ഉദാഹരണങ്ങളാണ് വൈക്കം മുഹമ്മദു ബഷീറിന്റെ 'വിശ്വവിഖ്യാതമായ മൂക്കും' ഒ.വി.വിജയന്റെ 'അരിമ്പാറയും'. പലനിലകളിലും സമാനതകള്‍ പുലര്‍ത്തുന്ന, അതിലുപരി വൈവിദ്ധ്യം പുലര്‍ത്തുന്ന, ഈ രണ്ടുകഥകള്‍ ചേര്‍ത്തുവച്ച് വായിക്കുന്നത് വ്യത്യസ്തമായൊരനുഭവമായിരിക്കും.
ബഷീറിനും വിജയനും മലയാളകഥയിലെ രണ്ടുകാലഘട്ടങ്ങളെ/ പ്രവണതകളെ അടയാളപ്പെടുത്തുന്നവരാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല. പുറമേ നോക്കുമ്പോള്‍ ഈ രണ്ടു എഴുത്തുകാരുടെയും ആഖ്യാനസ്വരം വ്യത്യസ്തമായിരുന്നു എന്നു തോന്നാം. ഏറെക്കുറെ അത് യാഥാര്‍ത്ഥ്യമാണുതാനും. എന്നാല്‍ ഈ രണ്ടു കഥാകാരന്മാരെയും അടുപ്പിച്ചുനിര്‍ത്തുന്ന പലഘടകങ്ങളും ഉണ്ടായിരുന്നു. ബഷീര്‍ കഥയെഴുത്തിനെ കണ്ടത് സ്വത്വപ്രകാശനത്തിനുള്ള ഉപാധികൂടിയായിട്ടാണ്. തന്റെ ശരീരവും മനസ്സും കഥാഖ്യാനത്തിന്റെ ഭാഗമായിക്കണ്ടുകൊണ്ട് ബഷീര്‍ എഴുതി. സ്വയം കഥാപാത്രമായി നിന്നുകൊടുത്തുകൊണ്ടാണ് അദ്ദേഹം കഥപറഞ്ഞത്. വിജയന്റെ കഥകളില്‍ എഴുത്തുകാരന്റെ വ്യക്തിസത്ത ഇത്രത്തോളം പ്രകടമല്ലെങ്കിലും സൂക്ഷ്മമായ വിശകലനത്തില്‍ വ്യക്തിസത്ത തെളിഞ്ഞുവരുന്നതും കാണാം. അദ്ദേഹത്തിന്റെ നായകകഥാപാത്രങ്ങള്‍ ചിന്തിക്കുന്നതും പെരുമാറുന്നതും പലപ്പോഴും വിജയന്റെ ചിന്താലോകത്തിന് ഇണങ്ങും മട്ടിലാണ്. പ്രതിഭയുടെ ചിത്തഭ്രമം ഈ രണ്ടുകഥാകാരന്മാരിലും ഒരളവുവരെ ഉണ്ടായിരുന്നു. ദുരന്തവും കോമഡിയും തമ്മില്‍ സവിശേഷമായി കൂട്ടിയിണയുവാന്‍ രണ്ടു കഥാകാരന്മാരും കാണിച്ച താല്പര്യവും ശ്രദ്ധേയമാണ്. കഥയില്‍ വിജയന്‍ ചെയ്തത്ര പരീക്ഷണങ്ങള്‍ ബഷീര്‍ നടത്തിയിട്ടില്ല എന്ന് നമുക്ക് വാദിച്ചുറപ്പിക്കാന്‍ കഴിഞ്ഞേക്കും. അതുപോലെ രതി എന്ന വിഷയത്തെ വിജയന്‍ മനോഹരമായി കൈകാര്യം ചെയ്തിരുന്നു. എന്നാല്‍ നമ്മള്‍ ഓര്‍ക്കേണ്ട ഒന്നുണ്ട്. ബഷീറിന്റെ  കഥകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ കാലം മുതല്‍ അതിന് കാലക്രമത്തില്‍ പ്രമേയപരമായി സംഭവിച്ച വ്യതിയാനവും അതാവിഷ്‌കരിക്കുന്നതില്‍ അദ്ദേഹം കാട്ടിയ ധൈര്യവും ശ്ലാഘിക്കപ്പെടേണ്ടതാണ്. 'ശബ്ദങ്ങള്‍' പോലെയുള്ള രചനകള്‍ അതുണ്ടായകാലത്തെ ധീരമായ പരീക്ഷണമായിരുന്നു. വിജയന്റെ മികച്ചരചനകള്‍ വരുമ്പോഴേയ്ക്കും ലോകസാഹിത്യത്തില്‍ത്തന്നെ പലപുതുപ്രസ്ഥാനങ്ങളും പ്രവണതകളും വന്നുകഴിഞ്ഞിരുന്നു. ആധുനികത മലയാളത്തിന്റെ മണ്ണില്‍ നല്ലവേരോട്ടമുള്ള പ്രസ്ഥാനമായി വളര്‍ന്നുകഴിഞ്ഞപ്പോഴാണ് വിജയന്റെ രചനയില്‍ അദ്ഭുതങ്ങള്‍ സംഭവിച്ചത്. ബഷീറിനെയും വിജയനെയും താരതമ്യം ചെയ്യുമ്പോള്‍ ഈ വസ്തുതകള്‍ മറക്കാന്‍ പാടില്ലാത്തതാണ്. മൂക്കും അരിമ്പാറയും ചേര്‍ത്തുവച്ചുവായിക്കുമ്പോഴും ഈ കാര്യങ്ങള്‍ ഓര്‍ക്കേണ്ടിവരും.
രണ്ടു കഥകളും ശക്തമായ രാഷ്ട്രീയം ഉള്‍ക്കൊള്ളുന്നുണ്ട്. രണ്ടും പ്രതീകസ്വഭാവമുള്ള കഥകളാണ്. ബഷീറിന്റെ കഥയില്‍ മൂക്കിനെ അധികാരത്തിന്റെ സിംബലായി കൊണ്ടുവരികയാണ്. കൗതുകം ജനിപ്പിക്കുന്ന ഒരു ഫലിതം മാത്രമായി 'വിശ്വവിഖ്യാതമായ മൂക്ക്' വായിക്കുമ്പോള്‍ വായനക്കാരന്‍ ചതിക്കുഴിയില്‍ അകപ്പെട്ടു പോകുന്നു. ആ കഥ ഉന്നയിക്കുന്ന രാഷ്ട്രീയം നാം മനസ്സിലാക്കാതെപോകുന്നു. മൂക്കിനെ അധികാരത്തിന്റെ ശക്തമായ പ്രതീകമാക്കി നിര്‍ത്തിക്കൊണ്ട് സമകാലിക രാഷ്ട്രീയത്തെയും അധികാരത്തെയും കുറ്റവിചാരണ ചെയ്യുകയാണ് ബഷീര്‍. 'മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ്' എന്ന ശൈലിക്ക് സാമാന്യവ്യവഹാരത്തില്‍പ്പോലും സാന്നിദ്ധ്യമുള്ള മലയാളത്തില്‍ ബഷീര്‍ ബോധപൂര്‍വമാകാം മൂക്കിനെ ബിംബവല്‍ക്കരിച്ചത്. അതിന്റെ പിന്നിലെ രാഷ്ട്രീയഫലിതം ശ്രദ്ധേയമാണ്. ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍ കൊണ്ടാടപ്പെടുന്ന അയുക്തികസ്വാഭാവികതകളെ (അയൗെൃറ ിീൃാമഹശ്യേ) അതിന്റെ സര്‍വവ്യാപിയായ കോമാളിത്തത്തോടെ ഈ കഥയില്‍ ബഷീര്‍ അവതരിപ്പിച്ചിട്ടുണ്ട്. അധികാരം നിഷ്‌കളങ്കമായൊരു വിഡ്ഢിത്തമായി മാറുന്നതെങ്ങനെയെന്ന് ഈ കഥ കാട്ടിത്തരുന്നു. ഹോട്ടലിലെ കുശിനിപ്പണിക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അദ്ഭുതകരമായ മാറ്റം, അതിനെല്ലാം നിമിത്തമാകുന്ന മൂക്ക്, മൂക്കിന്റെ ആരാധകര്‍, അതിന്റെ വിമര്‍ശകര്‍ തുടങ്ങി കഥയില്‍ വിവരിക്കുന്ന എല്ലാ വസ്തുതകള്‍ക്കും പിന്നില്‍ കൃത്യമായ കണക്കുകൂട്ടലുണ്ട്. ജനാധിപത്യരാജ്യത്ത് എപ്പോഴും പ്രതികൂട്ടിലാകാന്‍ യോഗ്യത നേടുന്നത് ജനതതന്നെയാണ്. ചെറുമൂക്കന്മാരുടെ ഇടയില്‍ ഒരു മുഴുനീളമൂക്കന്‍ നേടുന്ന സൗഭാഗ്യങ്ങളുടെ കഥയില്‍ ശക്തമായ രാഷ്ട്രീയം ബഷീര്‍ ഒളിച്ചുവയ്ക്കുന്നുണ്ട്. മൂക്കന്‍ മൂക്കശ്രീമൂക്കന്‍ എം.പിയും എം. ലിറ്റും ഡി. ലിറ്റുമാകുന്ന രാഷ്ട്രീയദുരന്തത്തെ ചിരിയുടെ അകമ്പടിയോടെ ബഷീര്‍ അവതരിപ്പിക്കുകയാണ്. ജനാധിപത്യം വഴിതെറ്റുമ്പോള്‍ അധികാരം കോമളിക്കളിയായി മാറുന്നു. 'വിശ്വവിഖ്യാതമായി മൂക്ക്' മുന്നോട്ടു വയ്ക്കുന്ന ലളിതമായ രാഷ്ട്രീയം അതാണ്.
