അഭിമുഖം

                       
                      
.                                  ഒ.എന്‍. വി ഒരു നല്ല അധ്യാപകനാണ്,
                 ഗാനരചയിതാവാണ് എന്നാല്‍ ഒരു നല്ല കവിയല്ല.


                                                പ്രസന്നരാജന്‍ X ജയന്‍മഠത്തില്‍







? 'തേനും വയമ്പും' എന്ന പുസ്തകത്തില്‍ യഥാര്‍ത്ഥ നിരൂപകന്‍ സാഹിത്യകൃതിയിലെ സൗന്ദര്യം വിശദീകരിക്കുകയല്ല, തന്റെ സൗന്ദര്യബോധവുമായി കൃതി എത്രമാത്രം ഇണങ്ങിപ്പോകുന്നു എന്ന് വിശദമാക്കുകയാണ് ചെയ്യുന്നത് എന്ന് താങ്കള്‍ എഴുതുന്നു.  വിശദമാക്കാമോ?
 നിരൂപണം എന്നെ സംബന്ധിച്ചിടത്തോളം ഒരു കൃതി ഞാന്‍ എങ്ങനെ ആസ്വദിക്കുന്നൂവെന്ന് മറ്റൊരാളിനോട് പറഞ്ഞു കൊടുക്കുന്ന അവസ്ഥയാണ്.  എന്റെ സൗന്ദര്യാസ്വാദനശക്തിയും കൃതിയുടെ മൂല്യങ്ങളും തമ്മില്‍ നടക്കുന്ന ഒരു സംഘര്‍ഷം, ആ സംഘര്‍ഷത്തില്‍ നിന്നാണ് എന്റെ നിരൂപണം രൂപംകൊള്ളുന്നത്.  അത്യന്തികമായി എല്ലാ നിരൂപകന്മാരും അങ്ങനെയാണ് ചെയ്യുന്നത്.  തന്റെ ആന്തിരകജീവിതവുമായി, തന്റെ സ്വകാര്യതയുമായി, തന്റെ സൗന്ദര്യസങ്കല് പങ്ങളുമായി, ഇണങ്ങിപ്പോകുന്ന കൃതികള്‍ മാത്രമേ ഒരു നിരൂപകന് അംഗീകരിക്കാന്‍ കഴിയുകയുള്ളൂ.  അല്ലാത്ത കൃതിയെ അയാള്‍ നിരാക രിക്കുന്നു.
? അപ്പോള്‍ നിരൂപകന് അയാളു ടേതായിട്ടുള്ള നിലപാടുകള്‍ ഉണ്ട കണം എന്നല്ലേ?
 തീര്‍ച്ചയായും നിരൂപകന് നിലപാടുകള്‍ വേണം.  അങ്ങനെ പറയുമ്പോള്‍ നാം അര്‍ത്ഥമാക്കേണ്ടത് ഒരിക്കലും മാറാത്ത ഒരിക്കലും മാറ്റാത്തിന് വിധേയമാകാത്ത നിലപാടുകള്‍ എന്നല്ല.  ഒരു പാശ്ചാ ത്യ തത്വ ചിന്തയുണ്ടല്ലോ; ഒരു പുഴയില്‍ വെള്ളം മാറിക്കൊണ്ട?ിരിക്കുന്നു.  അതിന് ദിവസവും പുഴ മാറിക്കൊണ്ടിരിക്കുന്നു എന്ന് അര്‍ത്ഥമില്ല.  ഒരു നിരൂപകന് സാഹിത്യത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സാഹിത്യനിരുപണത്തിന് ഉപയോഗിക്കേണ്ട ടൂള്‍സിനെ കുറിച്ചും ഒക്കെ നിലപാടുകള്‍ ഉണ്ട്.  പക്ഷേ അത് എല്ലാകാലത്തേയ്ക്കു മായിട്ടുള്ള ഒന്നല്ല.  ജീവിതത്തില്‍ ആദ്യം മുതല്‍ അവസാനം വരെ ഒരുനിലപാടെടുക്കുന്ന ഒരാള്‍ക്ക് ബുദ്ധിപരമായ വളര്‍ച്ച കുറവായിരി ക്കും എന്നാണ് എനിക്ക് തോന്നു ന്നത്.
? സി.പി.അച്ചുതമേനോന്‍, കേസരി ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ നിര്‍ഭയത്തോടെ ഒരു പ്രകാശ ഗോപുരം പോലെ നിന്ന് വിമര്‍ശ നത്തില്‍ കരുത്ത് കാട്ടിയവ രാണ്.  ഇവരുടെ വംശമിന്ന് കുറ്റിയറ്റു പോയി എന്ന് പറഞ്ഞാല്‍?
 മലയാളത്തില്‍ നിര്‍ഭയത്വത്തോ ടെ വിമര്‍ശനം നടത്തുന്നവര്‍ ഇല്ല എന്ന് പറഞ്ഞാല്‍ എനിക്ക് അതിനോട് പൂര്‍ണ്ണമായും യോജിക്കാന്‍ കഴിയില്ല.  കേസരിയെ പോലെ അല്ലെങ്കില്‍ മാരാരെ പ്പോലെയുള്ള നിരൂപകര്‍ എപ്പോഴും ഉണ്ട?ാകുന്നില്ല.  ഇവരോ ടൊപ്പം തല ഉയര്‍ത്തിപ്പിടിച്ചു നിന്ന നിരൂപകനാണ് കെ.പി.അപ്പന്‍.  അവരെപ്പോലുള്ള നിരൂപകന്‍മാര്‍ ഇന്ന് കുറവായിരിക്കാം.  എങ്കിലും സ്വതന്ത്രമായി അഭിപ്രായം പറയുന്ന വി.സി.ശ്രീജനെപ്പോലെ, എസ്.ശാരദ ക്കുട്ടിയെ പ്പോലുള്ളവര്‍ ഇവിടെ യുണ്ട്.  അവര്‍ ക്കൊക്കെ യുക്തിയും നിലപാടും ഉണ്ട്.