അടിയന്തിരാവസ്ഥയുടെ പാശ്ചാത്തലത്തിലാണ് ഒ.വി. വിജയന്‍ 'അരിമ്പാറ' എന്ന കഥയെഴുതിയത്. പ്രഥമവായനയില്‍ത്തന്നെ ഈ  കഥ ശരാശരിയ്ക്കും അപ്പുറത്ത് നില്ക്കുന്ന കഥയാണെന്ന് വായനക്കാരന്‍ തിരിച്ചറിഞ്ഞിരുന്നു. രചനയുടെ വഴികളില്‍ രഹസ്യാത്മകസഞ്ചാരത്തിന് താല്പര്യമുള്ള ഒരാളാണ് കഥാകാരനെന്ന മുന്നറിവും നമുക്കുണ്ട്. അതുകൊണ്ടുതന്നെ സവിശേഷമായൊരു പരിപ്രേക്ഷ്യത്തിലാണ് അരിമ്പാറയെ വിലയിരുത്തേണ്ടത്. ബഷീറിന്റെ കഥ ഒരയുക്തിക യാഥാര്‍ത്ഥ്യത്തെ യുക്തിഭദ്രമായ ഫലിതമാക്കി ചിത്രീകരിക്കുവാനാണ് ശ്രമിച്ചത്. എന്നാല്‍ അരിമ്പാറ ഒരു പേടിസ്വപ്നംകാണുന്ന അനുഭവമുണ്ടാക്കുന്നു. യുക്തിക്കപ്പുറമുള്ള ഭ്രമാത്മകവും ഭീതിദവുമായതലം അരിമ്പാറയ്ക്കുണ്ട്. അധികാരത്തിന്റെ ഭിന്നസ്വരങ്ങള്‍ ആ കഥ ഉന്നയിക്കുന്നു. കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രത്തെ മൊത്തത്തിലും ചൂഴുന്നു നില്‍ക്കുന്ന പ്രതിഭാസമാണ് അധികാരം. അവിടെ വര്‍ഗ്ഗബന്ധങ്ങളുടെ-സ്ത്രീ/പുരുഷന്‍, ദളിതന്‍/സവര്‍ണ്ണന്‍-തലവുമുണ്ട്. ആശ്രയവും പ്രതീക്ഷയുമായ അധികാരം പീഡനയന്ത്രമായി മാറുന്നതിന്റെ ഭീകരദൃശ്യം ഈ കഥ കാട്ടിത്തരുന്നു. കഥയുടെ പ്രമേയഘടനയില്‍ ഇക്കാര്യങ്ങളെല്ലാം വിദഗ്ദ്ധമായി കൂട്ടിയിണക്കപ്പെടുന്നു. ചോരയും ചലവും പൈശാചികമായ രതിയും മൃതിയും ശവഭോജനവും- ആകെക്കൂടി ഒരിരുണ്ട ലോകത്തിന്റെ ചിത്രം ദുരന്തഫലിതരൂപത്തില്‍ വിജയന്‍ ചിത്രീകരിക്കുന്നു. സമൂഹത്തിന്റെ ജൈവഘടനയോടു പൊരുത്തപ്പെടാത്ത ആശയത്തെ പോറ്റിവളര്‍ത്തു ന്നതിന്റെ ദുരന്തമെന്തെന്ന് ഈ കഥ കാട്ടിത്തരുന്നു.
ഈ രണ്ടുകഥകളും രൂപപരമായ വികാസം എന്ന രചനാതന്ത്രത്തെയാണ് അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്. ബഷീറിന്റെ കഥയില്‍ ഒരു മൂക്ക് നിരന്തരം വളരുന്നു. അതുപോലെ വിജയന്റെ കഥയില്‍ അരിമ്പാറ വളരുന്നു. പക്ഷേ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. മൂക്ക് ശരീരത്തിലെ ഒരവയവമാണ്. അത് പഞ്ചേന്ദ്രിയങ്ങളില്‍ ഒന്നുമാണ്. അതുകൊണ്ടുതന്നെ അതിനെ അവഗണിക്കാനാവില്ല. പിന്നെ പ്രശ്‌നം സൃഷ്ടിക്കുന്നത് അതിന്റെ വളര്‍ച്ചയാണ്. മൂക്കിന്റെ അസാധാരണമായ വളര്‍ച്ച ഒരുഘട്ടംവരെ അതിന്റെ ഉടമസ്ഥനെ വിഷമിപ്പിച്ചെങ്കിലും ക്രമേണ അത് ഗുണമായിത്തീരുകയാണ്. ഒരസ്വാഭാവികത പെട്ടെന്ന് ജനങ്ങളുടെ കൗതുകത്തെ തൊട്ടുണര്‍ത്തിക്കൊണ്ട് വാര്‍ത്തകളില്‍ നിറയാം. വെറുപ്പും പരിഹാസവും അതിന് നേരിടേണ്ടിവരും. ക്രമേണ ആ അസ്വാഭാവികത തികഞ്ഞ യാഥാര്‍ത്ഥ്യമാണെന്ന് ജനം വിചാരിക്കുന്നു. അപ്പോള്‍ വെറുപ്പും പരിഹാസവും മാഞ്ഞുതുടങ്ങുകയും തല്‍സ്ഥാനത്ത് ആരാധന കടന്നുവരികയും ചെയ്യും. ജനാധിപത്യത്തിന്റെ കളിയാണത്. മൂക്കന്റെ ജീവിതത്തിലെ ഗതിവിഗതികള്‍ ഇക്കാര്യം അടിവരയിട്ടുറപ്പിക്കുന്നണ്ട്. മൂക്കിനെച്ചൊല്ലിയുള്ള ചേരിതിരിഞ്ഞുള്ള കലഹങ്ങള്‍, വ്യാജപ്രചാരണങ്ങള്‍, അന്വേഷണകമ്മീഷന്‍ തുടങ്ങി കഥയില്‍ ഇടംനേടുന്ന മറ്റുകാര്യങ്ങളെല്ലാം ഇതിന്റെ തുടര്‍ച്ചയായി വരുന്നതാണ്. ഈ ജനാധിപത്യഫലിതം ഇന്നും നിലനില്‍ക്കുന്നതിനാല്‍ വ്യാഖ്യാനങ്ങള്‍ കൂടാതെതന്നെ ബഷീറിന്റെ കഥയിലെ രാഷ്ട്രീയം നമുക്ക് വായിച്ചെടുക്കാനാവും. ഇതൊന്നും ഒഴിവാക്കാനാവാത്തവിധം രാഷ്ട്രീയഘടനയുടെ ഭാഗമായിക്കഴിഞ്ഞു. അതാണ് മൂക്കിനെ സംബന്ധിച്ച യാഥാര്‍ത്ഥ്യം. പക്ഷേ  അരിമ്പാറ ശരീരത്തിന്റെ ഭാഗമല്ല. മാത്രമല്ല അതൊരധികപ്പറ്റാണ്. ഈ വ്യത്യാസം കാണാതിരുന്നുകൂടാ. ഒഴിവാക്കാമായിരുന്ന ദുരന്തത്തെ ലാളിച്ചുവളര്‍ത്തിയതിന്റെ കെടുതിയെന്തെന്ന് കഥബോദ്ധ്യപ്പെടുത്തുന്നു. മൂക്കിനെ ബഷീര്‍ പ്രതീകവല്കരിക്കുന്നതുപോലെ വിജയന്‍ അരിമ്പാറയെയും പ്രതീകമാകുന്നു. അരിമ്പാറ അധികാരത്തെ പ്രതിനിധീകരിക്കുന്ന സന്ദര്‍ഭം കഥയില്‍ വന്നുചേരുന്നുണ്ട്. പക്ഷേ കഥയിലാദ്യന്തം അങ്ങനെ ഒരേകമാന പ്രതീകമായി അരിമ്പാറയെ നിര്‍ത്തുവാന്‍ കഥാകാരന്‍ ആഗ്രഹിച്ചിട്ടില്ലെന്നു കാണാം. പ്രതീകത്തിന്റെ ആശയതലം മാറിക്കൊണ്ടിരിക്കുന്നു. ജനാധിപത്യരാജ്യമായ ഭാരതത്തിന് ജനാധിപത്യത്തെ ബലികഴിച്ചുകൊണ്ട് അധികാരസ്ഥാനത്തെ നിലനിര്‍ത്തുവാനാവില്ല. അതിനകത്തെ മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്താമെന്നുമാത്രം. എന്നാല്‍ അധികാരത്തിന്റെ മറ്റൊരനുഭവതലമായ അടിയന്താരാവസ്ഥ ഒഴിവാക്കാവുന്ന അഥവാ ഒഴിവാക്കേണ്ട ദുരന്തമാണ്. ശരീരത്തില്‍ വളരുന്ന, ശരീരത്തെ കഷ്ടപ്പെടുത്തിക്കൊണ്ടു വളരുന്ന അരിമ്പാറ മുറിച്ചു മാറ്റേണ്ടതുതന്നെയാണ്. പക്ഷേ കഥാനായകന് അത് മുറിച്ചുമാറ്റാന്‍ മനസ്സുവരുന്നില്ല. സ്‌നേഹപൂര്‍ണ്ണമായ ഉപദേശങ്ങളും എതിര്‍പ്പുകളും പലഭാഗത്തുനിന്നും ഉണ്ടായിട്ടും തനിക്ക് പ്രിയപ്പെട്ട പലതും നഷ്ടമായിട്ടും അയാളതിന് തയ്യാറാകുന്നില്ല. അടിയന്താരാവസ്ഥയുടെ ആദ്യനാളുകളില്‍ ചിലരെങ്കിലും അതിന്റെ നന്മയില്‍ വിശ്വാസമര്‍പ്പിച്ചിരുന്നു എന്ന് നാം ഓര്‍ക്കണം. എന്നാല്‍ ക്രമേണ അതിന്റെ ഭീഷണത എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ടു. മാരകമായ പല വിപത്തുകളും മോഹിപ്പിച്ചുകൊണ്ടാവും കടന്നുവരുക. അരിമ്പാറയുടെ വരവ് നോക്കുക. കഥാനായകന്റെ കിഴ്ച്ചുണ്ടിനുതാഴെ ആദ്യമായി അരിമ്പാറ പ്രത്യക്ഷപ്പെട്ടപ്പോള്‍ അയാള്‍ക്കും ഭാര്യയ്ക്കും അതിനോടുള്ള പ്രതികരണം സൗഹാര്‍ദ്ദപൂര്‍ണ്ണമായിരുന്നു. ഭാര്യ ആ അരിമ്പാറയെ കഠിനമായി സ്‌നേഹിച്ചിരുന്നു. നാളുകള്‍ കടന്നുപോകവേയാണ് അരിമ്പാറ യഥാര്‍ത്ഥസ്വഭാവം പ്രകടിപ്പിച്ചു തുടങ്ങിയത്. അരിമ്പാറയുടെ വളര്‍ച്ചയും അതിനുവന്ന നിറപ്പകര്‍ച്ചയുമെല്ലാം ക്രമേണ അരിമ്പാറയോടും അത് പേറുന്ന ആളോടുമുള്ള വെറുപ്പായി മാറുന്നു. സ്വാഭാവികമായി മകനെയും അതിന്റെ സാമീപ്യത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ഭാര്യ ശ്രമിക്കുന്നു. ഇതെല്ലാം കഥാനായകനിലുണ്ടാക്കുന്ന മാനസികസംഘര്‍ഷം ഒരുവശത്ത്. അരിമ്പാറയുടെ വളര്‍ച്ചയും അതിന്റെ അധികാരരൂപീകരണവും മറുവശത്ത്. ഇതെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് ഈ കഥയിലെ സുതാര്യമായ രാഷ്ട്രീയം വായിച്ചെടുക്കേണ്ടത്.
ബഷീറും വിജയനും സ്വകൃതികളില്‍ ശക്തമായ രാഷ്ട്രീയം കൊണ്ടുവരാന്‍ ശ്രമിച്ച എഴുത്തുകാരാണ്. ബഷീര്‍ കൃതികളില്‍ അത് പ്രകടമായിരുന്നില്ലെന്നു മാത്രം. വിശ്വവിഖ്യാതമായ മൂക്കുപോലൊരു കഥയെ അതിന്റെ രാഷ്ട്രീയം മറുന്നുകൊണ്ട് പഠിക്കാന്‍ ശ്രമിക്കുന്നത് കുറ്റകരമാണ്. അതുപോലെ മൂക്കില്‍നിന്ന് അരിമ്പാറയിലേക്കുള്ള ദൂരം രണ്ടുകഥകളുടെയും ആഖ്യാനസ്വരത്തെയും ദര്‍ശനവ്യതിയാനത്തെയും  എങ്ങനെയെല്ലാം അടയാളപ്പെടുത്തുന്നു എന്നും അന്വേഷിക്കാവുന്നതാണ്. രൂപപരമായവികാസം എന്ന രചനാതന്ത്രത്തെ മലയാളത്തിലെ രണ്ടു തലമുറയിലെ മികച്ച രണ്ടു കഥാകൃത്തുകള്‍ സ്വീകരിച്ചത് യാദൃശ്ചികമാവാം. ഈ യാദൃശ്ചികതയുടെ കൗതുകത്തില്‍ നിന്നുകൊണ്ടാണ് രണ്ടുകഥകളും ചേര്‍ത്തുവച്ച് വായിക്കാന്‍ ശ്രമിച്ചത്. ഇത്തരം വായനകള്‍ കൃതിയെയും എഴുത്തുകാരനെയും പുതിയ പരിപ്രേക്ഷ്യത്തില്‍ വിലയിരുത്താന്‍ ഇടനല്‍കിയേക്കും എന്നുതോന്നുന്നു.

              

                     കഥകടന്ന് കക്ഷിരാഷ്ട്രീയത്തിന്‍റെ ഇടയിലേക്ക്

                                                        ഉണ്ണി സദാശിവന്‍


                                                                 ടി. പദ്മനാഭന്‍
                                      
ഴുത്തുകാരന്റെ രാഷ്ട്രീയം എന്നൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് പുച്ഛവും തമാശയുമാണ് തോന്നുക.
മലയാളത്തിലെ ഏറ്റവും വലിയ കഥാകാരന്‍ എന്ന് സ്വന്തം ആശ്രിതന്മാരും വൈതാളികരും വിശേഷിപ്പിച്ചുപോരുന്ന ശ്രീ. ടി. പദ്മനാഭന്റെ വാക്കുകളാണിത്. പദ്മനാഭന് എഴുത്തുകാരന്റെ രാഷ്ട്രീയം എന്നൊക്കെ കേള്‍ക്കുമ്പോള്‍ പുച്ഛവും തമാശയും തോന്നുമത്രെ.
മാധ്യമങ്ങള്‍ കെട്ടിപൊക്കി എഴുന്നള്ളിക്കുന്ന ചില പൊള്ള വിഗ്രഹങ്ങള്‍ മലയാളിയില്‍ ആഴത്തില്‍ ദുസ്വാധീനം ചെലുത്തിപ്പോന്നതിന്റെ ദോഷഫലങ്ങള്‍ ഈ നാട് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഔചിത്യബോധമില്ലാതെ അസ്ഥാനത്ത് വായില്‍ തോന്നിയ വിഡ്ഢിത്തങ്ങള്‍ വിളിച്ചുപറയുന്ന ഇത്തരം കാപട്യക്കാരായ പേനക്കലാകാരന്മാര്‍ വിവേചനബുദ്ധിയുള്ള വായനക്കാരെ തങ്ങളുടെ നിലവാരമില്ലായ്മയുടെ നഗ്നതകൊണ്ട് ലജ്ജിപ്പിക്കുന്നു.
ഏതാനും വായനായോഗ്യമായ കഥകളെഴുതിയിട്ടുള്ള ഒരു ഇടത്തരം കഥാകൃത്താണ് ശ്രീമാന്‍ പദ്മനാഭന്‍. ഒരേ രാഗത്തില്‍തന്നെയുള്ള വിസ്താരങ്ങളാണ് പദ്മനാഭന്റെ കഥകളെന്ന് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നിരൂപകശ്രേഷ്ഠന്‍ വരെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭാഷയില്‍ സ്തംഭനം സംഭവിച്ച കഥാകൃത്താണ് പദ്മനാഭന്‍ എന്നാണ് പ്രസ്തുതരൂപകന്റെ പക്ഷം. പുതിയ വായനക്കാരന് പദ്മനാഭന്റെ ഭാഷ ചെടിക്കും. മലയാളത്തിലെ പുതിയ കഥാകൃത്തുക്കളുടെ കഥകളും പദ്മനാഭന്റെ കഥകളും തമ്മില്‍ സത്യസന്ധമായ ഒരു താരതമ്യം നടത്തിയാല്‍ പദ്മനാഭന്‍ എവിടെ നില്‍ക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം സാമാന്യബുദ്ധിയുള്ള വായനക്കാര്‍ക്കു മാത്രമല്ല ശ്രീമാന്‍ എം.വി. ദേവനുപോലും അറിയാം. പുറത്തു പറയാത്തത് പേടികൊണ്ട് മാത്രമാണ്.
സാക്ഷാല്‍ സുകുമാര്‍ അഴീക്കോടിനുപോലും പദ്മനാഭനെ ഭയമാണ്. എം.ടി.യാണോ പദ്മനാഭനാണോ വലിയ എഴുത്തുകാരന്‍ എന്ന ലളിതവും, മലയാളസാഹിത്യത്തില്‍ സാമാന്യപരിചയമുള്ള കുട്ടികള്‍ക്കുപോലും രണ്ടാമതൊന്ന് ആലോചിക്കാതെ ഉത്തരം പറയാവുന്നതുമായ ചോദ്യത്തില്‍ നിന്ന് ഒരിക്കല്‍ അഴീക്കോട് ഒഴിഞ്ഞു മാറുകയുണ്ടായി.
(പച്ചമലയാളം മാസിക, ലക്കം : ജനുവരി 2004) സാഗരഗര്‍ജനം നടത്തുന്ന ആ ഉന്നത വിമര്‍ശകന്‍ എം.ടി. എന്ന രണ്ടക്ഷരം  ഉത്തരമായി ഉച്ചരിക്കാന്‍ അറച്ചതെന്തേ ? പേടി. ശുദ്ധമായ പേടി. എത്രയൊക്കെ സാഗരഗര്‍ജ്ജകനായാലും തെരുവില്‍ക്കൂടി നടക്കണമെങ്കില്‍ ചിലരെ നമ്മള്‍ പേടിക്കണമല്ലോ. അത്തരക്കാരെ പ്രകോപിപ്പിക്കാത്തതാണല്ലോ മാനത്തിനു നല്ലത്. അഴീക്കോട് അക്കിടിപറ്റാന്‍ അറിഞ്ഞുകൊണ്ട് ചെന്നു വീണുകൊടുക്കുന്ന ആളല്ല.
ഒരു ജനതയെ സംബന്ധിച്ച് പരമപ്രധാനമായ വിഷയം രാഷ്ട്രീയം തന്നെയാണ്. തീര്‍ച്ചയായും അങ്ങനെതന്നെയായിരിക്കുകയും വേണം. അങ്ങനെയല്ലെങ്കില്‍ ഒന്നിനും കൊള്ളാത്തവന്മാരും ചെറ്റകളും ക്രിമിനലുകളും രാഷ്ട്രീയത്തില്‍ അടിഞ്ഞുകൂടും. അതിനാല്‍ സമൂഹത്തില്‍ അരാഷ്ട്രീയത കുത്തിവയ്ക്കുന്നവര്‍ ആരായാലും അവരെ സാമൂഹ്യവിരുദ്ധരായിത്തന്നെ കാണണം.