? 'താങ്കളുടെ 'കേരളക്കവിതയിലെ കലിയും ചിരിയും' എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതുന്നു, 'അംഗീകാരവും പുരസ്‌കാരവുമാണ് ഒരു വലിയ കവിയെ നിശ്ചയിക്കുന്ന തെങ്കില്‍ ഒ.എന്‍.വി ഒരു വലിയ കവിയാണ്, ഒന്നാന്തരം പ്രശസ്തി കൊണ്ട് ഒ.എന്‍.വി തന്റെ നാലാം തരം കവിതയെ മൂടി വയ്ക്കുകയാണ്'. വാസ്തവത്തില്‍ ഒ.എന്‍.വി യെപ്പോലുള്ള ഒരു കവിയ്ക്ക് എതിരെയുള്ള അതിരുകടന്ന നിരീക്ഷണമല്ലേ ഇത്?  നിലപാടില്‍ എന്തെങ്കിലും മാറ്റം പില്‍ക്കാലത്ത് സംഭവിച്ചി ട്ടുണ്ടോ?
 ഞാന്‍ ഒത്തിരി ആലോചിച്ചതിന് ശേഷമാണ് ഒ.എന്‍.വി കവിതയോടുള്ള എന്റെ നിലപാട് അവതരിപ്പിച്ചത്.  ഒ.എന്‍.വി എന്ന വ്യക്തിയോട് എനിക്ക് ബഹുമാനമാണ്.  അദ്ദേഹത്തിന്റെ കവിതകളില്‍ ചങ്ങമ്പുഴ കവിതകളുടെ ഒരു വളകിലുക്കമുണ്ട്.  അത് പറയാന്‍ വേണ്ടിയുള്ള ഒരു കാപട്യമില്ലായ്മ എനിക്കുണ്ട്.  ആ നിലപാട് തന്നെയാണ് ഇപ്പോഴും ഉള്ളത്.  'സ്വയംവരം' എന്ന ഒ.എന്‍. വിയുടെ കവിത പുറത്ത് വന്നിട്ട് പതിമൂന്ന് വര്‍ഷമായി ഇപ്പോഴും ആ കൃതിക്കെതിരെ ആരും അഭിപ്രായം പറഞ്ഞിട്ടില്ല.  അതൊരുമോശം സൗന്ദര്യബോധത്തിന്റെ കൃതിയാണ്.

? എന്തുകൊണ്ടാണ് നമ്മുടെ നിരൂപകര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മൗനം പാലിക്കുന്നത്?
  എനിക്ക് തോന്നുന്നൂ നിരൂപകരില്‍ നല്ലൊരുഭാഗം അദ്ദേഹത്തിന്റെ ശിഷ്യന്‍മാരോ ശിഷ്യന്‍മാര്‍ക്ക് തുല്യരോ ആണ്.  അദ്ദേഹത്തിന്റെ ഗാനങ്ങള്‍ പാടി നടക്കുന്ന തലമുറയാണ് നമ്മുടേത്.  അതുകൊണ്ട് ഒ.എന്‍.വിയെ വിമര്‍ശിച്ചാല്‍ അത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെടാതെ വരുമോ യെന്നുള്ള സംശയം ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടോയെന്ന് എനിക്കറിയില്ല.
? വിമര്‍ശകര്‍ക്ക് കൃത്യമായ നിലപാട് ഇല്ലാത്തതുകൊണ്ടല്ലേ ഇങ്ങനെ സംഭവിക്കുന്നത്?
  ഒരു നിരൂപകന്‍ എല്ലാ എഴുത്തു കാരേയും വിലയിരുത്തേണ്ട കാര്യ മില്ല.  ചിലപ്പോള്‍ ചിലയാളുകളെ അയാള്‍ ബോധപൂര്‍വ്വം ഒഴിവാക്കു ന്നതുമാകാം.
? ഒ.എന്‍.വിയ്ക്ക് കിട്ടിയ അംഗീകാരം അയ്യപ്പപണിക്കര്‍ക്ക് കിട്ടാതെ പോയി എന്ന് പറഞ്ഞാല്‍?
  അംഗീകാരമെന്ന് പറഞ്ഞാല്‍ രണ്ട് തരത്തിലാണ് വരുന്നത്.  സാധാരണ ജനങ്ങള്‍ക്കൊക്കെ പരിചിതനാണ് ഒ.എന്‍.വി അത് കവിത വായിച്ചുകൊ???ണ്ടുള്ള പരിചയമല്ല.  അദ്ദേഹത്തിന്റെ സിനിമാ ഗാനങ്ങള്‍ കെ.പി. എ.സിയ്ക്കുവേണ്ടി എഴുതിയ പാട്ടുകള്‍ കേട്ടുള്ള പരിചയമാണ്.  പണിക്കര്‍ അങ്ങനെയല്ല.  പണിക്കര്‍ ഒരു കവി മാത്രമാണ്.  അദ്ദേഹം ജനപ്രീതി നേടാന്‍ വേണ്ടി ശ്രമിച്ചിട്ടില്ല.  മഹാനായ കവി  പതുക്കെ മാത്രമേ അംഗീകരിക്കപ്പെടുകയുള്ളൂ.  എനിക്ക് തോന്നുന്നു അടുത്ത തലമുറ ആയിരിക്കും പണിക്കരെ കൂടുതല്‍ അറിയുക.  പണിക്കര്‍ മഹാകവിയാണ്.  ഒ.എന്‍. വി ഒരു നല്ല അധ്യാപകനാണ്, ഗാനരചയിതാവാണ് എന്നാല്‍ ഒരു നല്ല കവിയല്ല.