സമൂഹത്തില്‍ തിരുത്തല്‍ ശക്തിയായിത്തീരേണ്ട എഴുത്തുകാരന് രാഷ്ട്രീയ ബോധമുണ്ടാവേണ്ടത് അതുകൊണ്ടുതന്നെ അത്യാവശ്യമാണ്. പക്ഷേ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, പദ്മനാഭനെപോലുള്ള എഴുത്തുകാരെ രാഷ്ട്രീയ ദര്‍ശനങ്ങളോ പ്രത്യയശാസ്ത്രമോ ആദര്‍ശങ്ങളോ അല്ല ഭരിക്കുന്നത്. കേവലം കക്ഷി രാഷ്ട്രീയത്തിന്റെയും സ്വജനപക്ഷരാഷ്ട്രീയത്തിന്റെയും നിസ്സാരതകളില്‍ അഭിരമിച്ചുകൊണ്ട് നമ്മെ നാണം കെടുത്തുകയാണവര്‍.
സമൂഹത്തില്‍ നടക്കുന്ന സകല സംഗതികള്‍ക്കും നേരെ പ്രതികരിക്കേണ്ട ബാധ്യതയൊന്നും എഴുത്തുകാരനുണ്ടെന്നു പറയാനാവില്ലല്ലോ. നമ്മുടെ എഴുത്തുകാരില്‍ ഒരു ന്യൂനപക്ഷം മാത്രമാണ് എഴുത്തിലും ജീവിതത്തിലും മിനിമം സാമൂഹ്യവീക്ഷണവും സാമൂഹ്യബോധവും പ്രകടിപ്പിക്കുന്നത്. അല്ലാത്തവര്‍ പുരസ്‌കാരവും പ്രവൃത്തിയും ഇരിപ്പിടവും മാത്രം ലക്ഷ്യം കണ്ട് സ്വജീവിതം അനുദിനം ആക്രാന്തവല്‍ക്കരിച്ചു കൊണ്ടിരിക്കുകയാണ്.
സാഹിത്യം ചിന്തയുടെ മേഖലയാണ്. ചിന്താലേശമില്ലാത്ത സാഹിത്യം സാഹിത്യമാവുകയില്ല. രാഷ്ട്രീയത്തെ ഒഴിച്ചുനിര്‍ത്തിക്കൊണ്ട് ഒരെഴുത്തുകാരനും എഴുത്തുകാരനായിരിക്കാന്‍ കഴിയുകയില്ല. നിഷ്പക്ഷത എന്ന മിഥ്യയെ മുഖംമൂടിയാക്കുന്നവര്‍ ഒന്നാംതരം കള്ളന്മാരാണ്.
എല്ലാ നല്ല എഴുത്തുകാര്‍ക്കും രാഷ്ട്രീയമുണ്ട്. രാഷ്ട്രീയമെന്നു കേള്‍ക്കുമ്പോള്‍ ടി. പദ്മനാഭനെപ്പോലുള്ളവര്‍ മനസ്സിലാക്കുന്നത് കക്ഷിരാഷ്ട്രീയം എന്നാണ്. അതാണ് അദ്ദേഹത്തിന് എഴുത്തുകാരന്റെ രാഷ്ട്രീയം എന്നു കേള്‍ക്കുമ്പോള്‍ പുച്ഛച്ചിരി വരുന്നത്. പ്രിയപ്പെട്ട പദ്മനാഭന്‍, താങ്കളെപ്പോലുള്ളവര്‍ക്ക് അത് മനസ്സിലാവുകയില്ല. കെ.പി. അപ്പന്റെ ഭാഷ കടമെടുത്തു പറഞ്ഞാല്‍, അത് സൂക്ഷ്മരാഷ്ട്രീയത്തിന്റെ പ്രശ്‌നമാണ്. അരാഷ്ട്രീയതയെ ഘോഷിക്കുന്ന, രാഷ്ട്രീയമായി മൂരാച്ചി സ്വഭാവം പുലര്‍ത്തുന്ന ശ്രീമാന്‍ കെ.പി. അപ്പനുപോലും അതുണ്ട്. തരംതാണ കക്ഷിരാഷ്ട്രീയത്തിന്റെയും സ്വജനപ്രീണനത്തിന്റെയും പരിഹാസ്യമായ പ്രതികരണമേളയല്ല അത്.
രാഷ്ട്രീയ നിഷ്പക്ഷത വിദഗ്ധമായി അഭിനയിക്കുന്ന ആളാണ് പദ്മനാഭന്‍. അദ്ദേഹത്തിന് യഥാര്‍ത്ഥ രാഷ്ട്രീയത്തിന്റെ ഭാഷ മനസ്സിലാവുകയില്ല. കക്ഷിരാഷ്ട്രീയത്തിന്റെ  ഭാഷയേ മനസ്സിലാവൂ. എഴുത്തുകാരന്റെ രാഷ്ട്രീയം എന്നു കേള്‍ക്കുമ്പോള്‍ തനിക്ക് പുച്ഛമാണെന്നു പറയുന്ന, കക്ഷിരാഷ്ട്രീയത്തിന്റെ അഴക്കുചാലില്‍ ലജ്ജാലേശമന്യേ ഊളിയിടുന്ന ഈ എഴുത്തുകാരനെപ്പോലുള്ളവര്‍ നമ്മുടെ കച്ചവട മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ടവരായിത്തീരുന്നത് എന്തുകൊണ്ടെന്ന് ചിന്തിക്കേണ്ട നേരമായി.
പുതുതായി പ്രസിദ്ധീകരണമാരംഭിച്ച വായന ദൈ്വവാരികയുടെ മെയ് 15-ന്റെ ലക്കത്തില്‍ ടി. പദ്മനാഭനുമായി കെ.എ. ആന്റണി നടത്തിയ ഒരു അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലിക രാഷ്ട്രീയമാണ് വിഷയം. ഈ കുറിപ്പിന്റെ ആദ്യം ഉദ്ധരിച്ചിട്ടുള്ള പ്രസ്താവന പ്രസ്തുത അഭിമുഖത്തിലുള്ളതാണ്.
ടി. പദ്മനാഭന്‍ എന്ന കാപട്യക്കാരനായ കക്ഷിരാഷ്ട്രീയക്കാരനെ തുറന്നു കാട്ടുന്ന അഭിമുഖമാണിത്. ഉദരംഭരികളായ നമ്മുടെ കമേഴ്‌സ്യല്‍ രാഷ്ട്രീയക്കാര്‍പോലും ഇതിലും തന്ത്രപരമായേ സംസാരിക്കൂ. തങ്ങളുടെ കാപട്യം നിറഞ്ഞ ഉള്ള് തുറന്നു പോകാതെ സൂക്ഷിക്കാന്‍ അവര്‍ക്കുപോലുമറിയാം. പദ്മനാഭന് ആ ടെക്‌നിക്ക് വേണ്ടത്ര വശമില്ല. അതിനാല്‍ പദ്മനാഭന്റെ തനിസ്വരൂപം പദ്മനാഭന്റെ വാക്കുകള്‍ തന്നെ നമ്മുടെ മുന്നില്‍ വെളിപ്പെടുത്തിക്കളയുന്നു. എഴുത്തുകാരന്‍ ബുദ്ധികുറഞ്ഞവര്‍ഗ്ഗമാണെന്ന ശ്രീ. എന്‍. എസ്. മാധവന്റെ നിരീക്ഷണം പദ്മനാഭനെപ്പോലുള്ളവര്‍ തങ്ങളുടെ ഇത്തരം കൃത്യങ്ങളിലൂടെ സാധൂകരിക്കുകയാണ്.
ടി. പദ്മനാഭന്റെ അഭിമുഖത്തിന്റെ തലവാചകം ശ്രദ്ധേയമാണ്. വ്യക്തിയാണ് പ്രശ്‌നം കൊടിയല്ല എന്നതാണത്. ഇക്കാര്യത്തില്‍ ശിവസേനാ മുഖ്യന്‍ ബാല്‍താക്കറെയും പദ്മനാഭനും ഒരേ അഭിപ്രായക്കാരാണ്. ജനാധിപത്യ സമ്പ്രദായമൊക്കെ കളഞ്ഞിട്ട് കൊള്ളാവുന്ന ചിലരൊക്കെ ചേര്‍ന്ന് രാജ്യം അങ്ങ് ഭരിച്ചാല്‍ മതി എന്നാണ് താക്കെറെയുടെ ലൈന്‍. ഹിറ്റ്‌ലറും ഏതാണ്ട് ഈ ലൈനായിരുന്നു. വ്യക്തിയാണ് പ്രശ്‌നം കൊടിയല്ല എന്ന് പറയുന്ന പദ്മനാഭനും ഏതാണ്ട് ആ ലൈനിലാണ്. അത്ര 'കൊള്ളാവുന്ന' ഒരു ലൈനല്ലല്ലോ അത്.
വ്യക്തിയല്ല, കൊടി തന്നെയാണ് പ്രധാനം പദ്മനാഭന്‍ സാറേ. നാട്ടിന്‍പുറത്തെ നിരക്ഷരനായ കര്‍ഷകത്തൊഴിലാളിപോലും ഇത്രയേറെ അധപ്പതിച്ച പ്രതിലോമചിന്ത ഇക്കാലത്ത് വച്ചു പുലര്‍ത്തില്ല. വ്യക്തികളെക്കാള്‍ വലുത് അവര്‍ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും പ്രത്യയശാസ്ത്രവും തന്നെയാണെന്ന് സാമാന്യ രാഷ്ട്രീയബോധമുള്ള ഏതൊരു പൗരനും അറിയാം. ആശയങ്ങളും നിലപാടുകളുമില്ലാത്ത, 'കൊള്ളാവുന്ന' വരേണ്യരായ അന്തസ്സാരശൂന്യന്മാരെയാണ് പദ്മനാഭനെപ്പോലുള്ളവര്‍ രാഷ്ട്രീയത്തിന് മേലേ കാണുന്നത്. അത് ടി. പദ്മനാഭന്‍ എന്ന എഴുത്തുകാരന്‍ ചിന്താപരമായി എത്രമാത്രം പതനത്തിലാണെന്നതിന് ഉറച്ചതെളിവാകുകയും ചെയ്യുന്നു.