? കവിതയുടെ സൗന്ദര്യശാസ്ത്രപരമായ കാര്യങ്ങളെ വിശകലനം ചെയ്യുന്ന താങ്കളുടെ 'തേനും വയമ്പും' എന്ന പുസ്തകം വായന ക്കാര്‍ വേണ്ടത്ര രീതിയില്‍ സ്വീകരി ച്ചില്ല എന്ന് തോന്നുന്നു.  പുതിയ കാര്യങ്ങള്‍ അതില്‍ ഇല്ലാത്തതു കൊണ്ടാണോ?
 കവിതയെപ്പറ്റിയുള്ള സൗന്ദര്യ ശാസ്ത്രം അവതരിപ്പിക്കാനാണ് ഞാന്‍ ആ പുസ്തകത്തിലൂടെ ശ്രമിച്ചത്.  ഈ പുസ്തകം എഴുതുമ്പോള്‍ ഒരിക്കലും ബുദ്ധിപരമായ ഒരു ജഡതവരരുത്.  എന്ന് ഞാന്‍ ആഗ്രഹിച്ചു.  കവിതയെനപ്പറ്റിയുള്ള പാശ്ചാത്യവും പൗരസ്ത്യവുമായ സത്ത ഞാനതില്‍ സ്വാംശീകരിച്ചിട്ടുണ്ട്.  പാണ്ഡിത്യപ്രകടനം നടത്താതെ ലിറിക്കല്‍ ക്വാളിറ്റിയോടു കൂടി വേണം എഴുതേണ്ടത് എന്ന് ഞാന്‍ തീരുമാനിച്ചു.  കുഞ്ഞുങ്ങളുടെ നാവിലേയ്ക്ക് തേനും വയമ്പും ഇറ്റിച്ചുകൊടുക്കുന്നതുപോലെ കവിതയുടെ തേനും വയമ്പും ഏറ്റവും ഭാവാത്മകമായ തലത്തില്‍ ഇറ്റിച്ചുകൊടുക്കാനാണ് ഞാന്‍ ശ്രമിച്ചത്.  വായനക്കാരന്‍ എന്തു കൊണ്ട് സ്വീകരിച്ചില്ലായെന്ന് പറഞ്ഞാല്‍ അത് എനിക്കറിയില്ല.
? ഇന്ന് കവിത ചര്‍ച്ച ചെയ്യപ്പെടുന്നില്ല.  കവിതപുസ്തകങ്ങള്‍ വിറ്റഴിക്കപ്പെടുന്നില്ല.  മലയാളക്കവിത മരണക്കിടക്കയ ിലാണോ?
  ഈ നിരീക്ഷണം ശരിയാണെന്ന് തോന്നുന്നില്ല.  നമ്മുടെ ഏറ്റവും പുതിയ തലമുറയില്‍പ്പെട്ട കവികളുടെ പുസ്തകങ്ങളുടെ രണ്ടാംപതിപ്പുകള്‍ ഇറങ്ങുന്നുണ്ട്.  കവിതയ്ക്ക് അപചയം സംഭവിച്ചൂവെന്ന് ഞാന്‍ കരുതുന്നില്ല.  ആധുനികതയുടെ സൗന്ദര്യശാസ്ത്രം സ്വാംശീക രിച്ചുകൊണ്ട് പുതിയ കവിതകള്‍ എഴുതുന്ന ശ്രദ്ധേയരായ അനേകം കവികള്‍ നമുക്കുണ്ട് അവരുടെ കൃതികളില്‍ നര്‍മ്മ ബോധം ഉണ്ട്, രാഷ്ട്രീയം ഉണ്ട്.  വര്‍ത്തമാനകാല ജീവിതത്തിന്റെ ആന്തരികമായ സംഘര്‍ങ്ങള്‍ ഉണ്ട്.  അവരുടെ കവിതകളുടെ സൗന്ദര്യശാസ്ത്രം വേണ്ടപോലെ തിരിച്ചറിഞ്ഞിട്ടില്ല.
? അത് താങ്കള്‍ ഉള്‍പ്പെടെയുള്ള നമ്മുടെ നിരൂപകന്‍മാരുടെ പോരാ യ്മയിലേയ്ക്കല്ലോ വിരല്‍ ചൂണ്ടുന്നത്?  ചരിത്രപരമായ ദൗത്യം ഏറ്റെടു ക്കുന്നതില്‍ നമ്മുടെ നിരൂപകര്‍ പരാജയപ്പെട്ടുവോ?
  താങ്കള്‍ പറയുന്നതില്‍ കുറേ ശരിയുണ്ട് വാസ്തവത്തില്‍ ഞാന്‍ പുതിയ കവികളെപ്പറ്റിയുള്ള ലേഖനം എഴുതി വരികയാണ്.  ഞാനുള്‍പ്പെടെയുള്ള നിരൂപകന്‍മാര്‍ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ടതായിരുന്നു.  നമ്മുടെ നിരൂപകന്‍മാര്‍ക്ക് ഇങ്ങനെയുള്ള സര്‍ഗ്ഗാത്മക സാഹിത്യത്തെ നിരീക്ഷിക്കുന്നതിനെക്കാള്‍ താല്‍പ്പര്യം രാഷ്ട്രീയ കക്ഷികള്‍ ക്കുവേണ്ടി വാദിക്കാനും സൈദ്ധാന്തിക ചര്‍ച്ചകള്‍ ചെയ്യാനുമാണ്.  കരുത്തുള്ള പ്രതിഭകളെ കണ്ടെത്താന്‍ സൈദ്ധാന്തിക നിരൂപകര്‍ തയ്യാറാകുന്നില്ല.  ഇത് നമ്മുടെ നിരൂപണത്തിന്റെ ഒരു പോരായ്മ തന്നെയാണ്.

? നമ്മുടെ കാലഘട്ടത്തില്‍ പുരോഗ മന കലാസാഹിത്യ സംഘത്തിന്റെ പ്രസക്തി?
  ആശയം കൊള്ളാം.  പുരോഗമന വീക്ഷണമുള്ള ആശയങ്ങള്‍ തന്നെയാണ്.  എഴുത്തുകാരന്‍ സമൂഹത്തെ നയിക്കണം. ജീര്‍ണ്ണതകള്‍ക്കെതിരെ എഴുത്തുകാരന്‍ പോരാടണം നല്ല കാര്യമാണത്.  പക്ഷേ പോരാടേണ്ടത് ക്രിയേറ്റീവായിട്ടായിരിക്കണം.  പലപ്പോഴും സംഭവിക്കുന്നത് പാര്‍ട്ടി പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ കലാ സൃഷ്ടികളില്‍ പകര്‍ത്തിവെയ്ക്കുവാന്‍ എഴുത്തുകാരന്‍ നിര്‍ബന്ധിതനാകുന്നു.  പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടുകളെ ന്യായീകരിക്കുവാന്‍ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ വക്താക്കള്‍ നിയോഗിക്ക പ്പെടുന്നു.  സ്വാതന്ത്ര്യം അവര്‍ക്ക് നഷ്ടപ്പെടുന്നു. അവര്‍ കോമാളി കളായി മാറുന്നു.  ഇതാണ് ഇന്ന് സംഭവിക്കുന്നത്.  പു.ക.സയ്ക്ക് ഇന്ന് യാതൊരു പ്രസക്തിയുമില്ല.  അത് പാര്‍ട്ടിയുടെ ഒരുഭാഗം മാത്രമാണ്.  അടുത്തകാലത്ത് പാര്‍ട്ടി സെക്രട്ടറിയ് ക്കുവേണ്ടി പുരോഗമനകലാസാഹി ത്യ സംഘം രംഗത്ത് വരുന്നത് നാം കാണുന്നു.  അത് സാഹിത്യത്തിന് ദോഷമേ ചെയ്യൂ.
? എം.എന്‍.വിജയന്‍ പാര്‍ട്ടിയുടെ കെട്ടുപാടില്‍ പെട്ടില്ലായിരുന്നൂ എങ്കില്‍ മലയാളത്തിലെ വലിയ നിരൂപകനായി അദ്ദേഹം മാറുമായിരുന്നു എന്ന് പറഞ്ഞാല്‍?
  വിജയന്‍മാഷ് പുരോഗമന കലാ സാഹിത്യ സംഘടനയുടെ പ്രസിഡന്റ് ആകുന്നതിന് മുമ്പും രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്.  പു.കസ.യുടെ വക്താവായതുകൊണ്ട് അദ്ദേഹത്തിലെ നിരൂപകന് എന്തെങ്കിലും നേട്ടം സംഭവിച്ചു എന്ന് ഞാന്‍ കരുതുന്നില്ല.  മാത്രമല്ല പല കോട്ടവും സംഭവിച്ചു.  ഒരു എഴുത്തുകാരന്‍ പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെടാന്‍ പാടില്ല എന്നതിന് ചൂണ്ടിക്കാണിക്കാന്‍ പറ്റുന്ന ഉദാഹരണമാണ് എം.എന്‍.വിജയന്‍.  എം.എന്‍.വി ജയന്‍ ലോകത്തിലെ ഏതൊരു സാഹിത്യ നിരൂപകനും സമശീര്‍ഷനാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ . അങ്ങനെയുള്ള മഹാനായ ചിന്തകന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ സാഹിത്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. സ്‌കൂളില്‍ കൊച്ചുകുട്ടുകളുടെ മുന്നിലിട്ട് അധ്യാപകനെ കൊലപ്പെടുത്തിയപ്പോള്‍ പാപ്പിനിശ്ശേരിയില്‍ മിണ്ടാപ്രാണികളെ ചുട്ട് കൊന്നപ്പോഴും അത് തെറ്റാണെന്ന് ഉച്ചത്തില്‍ വിളിച്ച് പറയേണ്ടയാള്‍ ന്യായീകരിച്ച് സംസാരിച്ചു.  ഇതൊക്കെ നമ്മളെ ഞെട്ടിച്ചു കളഞ്ഞു.  ഇതൊക്കെ മാറ്റി നിര്‍ത്തിയാല്‍ നമ്മുടെ കാലഘട്ടത്തിലെ അപചയങ്ങള്‍ തിരിച്ചറിഞ്ഞ ഏറ്റവും വലിയ ധിഷണാശാലിയായിരുന്നു വിജയന്‍മാഷ്
? വലിയ ധിഷണാശാലിയായി എം.എന്‍.വിജയന്‍ നില്‍ക്കുമ്പോഴും ഒരു പാര്‍ട്ടിയുടെ ഉപകരണമായി മാറി എന്ന് പറയുന്നതില്‍ വൈരുദ്ധ്യമില്ലേ?