പദ്മനാഭന്റെ ചിന്താപരമായ നിലവാരവും രാഷ്ട്രീയ ബോധവും നീതിബോധവും സ്വാര്‍ത്ഥതയുമൊക്കെ വെളിപ്പെടുത്തുന്ന ഒരഭിമുഖസംഭാഷണമാണ് വായന പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതില്‍ നിന്നും യഥാര്‍ത്ഥ ടി. പദ്മനാഭനെ നമുക്ക് വായിച്ചെടുക്കാം. അത് മലയാള കഥാസാഹിത്യത്തിലെ കൊമ്പനാനയായി ഇദ്ദേഹത്തെ ഘോഷിക്കുന്ന മാധ്യമബുദ്ധിജീവികളും കാക്കപിടിത്തക്കാരും പ്രൊഷണല്‍ സാഹിത്യതരകന്മാരും അക്ഷരവിരോധികളും ഒഴികെ സാമാന്യബോധമുള്ള എല്ലാ വായനക്കാരെയും നാണിപ്പിക്കുന്നതാണ്.
അടുത്തകാലത്ത് കേരളത്തില്‍ മനസ്സാക്ഷിയുള്ളവര്‍ പ്രതികരിക്കേണ്ട എന്തെല്ലാം സംഭവങ്ങള്‍ നടന്നു. പക്ഷേ, ടി. പദ്മനാഭന് അതിനോടൊന്നും ഒരു താത്പര്യവും തോന്നിയില്ല. എന്നാല്‍ അദ്ദേഹം ഒരു കാര്യത്തില്‍ പ്രതികരിച്ചു - കോണ്‍ഗ്രസ്സ് നേതാവായ ശ്രീമാന്‍ എം.എം. ഹസ്സന് കോണ്‍ഗ്രസ്സുകാര്‍ സീറ്റു കൊടുക്കാഞ്ഞതില്‍ !
പദ്മനാഭന് പ്രതികരണശേഷിയില്ലെന്ന് എങ്ങനെ പറയും ? കേരളത്തിന്റെ മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ ഒരു നീറുന്ന പ്രശ്‌നത്തിന്മേലാണല്ലോ അദ്ദേഹം പ്രതികരിച്ചുകളഞ്ഞത്. ഭയങ്കര പ്രശ്‌നം തന്നെ. കരുനാഗപ്പള്ളിയില്‍ ഹസ്സന്‍ ചെയ്ത നല്ല കാര്യങ്ങള്‍ വീക്ഷണം പത്രം മറച്ചുവച്ചത് ശരിയായില്ലെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്.
(ഹസ്സന്‍ കായംകുളത്തെ എം.എല്‍.എ. ആയിരുന്നു. കായംകുളം എം.എല്‍.എ. കരുനാഗപ്പള്ളില്‍ ചെയ്ത നല്ല കാര്യങ്ങള്‍ എന്താണോ ആവോ.) ഏതായാലും കേരളജനത അഭിമുഖീകരിച്ച ഈ പൊള്ളുന്ന പ്രശ്‌നത്തില്‍ പദ്മനാഭന്‍ പ്രതികരിച്ചുവല്ലോ. നാട്ടുകാര്‍ക്ക് ആശ്വാസമായി.
ആര്‍ദ്രത, ധര്‍മ്മബോധം, തുടങ്ങിയ വിഷയങ്ങള്‍ ചേരും പടി ചേര്‍ത്ത് കാല്‍പ്പനികലോല ഭാഷയില്‍ ഇടയ്ക്കിടെ അതിശയചിഹ്നങ്ങള്‍ വാരിവിതറികൊണ്ട് പദ്മനാഭന്‍ കുറെ കഥകള്‍ എഴുതിയിട്ടുണ്ട്. പക്ഷേ, കോണ്‍ഗ്രസ്സിലെ പങ്കുകച്ചവടത്തിനിടയില്‍ എം.എം.ഹസ്സന് സീറ്റുകിട്ടാതെ തള്ളിപ്പോയതില്‍ മനംനൊന്ത് ആ നീറുന്ന പ്രശ്‌നത്തിന്മേല്‍ പൊതുജനമധ്യത്തില്‍ പ്രതികരിച്ച കാല്‍പ്പനിക ലോലഹൃദയന്‍, മുത്തങ്ങയില്‍ ഒരു തുണ്ടു ഭൂമിക്കുവേണ്ടി പോലീസിന്റെ ബൂട്ടുകള്‍ക്കും ബയണറ്റുകള്‍ക്കും അടിയില്‍ ഞെരിഞ്ഞമര്‍ന്ന പച്ചമനുഷ്യരുടെ നിലവിളി കേട്ടില്ല. പോലീസിന്റെ വെടിയേറ്റു പിടഞ്ഞു മരിച്ച ആദിവാസി ജോഗിയുടെ രക്തസാക്ഷിത്വം പദ്മനാഭന്‍ അറിഞ്ഞുകാണില്ല. കാമഭ്രാന്തന്മാര്‍ക്കിരയായി പിടഞ്ഞൊടുങ്ങിയ ശാരിയെപ്പോലുള്ള അനേകം മലയാളി പെണ്‍കുട്ടികളുടെ നിലവിളികളും അദ്ദേഹം കേട്ടില്ല. കടം കയറി മുടിഞ്ഞ് ആത്മഹത്യയിലഭയം തേടിയ കര്‍ഷകരുടെ ദീനവിലാപങ്ങളും അദ്ദേഹം കേട്ടില്ല. ദാരിദ്ര്യംമൂലം സകുടുംബം മരണം വരിക്കുന്ന ഹതഭാഗ്യന്മാരുടെയും അവരുടെ കുട്ടികളുടെയും വിവരണാതീതമായ തീവ്രവേദന കാണാന്‍ പദ്മനാഭന് സമയം കിട്ടിക്കാണില്ല. അതിശയചിഹ്നങ്ങള്‍ അവിടവിടെ ചേര്‍ത്ത് 'കാല്‍പ്പനികലോലകഥാകുസുമങ്ങള്‍' മെനയുന്ന തിരക്കിനിടയില്‍ എഴുത്തച്ഛന്‍ പുരസ്‌കൃതനായ മഹാനായ കഥാകാരന്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യമെന്താണ്? കേരളജനത അടുത്തകാലത്ത് അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്‌നമായ, കോണ്‍ഗ്രസ്സുകാര്‍ എം.എം. ഹസ്സന് സീറ്റു നിഷേധിച്ച കൊടിയ അനീതിക്കെതിരെ മാത്രമേ അദ്ദേഹത്തിന് പ്രതികരിക്കാന്‍ സമയമുണ്ടായുള്ളൂ. ഹസ്സന്‍ കരുനാഗപ്പള്ളിയില്‍ ചെയ്ത നല്ല കാര്യങ്ങള്‍ (!) മറച്ചു വച്ചുകൊണ്ട് അദ്ദേഹത്തിന് സീറ്റു നിഷേധിച്ച നിന്ദ്യവും നീചവും പൈശാചികവുമായ കൊടിയ പ്രശ്‌നത്തിനെതിരെ പ്രതികരിക്കാന്‍ ചാടിവീണ പദ്മനാഭനെ തടയാന്‍ ഈ ലോകത്ത് ഒരു ശക്തിക്കുമായില്ല.
ടി. പദ്മനാഭന്റെ കാപട്യവും ചിന്താപരമായ നിസ്സാരതയും ഹിപ്പോക്രസിയും വക്രബുദ്ധിയും അസഹിഷ്ണുതയും ബോധ്യപ്പെടുത്തുന്ന ഒരുദാഹരണം വായന പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നിന്ന് എടുത്തുദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.
ശ്രീമാന്‍ ഹസ്സന് സീറ്റ് നല്‍കാത്തതിനെതിരെയുള്ള തന്റെ പ്രതികരണത്തെക്കുറിച്ചുള്ള ഗീര്‍വാണമാണ് അഭിമുഖത്തിന്റെ തുടക്കത്തിലുള്ളത്.
വി.എസ്. അച്യുതാനന്ദന് പാര്‍ട്ടി ആദ്യം സീറ്റു നിഷേധിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് പദ്മനാഭന്റെ മറുപടി തികച്ചും രസാവഹമാണ്. അതേ സംബന്ധിച്ചുള്ള പദ്മനാഭന്റെ വക്രവീക്ഷണം ഇങ്ങനെയാണ് : മുഖ്യ മന്ത്രിയാകുന്നത് അത്രവലിയ കാര്യമാണെന്ന് എനിക്കു തോന്നുന്നില്ല. പാര്‍ലമെന്ററി വ്യാമോഹത്തിന് നാം എത്രമാത്രം വിധേയമാകുന്നുവെന്നാണ് ഇതൊക്കെ കാണിക്കുന്നത്..... മുഖ്യമന്ത്രിയാകുന്നതല്ല വലിയകാര്യം. മുഖ്യമന്ത്രിയാകാതെയും പാര്‍ട്ടി പ്രവര്‍ത്തനം നടത്താം. രാജ്യത്തെയും ജനങ്ങളെയും സേവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്ഥാനമാനങ്ങള്‍ക്കു പിന്നാലെ ഓടുന്നത് നല്ലതല്ല.
ആഹഹ ! എത്ര സുന്ദരമായ ദര്‍ശനം. എം.എം.ഹസ്സന് സീറ്റുനിഷേധിച്ചത് തെറ്റ്. അദ്ദേഹം നമ്മെ ഭരിക്കേണ്ട ആളാണ്. വി.എസ്. അച്യുതാനന്ദന്‍ പുറത്തുനിന്ന് ജനസേവനം നടത്തിക്കൊള്ളണം. അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പാര്‍ലമെന്ററി വ്യാമോഹമാണ്. 