  ഉണ്ട്.  അത് വിജയന്‍മാഷിന്റെ പരാധീനതയാണ് എഴുത്തുകാരന്‍ എന്ന നിലയില്‍ വിജയന്‍മാഷിന്റെ പരാജയമായിരുന്നു.  അങ്ങനെപറയുമ്പോള്‍ അദ്ദേഹം എടുത്തിരുന്ന രാഷ്ട്രീയ നിലപാടുകള്‍ എല്ലാം തെറ്റായിരുന്നു എന്ന് അര്‍ത്ഥമില്ല.  സ്വാതന്ത്രമായ ഒരു ഇടതുപക്ഷ വീക്ഷണം സ്വീകരിച്ചുകൊണ്ട് കാര്യങ്ങളെ വിലയിരുത്തി യിരുന്നെങ്കില്‍ വിജയന്‍മാഷിന് ഈ ഒരു ദുര്യോഗം വരില്ലായിരുന്നു.
? പു.ക.സ.യില്‍ നിന്നുകൊണ്ടു ചില ബുദ്ധി ജീവികള്‍ നടത്തുന്ന അഭി പ്രായ പ്രകടനങ്ങള്‍ ശ്രദ്ധിച്ചുവോ?
  യഥാര്‍ത്ഥ ബുദ്ധി ജീവികള്‍ പു.ക.സ.യിലുണ്ടെന്ന് തോന്നുന്നില്ല.  ബുദ്ധിജീവി നാട്യങ്ങള്‍ മാത്രമേയുള്ളൂ.  പാര്‍ട്ടിയ്ക്കുള്ളിലേ പാര്‍ട്ടി വക്താക്കളായി, ഗ്രൂപ്പ് വക്താക്കളായി മാത്രം പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടമായി പു.ക.സ മാറിയിരിക്കുന്നു.  നല്ല വായനക്കാര്‍ ഇതൊക്കെ തമാശയായിട്ടേ കാണുന്നുള്ളൂ.  നല്ല എഴുത്തുകാര്‍ ആരും തന്നെ ആ സംഘടനയില്‍ ഇല്ല.
? ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിയെ 'മന്ദബുദ്ധി' എന്ന് വിളിക്കുന്നു, മുഖ്യമന്ത്രി അയാളെ കുരങ്ങന്‍ എന്ന് വിളിക്കുന്നു.  ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ നമ്മുടെ സാംസ്‌കാരിക രംഗത്ത് ആശാസ്യമാണോ? അതോ മൊഴി വഴക്കത്തിന്റെ സൗന്ദര്യമായി കണ്ടാല്‍ മതിയോ?
  തീര്‍ച്ചയായും ഈ രണ്ട് പ്രയോഗങ്ങളും ഒഴിവാക്കേണ്ടവയായിരുന്നു.  അച്ചുതാനന്ദനെ പോലുള്ള ഒരാളെ നമുക്ക് വിമര്‍ശിക്കാം പക്ഷേ അദ്ദേഹത്തെപ്പോലെ വളരെ ആദരണീയനായ ഒരാളെ മന്ദബുദ്ധിയെന്ന് കെ.ഇ.എന്‍.കുഞ്ഞഹമ്മദ് വിളിച്ചത് ശരിയായില്ല.  അച്ചുതാനന്ദന്‍ കുരങ്ങന്‍ എന്ന് വിളിച്ചതും പക്വതയാര്‍ന്ന നിരീക്ഷണമായി എനിക്ക് തോന്നുന്നില്ല.  അതിനെയൊക്കെ ഒരു തമാ ശയായി കണ്ടാല്‍ മതി.
? ജി.സുധാകരന്റെ ഭാഷയെ ന്യായീകരിച്ചുകൊണ്ട് ദീര്‍ഘമായ ലേഖനമെഴുതിയ കെ.ഇ.എന്‍ അച്ചുതാനന്ദന്റെ ഭാഷാപ്രയോഗത്തില്‍ അസഹിഷ്ണത പ്രകടിപ്പിക്കുന്നു. ഈ നിലപാടുകളിലെ വൈരുദ്ധ്യം എങ്ങനെയാണ് വിലയിരുത്തുന്നത്?
  തനിക്ക് ആരെയും എന്തും പറയാം തന്നെ ആര്‍ക്കും ഒന്നും പറയാന്‍ പാടില്ലായെന്ന നിലപാട് പൊതുവേ നമ്മുടെ സാഹിത്യ-സാംസ് കാരികരംഗത്തെ ആളുകള്‍ക്കുണ്ട്.  നേരിയ വിമര്‍ശനം പോലും അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല.  എം.പി.പോള്‍ പണ്ട് പറഞ്ഞിട്ടുണ്ട് ഏറ്റവും കടുത്ത വിമര്‍ശനം കയ്പ്പുള്ള കഷായം പോലെയാണ്.  പക്ഷേ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് എന്ന നിരൂപണങ്ങള്‍ സാംസ്‌കാരിക പരമായിട്ടുള്ള ഒരു ഉയര്‍ച്ചയായിരിക്കണം.  പിന്നെ നിലപാടുകളിലെ ഈ വൈരുദ്ധ്യം നമ്മള്‍ മുമ്പ് പറഞ്ഞ് എഴുത്തുകാര്‍ പാര്‍ട്ടിയ്ക്കുള്ളിലെ പാര്‍ട്ടി പ്രവര്‍ത്തകരായി മാറിയതിന്റെ ഫലമാകാം.
? കമ്മ്യൂണിസത്തെയും മാര്‍ക്‌സിസ ത്തെയും വിമര്‍ശിച്ച മുകുന്ദന്‍ സാഹിത്യ അക്കാഡമി പ്രസിഡന്റ് ആകുന്നു.  പിന്നീട് ചില കേന്ദ്രങ്ങളെ തിരഞ്ഞ് പിടിച്ച് വിമര്‍ശിക്കുന്നു ചിലതിനെ ന്യായീകരിക്കുന്നു.  ഇത്തരത്തിലുള്ള പ്രത്യയശാസ്ത്ര നിലപാടുകളിലെ മലക്കം മറിച്ചിലുകള്‍ എഴുത്തുകാരന്റെ വിശ്വാസത യെ ചോദ്യം ചെയ്യില്ലേ?
  മുകുന്ദനെപ്പറ്റി താങ്കള്‍ പറഞ്ഞിതി നോട് ഞാന്‍ യോജിക്കുന്നു.  മുകുന്ദന്‍ ആദ്യകാലത്ത് രാഷ്ട്രീയ പാര്‍ട്ടികളെയും രാഷ്ട്രീയ സ്ഥാപനങ്ങളെയും തള്ളിക്കളഞ്ഞ ആളാണ്.  മുകുന്ദന്‍ നല്ല കലാകാരനാണ്.  പക്ഷേ മുകുന്ദന്‍ സൂത്രശാലിയാണ് കാരണം സാഹിത്യ അക്കാഡമി പ്രസിഡന്റാകുന്നതിന് ആറ് മാസം മുമ്പ് ഒരു ഇന്റര്‍വ്യൂവില്‍  മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ ചില നേതാക്കന്‍മാരെ പ്രകീര്‍ത്തിക്കുന്നത് കണ്ടു.  മുകുന്ദനെപ്പോലുള്ളവര്‍ പറയേണ്ട ഒരു ആവശ്യവും അപ്പോഴില്ല.  എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആറ് മാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം സാഹിത്യ അക്കാഡമി പ്രസിഡന്റായി. പിന്നീടുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പലതും കലാകാരനായ മുകുന്ദന്റെ ഉള്ളിലുള്ള സൂത്ര ശാലിയുടെ പ്രവര്‍ത്തനമായിട്ടാണ് എനിക്ക് തോന്നുന്നത്.
? മുമ്പ് അവാര്‍ഡുകള്‍ എഴുത്തുകാ രനെ തേടിയെത്തുകയായിരുന്നു.  ഇന്ന് എഴുത്തുകാരന്‍ അവാര്‍ഡുകള്‍ക്ക് പിറകേ പായുന്നു.  ഓരോ അവാര്‍ഡുകള്‍ക്ക് പിന്നിലും വിവാദങ്ങള്‍ ഉണ്ടാകുന്നു?
  താങ്കള്‍ പറഞ്ഞത് ശരിയാണ്.  അവാര്‍ഡുകള്‍ എഴുത്തുകാരനെ തേടിയാണ് വരേണ്ടത്.  അവാര്‍ഡിനുവേണ്ടി എഴുത്തു കാരന്‍ കമ്മറ്റിക്കാരെ സമീപിക്കുന്നത് അശ്ലീലമാണ്.  ഒരു യഥാര്‍ത്ഥ എഴുത്തുകാരന്‍ അങ്ങനെ ചെയ്യില്ല.  നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ അശ്ലീലങ്ങളില്‍ ഒന്നാണ് അവാര്‍ഡുകള്‍ക്ക് പിന്നാലെയുള്ള എഴുത്തുകാരന്റെ പാച്ചില്‍.
? വയലാര്‍ അവാര്‍ഡ് പോലും സംശയത്തിന്റെ നിഴലിലാകുന്നു.  ഗ്രന്ഥകാരനെപ്പറ്റിപ്പോലും സംശയങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ട് ശ്രദ്ധേയമായ കേന്ദ്രങ്ങള്‍ രംഗത്ത് വരുന്നു.  ഇതൊക്കെ നമ്മുടെ സാംസ്‌കാരിക രംഗത്ത് വലിയ ചര്‍ച്ചകള്‍ ഉ???ണ്ടാകുന്നു.  എങ്ങനെ കാണുന്നു?
അവാര്‍ഡുകള്‍ കൊടുക്കുമ്പോള്‍ വിവാദങ്ങള്‍ ഉ???ണ്ടാകുന്നത് നല്ലതാണെന്നാണ് എനിക്ക് തോന്നുന്നത്.  അത് ആ കൃതിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍കൊണ്ട് വരുന്നുണ്ട്.  വയലാര്‍ അവാര്‍ഡ് കമ്മിറ്റിയില്‍ ഇരുന്ന് വിയോജനക്കുറിപ്പ് എഴുതിയ ആളാണ് ഞാന്‍ - എം.കെ.സാനുവിന് അവാര്‍ഡ് കിട്ടിയപ്പോള്‍.  ആനന്ദിന്റെ 'മരുഭൂമികള്‍ ഉണ്ടാകു ന്നത്' എന്ന പുസ്തകം പരിഗണനയില്‍ ഇരിക്കുമ്പോഴാണ് മൂന്നാന്തരം സൃഷ്ടിയായ 'ചങ്ങമ്പുഴ കൃഷ്ണ പിള്ള നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം' എന്ന കൃതിയ്ക്ക് അവാര്‍ഡ് കൊടുക്കുന്നത്. ഹൃദയകുമാരി ടിച്ചര്‍ അന്ന് കമ്മിറ്റിയിലുണ്ടായിരുന്നു ഒരു കൃതി പ്രസിദ്ധീകരിച്ച് കഴിഞ്ഞാല്‍ അത് ആര് എഴുതിയെന്ന് ചോദിക്കുന്നത് നല്ല രീതിയാണെന്ന് തോന്നുന്നില്ല.