അതായത്, പച്ചയ്ക്കുപറഞ്ഞാല്‍ ഉമ്മന്‍ ചാണ്ടിക്കും എം.എം.ഹസ്സനും കുഞ്ഞാലിക്കുട്ടിക്കുമൊക്കെ ഭരിക്കാനുള്ളതാണ് ഈ നാട്. വി.എസ്. അച്യുതാനന്ദന്‍ എന്ന അടിച്ചമര്‍ത്തപ്പെടുത്തപ്പെടുന്നവരുടെ, തൊഴിലാളികളുടെ, പീഡിതരുടെ പ്രതിനിധി അധികാരത്തില്‍ വരുന്നത് തെറ്റ് !
ജനങ്ങളെ സേവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്ഥാനമാനങ്ങള്‍ക്കു പിന്നാലെ പോകുന്നത് തെറ്റ് ! അതേസമയം എം.എം. ഹസ്സന് വീണ്ടും മത്സരിക്കാന്‍ സീറ്റ് കൊടുക്കാത്തത് തെറ്റ് !
ഇവിടെ, തന്റെ വാക്കുകളാല്‍ത്തന്നെ പദ്മനാഭന്‍ നഗ്നനാക്കപ്പെടുകയാണ്. അദ്ദേഹത്തിന്റെ ധര്‍മ്മബോധത്തിന്റെയും സത്യസന്ധതയുടെയും അല്‍പ്പവസ്ത്രം ഊര്‍ന്നു പോയിരിക്കുന്നു.
അടിച്ചമര്‍ത്തപ്പെടുന്നവന്റെയും വേദനിക്കുന്നവന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവന്റെയും പുകയുന്ന രാഷ്ട്രീയ മനസ്സ് സ്വന്തമായുണ്ടായിരുന്ന പൊന്‍ കുന്നം വര്‍ക്കി മുതല്‍ യു. പി. ജയരാജ് വരെയുള്ള മണ്‍മറഞ്ഞ എഴുത്തുകാരുടെ ആത്മാക്കളും അവരുടെ തീപിടിച്ച ലിപികളും ഒരു 'വലിയ' കഥാകാരന്റെ ഈ പാപ്പരത്തം കണ്ട് നീറുന്നുണ്ടാവും.
ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും തീമഷി കൊണ്ട് കഥകളെഴുതിയ, എഴുത്തുകാരന്റെ രാഷ്ട്രീയമെന്താണെന്ന് മലയാളിയെ ബോധ്യപ്പെടുത്തിയ എം. സുകുമാരന്‍ എന്ന വലിയ എഴുത്തുകാരന്‍ ജീവിച്ചിരിക്കുന്ന നാടാണിത്.
എഴുത്തുകാരന്റെ യഥാര്‍ ത്ഥ രാഷ്ട്രീയം എന്തെന്ന് ഇനിയും പിടികിട്ടിയിട്ടില്ലാത്ത പദ്മനാഭന്‍, സാഹിത്യം കടന്ന് അങ്ങനെ കക്ഷിരാഷ്ട്രീയത്തിന്റെ വൃത്തികെട്ട വഴിയിലേക്ക് പോവുകയാണ്. കണ്ണുപൊത്തുകയേ നിവൃത്തിയുള്ളൂ.
കഷ്ടം! നമ്മുടെ ഗതികേട്!  

(2006 ജൂണില്‍ പച്ചമലയാളം മാസികയില്‍ പ്രസിദ്ധീകരിച്ചത്)



 ബെസ്റ്റ് സെല്ലറുകള്‍ ഉണ്ടാകുന്നത്
                പ്രശാന്ത് വി.എസ്

 
                                                              















       ചേതന്‍ ഭഗത്ത്

ര്‍ഷം 2004. ഒരു ചെറുപ്പക്കാരന്‍റെ ബയോഡേറ്റ ഇങ്ങനെ വായിക്കപ്പെടുന്നു.
പേര്?
ചേതന്‍ ഭഗത്
പ്രായം?
29 വയസ്സ്
യോഗ്യത?
ഡല്‍ഹി ഐ.ഐ.ടി.യില്‍ നിന്ന് ബിരുദം. അഹമ്മദാബാദ് ഐ.ഐ.എം.ന്റെ എം.ബി.എ.
ജോലി?
ഹോങ്കോങ്ങിലെ ഒരു പ്രമുഖ അമേരിക്കന്‍ ബാങ്കില്‍ ഇന്‍വെസ്റ്റ് ബാങ്കര്‍.
വെറും നാലു വര്‍ഷം കൊണ്ട് ആ യുവാവ് തന്റെ ബയോഡാറ്റയില്‍ ഒരു വരി കൂടി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഇംഗ്ലീഷ് എഴുത്തുകാരന്‍, നോവലിസ്റ്റ്.
നവാഗതന്റെ നാളുള്‍
ഏതാനും വര്‍ഷം മുമ്പു നിന്നു തന്നെ തുടങ്ങാം.സാഹിത്യത്തിന്റെ ലോകത്തേക്ക് പുതുതായി ഒരാള്‍ കടന്നുവരുന്നു. അവനെ കാ ത്തിരിക്കുന്ന കാഴ്ചകള്‍ ഇതൊക്കെയാണ്; കാര്യമായ ചലനങ്ങളൊന്നുമുണ്ടാക്കാതെ ക്ഷുദ്രരചനകളും വാഴ്ത്തിപ്പാടലുകളുമായി അങ്ങനെ ഒഴുകുന്ന പ്രാദേശിക ഭാഷാസാഹിത്യങ്ങള്‍. ശരാശരി മികവുകളെങ്കിലുമുള്ളവ കണ്ടെടുക്കാന്‍ പ്രയാസം. ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തിന്റെയും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. മഹാരഥന്‍മാരൊക്കെ സര്‍ഗപരമായ പ്രതിസന്ധികള്‍ക്കുള്ളിലായിരുന്നു. പലരും എഴുതിയതേയില്ല. എഴുതിയവര്‍ക്കൊട്ട് തങ്ങളുകെളില്‍ മേന്‍മ അവകാശപ്പെടാനുമായില്ല.
എന്നാല്‍ എഴുത്തിനുള്ള അസംസ്‌കൃത മേഖലകളോ? അതിന് ഒരു കുറവുമുണ്ടായിരുന്നില്ല. നാളുകള്‍ ചെല്ലുന്തോറും പുതിയ ലോകങ്ങള്‍, പുതിയ കഴ്ചകള്‍ വളരെ വേഗത്തില്‍ വന്നുകൊണ്ടിരുന്നു. വാര്‍ത്താവിനിമയത്തിന്റേതടക്കം സാങ്കേതികത വിസ്മയാവഹമായി വികസിച്ചു. മാറുന്ന ലോകം തുറന്നിടുന്ന വാതിലുകള്‍ ഉപയോഗപ്പെടുത്താനുള്ള മനസ്സോ ക്ഷമയോ എഴുത്തുകാര്‍ക്കുണ്ടായില്ല. മിക്കവരും പറഞ്ഞുപഴകിയ പ്രമേയങ്ങളില്‍ത്തന്നെ തങ്ങിനിന്നു. വാഴ്ത്തപ്പെടാനുള്ള ആള്‍ബലവും തന്ത്രങ്ങളുമുള്ളവര്‍ കുറച്ചുനാള്‍ പ്രശസ്തിയയുടെവെള്ളിവെളിച്ചത്തില്‍ നില്‍ക്കു ന്നു. വളരെപ്പെെട്ടന്ന് ആ വെള്ളിവെളിച്ചം മങ്ങി അണയുന്നു.
ജീവിതം ഉപരിപ്ലവമാവുകയും ജീവിതത്തിന്റെ വേഗതയോട് മത്സരിച്ച് മാത്രമേ നിലനില്‍ക്കാന്‍ കഴിയുകയുള്ളു എന്ന അവസ്ഥ വരികയും ചെയ്തതോടെ ഒരെഴുത്തുകാരന് രണ്ടിലൊന്ന് തെരഞ്ഞെടുക്കേണ്ടിയിരുന്നു. ഒന്നുകില്‍ എഴുത്തിന്റെ അനിശ്ചിതത്വത്തിലേക്ക് പൂര്‍ണമായും എടുത്തുചാടാം. ഒരു ഗ്യാരന്റിയുമില്ല. മറ്റ് രാജ്യങ്ങളിലെപ്പോലെ വലിയ മാര്‍ക്കറ്റുകള്‍, പ്രതിഫലം ഒന്നും ഇന്ത്യന്‍ സാഹിത്യ സൃഷ്ടികള്‍ക്കില്ല. അതുകൊണ്ടുതന്നെ എഴുത്ത് ജീവിതമാക്കുന്നതിന് അത്രത്തോളം ആത്മവിശ്വാസമുള്ളവരാകണം, അത്രമാത്രം റിസ്‌കുമാണത്.
അതല്ലെങ്കില്‍ സുക്ഷിതമെന്ന് തോന്നുന്ന ഒരു തലത്തിലേക്ക് നിങ്ങള്‍ക്ക് ഒതുങ്ങാം. അവിടെനിന്ന് സമയവും മനസ്സുമുണ്ടെങ്കില്‍ എന്തെങ്കിലും എഴുതിപ്പിടിപ്പിക്കാം. മൃഗീയഭൂരിപക്ഷവും തെരഞ്ഞെടുത്ത് രണ്ടാമത്തെ വഴിയാണ്; ചേതന്‍ ഭഗത്തും.
ഐ.ഐ.ടി, ഐ.ഐ.എം. ബിരുദങ്ങളുമായി പതിനൊന്നു വര്‍ഷം മുന്‍പ് ഹോങ്കോങ്ങിലേക്ക് പറന്നത് ഒരു ബാങ്കുദ്യോഗസ്ഥനാകാനാണ്. പ്രശസ്തമായ സ്യൂച്ചെ ബാങ്കില്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍. പക്ഷേ ബാങ്ക് ഉദ്യോഗസ്ഥനെന്നത് ലോകമറിയുന്ന വലിയ പദവിയൊന്നുമല്ല. പ്രശസ്തി ആഗ്രഹിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച്. ഭാഷ കൈവശമുണ്ട്. (പിന്നെ പാചകത്തോടുള്ള അഭിനിവേശവും). തരക്കേടില്ലാത്ത ഭാവനയും അനുഭവങ്ങളും.
ബാങ്ക് ജീവനക്കാര്‍ക്ക് വാരാ ന്ത്യ ഒഴിവുദിനങ്ങളില്‍ വിനോദയാത്രകള്‍ സ്ഥാപനത്തിന്റെ ചെലവില്‍ നടത്താം. ഗോള്‍ഫ് കളിക്കാം. ക്ലബ്ബുകളില്‍ ആടിപ്പാടി സമയം കളയാം. ഇതൊക്കെ വേണ്ടെന്ന്‌വച്ച് ആ 'മണ്ട ന്‍' ഭഗത്ത് ഒരു കമ്പ്യൂട്ടറും പേനയും പേപ്പറുമൊക്കെയായി തന്റെ മുറിയില്‍ ചടഞ്ഞുകൂടി. പ്രവര്‍ത്തി ദിവസങ്ങളില്‍ അതിരാവിലെ എഴുന്നേറ്റ് എഴുതി. വെട്ടിയും തിരുത്തിയും പതിനഞ്ച് തവണ കരട് പുതുക്കി. അതിനെ ഒരു നോവലിന്റെ രൂപത്തിലാക്കിയെടുത്തു.
എഴുതിത്തുടങ്ങുമ്പോള്‍ ചേതന്‍  സ്വയം സ്വീകരിച്ച ചില നിബന്ധനകളുണ്ട്. താന്‍ ഒരു പുതുമുഖമാണ്. ഒരു പുതുമുഖത്തിന് ഈ മേഖലയില്‍ പ്രവേശിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട്ത ന്നെ ആര്‍ക്കും അങ്ങനെ 'നോ' എന്ന് ഒറ്റവാക്കില്‍പറഞ്ഞ് ഒഴിവാക്കാന്‍ പറ്റാത്തവിധം വ്യത്യസ്ഥമായിരിക്കണം പ്രമേയവും ശൈലിയും.
രണ്ട്. തനിക്ക് നല്ലൊരു സാഹിത്യകാരനാകേണ്ട. നല്ലൊരു കഥ പറച്ചിലുകാരനായാല്‍ മതി.
മൂന്ന്. ഇടത്തരം കുടുംബത്തില്‍പെടുന്ന യുവത്വങ്ങളായിരിക്കണം തന്റെ രചനകളുടെ ടാര്‍ജറ്റ്.  അവരുടെ മര്‍മ്മം അറിയണം. ആയുധം മര്‍മ്മത്തില്‍തന്നെ കൊള്ളിക്കണം.
താന്‍ പഠിച്ച ഐ.ഐ.ടി.യുടെ പശ്ചാത്തലത്തിലാണ് ആദ്യനോവല്‍ ഒരുങ്ങിയത്. പേര് ഫൈവ് പോയിന്റ് സംഒണ്‍. നിങ്ങള്‍ക്ക് ഒരു സ്വപ്നമുണ്ടായിരിക്കുകയും യാഥാര്‍ ത്ഥ്യം അതിനൊക്കെ വളരെ മേലെയായിരിക്കുകയും ചെയ്താലോ? അതായിരുന്നു ഫൈവ് പോയിന്റ് സംഒണിന്റെ വിധി. ലക്ഷക്കണക്കിന് കോപ്പികള്‍ സ്വന്തമാക്കി വായനക്കാരുടെ പിന്തുണ. സൊസൈറ്റി യംഗ് അച്ചീവേഴ്‌സ് അവാര്‍ഡുമായി സാഹിത്യലോകത്തിന്റെ പിന്തുണ. പബ്ലിഷേഴ്‌സ് റികഗ്നീഷന്‍ അവാര്‍ഡ് നല്‍കി പ്രസാധകരുടെ പിന്തുണ. അങ്ങനെയൊരു സൂപ്പര്‍ സൂപ്പര്‍ മെഗാഹിറ്റ്! ഒരു കാള്‍സെന്ററിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന രണ്ടാമത്തെ നോവല്‍ 'ഒണ്‍ നൈറ്റ് അറ്റ് ദ കാള്‍ സെന്റര്‍' പ്രസിദ്ധീകരിച്ച് മൂന്നാഴ്ചക്കുള്ളില്‍ വിറ്റഴിഞ്ഞത് ഒരു ലക്ഷം കോപ്പിയാണ്. ആദ്യ രണ്ടു നോവലുകളും ചേര്‍ന്ന് ഇന്ത്യയില്‍നിന്ന് മാത്രം നേ ടിയെടുത്തത് 15 ലക്ഷം പ്രതികളുടെ വില്‍പനയെന്ന സര്‍വ്വകാല റെക്കോര്‍ ഡും!
രണ്ടാമത്തെ നോവലോടെ സാഹിത്യഗുണമില്ലെന്ന 'വെളിപാടു' കൊണ്ട് വിമര്‍ശക ലോകം കൈയൊഴിഞ്ഞു. അവരെന്നെ ഭയങ്കരമായി വെറുക്കുന്നു; ഒരഭിമുഖത്തില്‍ ചേതന്‍ പറഞ്ഞു. പക്ഷേ വിജയത്തിന് അങ്ങനെയുള്ള മുന്‍വിധികളോ പക്ഷഭേദങ്ങളോ ഇല്ലല്ലോ. കഴിഞ്ഞ മാസം പുറത്തു വന്ന മൂന്നാമത്തെ രചന ദ ത്രീ മിസ്റ്റേക്‌സ് ഓഫ് മൈ ലൈഫ് രണ്ടാഴ്ചകൊണ്ട് 'വെറും' മൂന്ന് പതിപ്പാണിറങ്ങിയത്!
കഥയെഴുത്തിലെ
പ്രൊഫഷണലിസം
ബെസ്റ്റ് സെല്ലറുകളുണ്ടാവുന്നത് അത്ര അനായാസകരമായ സംഗതിയൊന്നുമല്ല. അതിന് ഒന്നുകില്‍ മികച്ച കൃതികള്‍ ജനിക്കുകയും അത് മികച്ച രീതിയില്‍ സ്വീകരിക്കാന്‍ ആസ്വാദകസമൂഹം സജ്ജമാവുകയും വേണം. അല്ലെങ്കില്‍ മാസ് ഹിസ്റ്റീരിയ പോലെ വായനക്കാരെ കൂട്ടത്തോടെ ആകര്‍ഷിെച്ചടുക്കാന്‍ തക്ക മിടുക്ക് ആ കഥയ്ക്കും കഥ പറച്ചിലിനുമുണ്ടാകണം. അതിന് സര്‍ഗ്ഗാത്മകത മാത്രം പോരാ. തലച്ചോറും കുറേ പ്രവര്‍ത്തിക്കണം. തന്റെ എഞ്ചിനീയറിംഗ് മാനേജ്‌മെന്റ് വൈദഗ്ദ്ധ്യങ്ങള്‍ ചേതന്‍ ഭഗത്തിനെ അക്കാര്യത്തില്‍ സഹായിക്കുകയും ചെയ്തു.
കമ്പ്യൂട്ടര്‍ സ്‌പ്രെഡ്ഷീറ്റിലാണ് കഥയുടെ പ്രമേയം മുഴുവന്‍ എഴുത്തുകാരന്‍ വികസിപ്പിച്ചെടുക്കുന്നത്. പിന്നെ യഥാര്‍ത്ഥ എഴുത്ത്. ഒരു ബോളിവുഡ് ചിത്രത്തിന്റെ പാറ്റേണ്‍. (അതുകൊണ്ടുതന്നെ അവ ബോളിവുഡില്‍ സിനിമകളുമായി.) എന്നാല്‍ ഹിന്ദി സിനിമകളുടെ ആവര്‍ത്തന വിരസതയില്ലതാനും. വിലയോ, ഒരു ഇന്ത്യന്‍ സിനിമാടിക്കറ്റിന്റെ സ്വഭാവത്തിലും. 100 രൂപ അല്ലെങ്കില്‍ 2.46 ഡോളര്‍.
നമ്മള്‍ ജീവിക്കുന്ന സാധാരണ പരിസരങ്ങളില്‍നിന്ന് പലതുകൊണ്ടും വ്യത്യസ്തമാണ് ചേതന്റെ രചനകളിലേത്. ഐ.ഐ.ടി. കാമ്പസ്, കാള്‍സെന്റര്‍, ക്രിക്കറ്റ് ഷോപ്പ് അങ്ങനെ. എല്ലാറ്റിലും നായകര്‍ ഇരുപത് കഴിഞ്ഞ ഇടത്തരക്കാര്‍. അവരുടെ നിലനില്‍പ്പുയായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ പ്രമേയം. ആദ്യനോവലായ ഫൈവ് പോയിന്റ് സം ഒണില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നിലെ വിദ്യാര്‍ത്ഥികളുടെ ഭീതിയും അരക്ഷിതാവസ്ഥകളുമൊക്കെയാണ് പ്രമേയം. ഹരിയും അവന്റെ രണ്ടു കൂട്ടുകാരും  ഐ.ഐ.ടി.യിലെ ശരാശരിയിലും താഴെയുള്ളവരുടെ കൂട്ടത്തില്‍ പെടുന്നവരാണ്. അവരെപ്പോഴും ഗ്രേഡ് പോയിന്റ് ആവറേജില്‍ (ജി.പി.എ) അഞ്ചു ശതമാനത്തിനടുത്തായിപ്പോകുന്നു.  അതിന്റെ അപകര്‍ഷതാബോധവും വേവലാതിയും മറയ്ക്കാനായി അവര്‍ പഠനേതര പ്രവര്‍ത്തനങ്ങളിലും സാഹസികതകളിലും മുഴുകാന്‍ തുടങ്ങുകയാണ്. ഒരു വ്യക്തിയുടെ സൃഷ്ടിപരതയെ അടിച്ചമര്‍ത്തുന്ന, എല്ലാവരെയും അവരവരുടെ ജി.പി.എ.യുടെ അളവുകോലില്‍ മാത്രം കാണുന്ന ഒരു സംവിധാനത്തിനെതിരേയുള്ള പോരാട്ടം കൂടിയാണവരുടേത്.