? കവിതയെയും കഥയെയും നിരൂപണം ചെയ്ത താങ്കള്‍ ഒരു ഘട്ടത്തില്‍ കെ.ബാലകൃഷ്ണന്റെ ജീവ ചരിത്രവുമായി മുന്നോട്ട് വരുന്നു.  എന്താണ് അത്തരമൊരു ഗ്രന്ഥമെഴുതാന്‍ കാരണം?
  ഞാന്‍ കെ.ബാലകൃഷ്ണന്റെ തലമുറയില്‍പ്പെട്ട ഒരു എഴുത്തുകാരനല്ല.  കെ.ബാലകൃഷ്ണന്‍ 'കൗമുദി' തുടങ്ങുമ്പോള്‍ ഞാന്‍ ജനിച്ചിട്ടുകൂടിയില്ല.  എന്നാല്‍ ഞാന്‍ കുട്ടിക്കാലത്തേ ബാലകൃഷ്ണനെ അറിഞ്ഞിരുന്നു.  പത്താം ക്ലാസ്സില്‍ പഠിക്കു മ്പോള്‍ ബാലകൃഷ്ണന്റെ ഒരു പ്രസംഗം കേട്ടു.  മലയാളഭാഷയുടെ ശക്തിയും സൗന്ദര്യവും ആശയങ്ങളും എല്ലാം സൃഷ്ടിച്ച ഒരു അത്ഭുതലോകമാണത്.  മികച്ച പത്രാധിപര്‍ മൗലിക പ്രതിഭയുള്ള ഒരു യഥാര്‍ത്ഥ ജീനിയസ് മലയാള ഭാഷയിലെ ഇന്നത്തെ പ്രതിഭകളെ വളര്‍ത്തിക്കൊണ്ട് വന്ന ഒരു അത്ഭുത പ്രതിഭാസമായിരുന്നു കെ.ബാലകൃഷ്ണന്‍ അതാണ് കെ.ബാലകൃഷ്ണനെപ്പറ്റി ജീവ ചരിത്ര മെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.
? കെ.ബാലകൃഷ്ണനെപ്പോലെ ഒരു മികച്ച പത്രാധിപരുടെ അഭാവം മലയാളത്തിലുണ്ടെന്ന് പറഞ്ഞാല്‍?
  കെ.ബാലകൃഷ്ണനെപ്പോലുള്ള ഒരു പത്രാധിപര്‍ എല്ലാകാലഘട്ടത്തിലും ഉണ്ടാകില്ല.  കേസരി ബാലകൃഷ്ണപിള്ള, കെ.ബാലകൃഷ്ണന്‍ എം.ടി.വാസുദേവന്‍ നായര്‍ ഈ മൂന്ന് പത്രാധിപരാണ് പ്രതിഭാ സമ്പന്നരായ ഒരു തലമുറയെ സൃഷ്ടിച്ചവര്‍.

? എം.ടി മാതൃഭൂമിയുടെ പത്രാധിപരായിരുന്നത് കൊണ്ടാണ് ടി.പത്മനാഭനെപ്പോലുള്ള എഴുത്തുകാരുടെ രീതികള്‍ തമസ്‌ക്കരിച്ചത് എന്നൊരു ആരോപണമുണ്ടല്ലോ?
  ഞാന്‍ അങ്ങനെ കരുതുന്നില്ല തന്റെ സാഹിത്യ അഭിരുചിയുമായി ഒട്ടും പൊരുത്തപ്പെടാത്ത എഴുത്തുകാരെയാണ് എം.ടി പ്രോത്സാഹിപ്പിച്ചത്.  സക്കറിയായുടെയും മുകുന്ദന്റെയും കെ.പി.നിര്‍മ്മല്‍കുമാറിന്റെയും ടി.ആറിന്റെയും കഥകള്‍ എം.ടി മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചിരുന്നു.  തന്റെ അഭിരുചിയില്‍ നിന്ന് വിരുദ്ധമായി സൗന്ദര്യബോധമുള്ള ഒരാളെ പ്രോത്സാഹിപ്പിക്കണമെങ്കില്‍ ആ പത്രാധിപര്‍ക്ക് ഹൃദയവിശാലത വേണം, സ്‌നേഹവും വേണം.

? മലയാളത്തില്‍ ഒരു വലിയ ശൂന്യത അവശേഷിപ്പിച്ചാണ് കെ.പി.അപ്പന്‍ അരങ്ങൊഴിഞ്ഞത്?  എങ്ങനെ കാണുന്നു?
  കെ.പി.അപ്പനെപ്പോലുള്ള ഒരാള്‍ ഉടനെ വരും എന്ന് ഞാന്‍ കരുതുന്നില്ല.  ഒരു നൂറ്റാണ്ടില്‍ ഒന്നോ രണ്ടോ ആളുകള്‍ മാത്രമേ അതുപോലെ വരൂ.  ഭാവിയില്‍ അതിനെയൊക്കെ മാറ്റി മറിക്കുന്ന തരത്തില്‍ സൗന്ദര്യശാസ്ത്ര വിപ്ലവുമായി ഒരാള്‍ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

? കെ.പി.അപ്പന്റെ നിലപാടുകളെ വിമര്‍ശിക്കുന്നവര്‍ പോലും അപ്പന്‍ സൃഷ്ടിച്ച ഭാഷ കടമെടുക്കുന്നു. ഇത് താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?
  നമ്മള്‍ വിചാരിക്കുന്നതിലുമൊക്കെ അപ്പുറമാണ് കെ.പി.അപ്പന്‍ മലയാളസാഹിത്യത്തിലും സാംസ്‌കാരിക ജീവിതത്തിലും സൃഷ്ടിച്ച മുഴക്കം പക്ഷേ അത് വിലയിരുത്തപ്പെടുന്നത് 50 വര്‍ഷത്തിന് ശേഷമായിരിക്കും. നമ്മുടെ സാഹിത്യകാരന്‍മാരെ മാത്രമല്ല നമ്മുടെ രാഷ്ട്രീയ മെഴുതുന്നവരെയും സംസ്‌കാരത്തെക്കുറിച്ച് എഴുതുന്നവരെയും ഒക്കെ സ്വാധീനിച്ച ഒരു വലിയ ശൈലിയുടെ ഉടമയായിരുന്നു കെ.പി.അപ്പന്‍.

? എപ്പോഴെങ്കിലും കെ.പി.അപ്പനെപ്പോലെ എഴുതണമെന്ന് തോന്നിയിട്ടുണ്ടോ?
  കെ.പി.അപ്പനെപ്പോലെ എഴുതണമെന്ന് തോന്നിയിട്ടില്ല.  നന്നായിട്ട് എഴുതണം മികച്ച കൃതികള്‍ എഴുതണം എന്നാണ് തോന്നിയിട്ടുള്ളത്.

? താങ്കളുടെ സാഹിത്യ ജീവിതത്തിലേയ്ക്ക് സ്വയം തിരിഞ്ഞ് നോക്കിയാല്‍ .....?
  എനിക്ക് വാസ്തവത്തില്‍ ചെയ്യാന്‍ കഴിയുന്നതൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്.  അഞ്ച് നിരൂപണ കൃതികളും ഒരു ജീവചരിത്രവുമാണ് എഴുതിയത്.  മൂന്ന് നിരൂപണ ഗ്രന്ഥങ്ങളുടെ പണിപ്പുരയിലാണ്.  ചില ഒറ്റയൊറ്റ കവിതകളുടെ നിരൂപണങ്ങള്‍-രാഷ്ട്രീ യമായ ഇതിവൃത്തം വച്ചുകൊണ്ടുള്ള പഠനം.

1 comment:

  1. മറ്റുള്ളവര്‍ക്ക് രസിക്കാത്ത സത്യങ്ങള്‍ വിളിച്ചുപറയാതിരിക്കുക എന്നത് മലയാളിയുടെ ശീലമാണ്.എപ്പോഴും ഒത്തുതീര്‍പ്പിന്‍റെ വഴിയിലൂടെ സഞ്ചരിക്കനാണ് നാമിഷ്ടപ്പടുന്നത്. സാഹിത്യമേഖലയെ സംബന്ധച്ചാണ് ഈ കീഴ്വഴക്കം ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത്. എന്തിനെയും തലോടിപ്പോകുന്ന ഈ ശീലത്തിന്‍റെ ഭാഗമായാണ് കൊള്ളാമെന്ന സര്‍ട്ടിഫിക്കറ്റ് ഏതു ചവറു സാഹിത്യത്തിനും നമ്മള്‍ നല്കിപ്പോന്നത്. ഈ മോശം പ്രവണത ഏറ്റവും കൂടുതല്‍ നിലനില്ക്കു്ന മോഖലയാണ് വിമര്‍ശനത്തിന്‍റേത്. എന്നാലിവിടെ ശ്രീ. പ്രസന്നരാജന്‍ ഒ.എന്‍.വി.കവിതകള്‍ക്കുനേരെ നടത്തിയിട്ടുള്ള വിമര്‍ശനം ധീരമായ ഒരിടപെടലാണ്.ചില എഴുത്തുകാര്‍ എന്തെഴുതിയാലും നല്ലതെന്ന് മാത്രം മന്ത്രിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ഒരു പാഠമാണ് ഈ ഇന്‍റവ്യൂവിലെ പല ഭാഗങ്ങളും. കേരളകവിതയിലെ കലിയും ചിരിയും എന്ന പുസ്തകത്തില്‍ ശ്രീ. പ്രസന്നരാജന്‍ ഒ.എന്‍.വിക്കവിതയെ അതിശക്തമായ ആക്രമണത്തിലൂടെ നിലംപരിശാക്കിയത് ഓര്‍ക്കുന്നു. പ്രസന്നരാജന്‍ ഇപ്പോഴും ആ നിലപാട് സൂക്ഷിക്കുന്നുവെന്നറിയുന്നതില്‍ സന്തോഷം.പ്രസക്തമായ ചോദ്യങ്ങള്‍ മാത്രം ചോദിക്കുന്നതില്‍ ശ്രീ.ജയന്‍ മഠത്തില്‍ ശ്രദ്ധിച്ചിട്ടുണട്.

    ReplyDelete