ഒണ്‍ നൈറ്റ് അറ്റ് ദ കാള്‍ സെന്റര്‍ ഒരു കാള്‍ സെന്ററില്‍ ഒറ്റ രാത്രികൊണ്ട് നടക്കുന്ന സംഭവങ്ങളാണ്. ആറു കഥാപാത്രങ്ങള്‍. അതിലൊരാള്‍, ഒരു പെണ്‍കുട്ടി ഒരു ട്രെയിന്‍ യാത്രക്കിടയില്‍ എഴുത്തുകാരനെത്തേടിയെത്തുന്നു. തങ്ങളുടെ അസാധാരണമായ കഥ അയാള്‍ക്ക് പറഞ്ഞുകൊടുക്കാം. പക്ഷേ അവള്‍ക്ക് ഒരു നിബന്ധനയുണ്ട്. കഥ കേള്‍ക്കണമെങ്കില്‍ അത് നോവലാക്കാമെന്ന് ഉറപ്പ് കൊടുക്കണം. കുറേയേറെ വാദപ്രതിവാദങ്ങള്‍ക്കു ശേഷം കഥാകാരന്‍ സമ്മതിച്ചു. അങ്ങനെ വലിയൊരു പ്രതിസന്ധിയില്‍ നിന്ന് ദൈവത്തിന്റെ ഒരു ഫോണ്‍വിളിയിലൂടെ തങ്ങള്‍ കര കയറിയ അനുഭവം അവള്‍ വിവരിച്ചുകൊടുത്തു. ചിതറിക്കിടക്കുന്ന അവരുടെ ജീവിതവും മനസ്സുമെല്ലാം അതോടെ നേരായ ദിശയിലാവുകയാണ്.
ഈ വര്‍ഷം മേയിലിറങ്ങിയ ത്രീ മിസ്റ്റേക്‌സ് ഓഫ് മൈ ലൈഫ് ചേതന്റെ മൂന്നാമത്തെ നോവലെന്നതുപോലെ മൂന്നിന്റെ  പ്രത്യേകതകള്‍കൊണ്ട് സജീവവുമാണ്. മൂന്നാണ് കഥയിലെ നായകന്‍മാര്‍, വിഷയവും മൂന്ന്- ബിസിനസ്, ക്രിക്കറ്റ്, മതം. മൂന്ന് കാഴ്ചയില്‍ ഓം പോലെയിരിക്കും. അതായത് ഒരു മതത്തിന്റെ പ്രതീകാത്മകത. മൂന്നെന്നത് റോമന്‍ ലിപിയിലെഴുതിയാല്‍ ക്രിക്കറ്റിന്റെ സ്റ്റമ്പുകളാണെന്ന് തോന്നാം.  2002 ലെ വര്‍ഗീയകലാപത്തിനു മുമ്പും പിമ്പുമുള്ള ഗജറാത്തിലാണ് കഥ നടക്കുന്നത്.
അഹമ്മദാബാദിലെ ഒരു സാധാരണ യുവാവായ ഗോവിന്ദന് ബിസിനസ് ഒരു സ്വപ്നമാണ്. സുഹൃത്തുക്കളായ ഇഷിയെയും ഒമിയെയും ചേര്‍ത്ത് അവനൊരു ക്രിക്കറ്റ് ഷോപ്പ് തുടങ്ങുന്നു. പക്ഷേ പ്രക്ഷുബ്ധമായ ഒരു നഗരത്തില്‍ ഒന്നും അത്ര എളുപ്പമല്ല. തങ്ങളുടെ ലക്ഷ്യം നേടാന്‍ അവര്‍ക്ക് പല പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കേണ്ടതുണ്ട്- മതപരവും രാഷ്ട്രീയവുമായവ, ദുരന്തങ്ങള്‍, സുഖകരമല്ലാത്ത  പ്രണയം, എല്ലാറ്റിനും മേലെ അവരുടെ സ്വന്തം പിഴവുകള്‍. ഒരു വ്യക്തിയുടെ സ്വപ്നങ്ങള്‍ക്ക് യഥാര്‍ത്ഥജീവിതത്തിലെ പേക്കിനാവുകളെ തരണം ചെയ്യാനാവുമോ? ചെറിയ ചെറിയ പിഴവുകള്‍ക്ക് മേലേ അവര്‍ക്ക് വിജയിക്കാനാവുമോ? യഥാര്‍ത്ഥ സംഭവങ്ങള്‍  കൂടി കൂട്ടിക്കലര്‍ത്തി ഇരുണ്ട ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്താണ് നോവലിസ്റ്റ് കഥ പറഞ്ഞുപോകുന്നത്.
പ്രവാസി
ജീവിതത്തിന്റെ അന്ത്യം
മികച്ച രണ്ടു കലാലയങ്ങളിലെ ബിരുദാനന്തര ബിരുദങ്ങളുമായി 1997 ലെ സാമ്പത്തിക പ്രതിസന്ധിക്കു തൊട്ടു മുമ്പാണ് ചേതന്‍ ഭഗത്ത് ഇന്ത്യ വിടുന്നത്. ഇന്ത്യയിലാണ് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ തീരെ കുറവ് - മികച്ച കലാലയങ്ങളില്‍ നിന്ന് മികച്ച രീതിയില്‍ ജയിച്ചു വരുന്നവര്‍ക്കുപോലും. പക്ഷേ പതിനൊന്നു കൊല്ലത്തിനു ശേഷം സ്ഥിതി അതല്ല. അവസരങ്ങള്‍ ധാരാളം. വ്യക്തമായ ലക്ഷ്യവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമുണ്ടായാല്‍ മതി. തൊഴില്‍ സാഹചര്യങ്ങള്‍ അനുകൂലം. സാഹിത്യത്തില്‍ തന്റെ നില ഭദ്രവും. ഈയൊരു പശ്ചാത്തലത്തില്‍, ഒരു ദശകത്തിനുശേഷം ചേതന്‍ ഇന്ത്യയിലേക്കു തന്നെ മടങ്ങിവന്നു. തന്റെ ബാങ്കിന്റെ ബിസ്‌നെസ് അസെറ്റ്‌സ്   ടീമിന്റെ ഡയക്ടറായി.
ഒപ്പംതന്നെ ആദ്യ രണ്ടു നോവലുകളും ബോളിവുഡ് കൈക്കലാക്കുകയും മികച്ച താരങ്ങളെയും സംവിധായകരെയും ഉപയോഗിച്ച് സിനിമയാക്കുകയും ചെയ്തു. മൂന്നാമത് നോവല്‍ പുറത്തിറങ്ങുംമുമ്പ് തന്നെ അഭ്രപാളിയില്‍ പകര്‍ത്താനുള്ള ശ്രമങ്ങളും തുടങ്ങി.
ഇത്രയൊക്കെയായിട്ടുംജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയഎഴുത്തുകാരനാവാന്‍ ചേതന്‍ ഭഗത്ത് തയ്യാറായില്ല, സ്വപ്നമതാണെങ്കില്‍കൂടി. ഇഷ്ടമുള്ളതുമാത്രംഎഴുതാനുള്ള         ആത്മ വിശ്വാസം ജോലി നല്‍ കുന്നുണ്ട്. പണത്തിനുവേണ്ടി എഴുതും എന്ന അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുന്നില്ല എന്നര്‍ത്ഥം.
ഗൗരവമുള്ള സാഹിത്യത്തിന്റെ ലോകത്ത് ചേതന്‍ രചനകള്‍ക്ക് സ്ഥാനമില്ല എന്നു പറയുന്നവരുണ്ട്. ഒരു പക്ഷേ അത്തരക്കാര്‍ക്കു സംഭവിച്ച പിഴവാകാം ആ മേഖലയെ ഇപ്പോഴത്തെ ശുഷ്‌കമായ നിലയില്‍ കൊണ്ടെത്തിച്ചത്. സാഹിത്യപരമായ വര്‍ണ്ണനകളും ശൈലിയും കുറവാണെങ്കില്‍കൂടി മാറുന്ന കാലത്തെ ഇന്ത്യന്‍ യുവത്വം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളെയാണ് ഋജുവായ ഭാഷയിലും വിശദാംശങ്ങളോടെയും ചേതന്‍ അവതരിപ്പിക്കുന്നത്.
പുസ്തക ശാലകളുടെ മൂലയില്‍ പലരുടേയും പോലെ തന്റെ പുസ്തകങ്ങള്‍ പൊടി പിടിച്ചു കിടക്കരുതെന്നും വ്യാപകമായി വായിക്കപ്പെടണമെന്നും സ്വാധീനിക്കപ്പെടണമെന്നും എഴുത്തുകാരന്‍ കരുതുന്നത് തെറ്റല്ല- അതിനു വേണ്ട മാര്‍ഗ്ഗങ്ങള്‍  സ്വീകരിക്കുന്നതും. ചേതന്‍ ഭഗത്ത് എന്ന നോവലിസ്റ്റ് ഒരു തരംതാണ പൈങ്കിളി എഴുത്തുകാരനാണെന്ന് ആരും പറയില്ല, ഈ പറയുന്ന വിമര്‍ശകര്‍ പോലും.



(2008 ജൂലൈ പച്ചമലയാളം മാസികയില്‍ പ്രസിദ്ധീകരിച്ചത്)
          
 

No comments:

Post a Comment