Sunday 25 November 2012

   സ്വാതന്ത്ര്യത്തിന്‍റെ തടവറകള്‍

 ധുനിക ലോകത്തെ തുറന്ന തടവറയെന്ന് വിശേഷിപ്പിച്ചപ്പോള്‍ ഹെര്‍ബര്‍ട്ട് മാര്‍ക്യൂസ് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മിഥ്യാധാരണകളെ വീണ്ടും വിചാരണയ്ക്ക് വിധേയമാക്കുകയായിരുന്നു. മാറുന്ന കാലത്തിനനുസരിച്ച് അര്‍ത്ഥപരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്ന വാക്കാണ് സ്വാതന്ത്ര്യം. അതിരുകളില്ലാത്ത സ്വാതന്ത്ര്യം എന്ന സങ്കല്പം എന്നും മനുഷ്യനെ ലഹരി പിടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തെ അവന്‍ എന്നും അന്ധമായി പ്രണയിച്ചുപോന്നു. സ്വാതന്ത്യം എന്തിനെന്നും എങ്ങനെയുള്ളതാകണമെന്നുമുള്ള ആലോചനകള്‍ക്ക് എന്നും മനുഷ്യസമൂഹം രണ്ടാംസ്ഥാനമേ നല്‍കിയിട്ടുള്ളു. അതിന്‍റെ അപകടങ്ങള്‍ നമ്മെ വല്ലാതെ വേട്ടയാടിത്തുടങ്ങിയിട്ടുണ്ട്.
ഭൗതികവും ബുദ്ധിപരവുമായ സ്വാതന്ത്ര്യങ്ങളുടെ കാലമാണ് നമ്മുടേത്. എന്നാല്‍ ഈ സ്വാതന്ത്യങ്ങള്‍ നാമറിയാതെ പാരതന്ത്ര്യത്തിന്റെ നിഗൂഢമായ തടവറകളിലാണ് നമ്മെ കൊണ്ടെത്തിച്ചുകൊണ്ടിരിക്കുന്നത്. ഫ്രാന്‍സ് കാഫ്കയുടെ ട്രയല്‍ എന്ന കൃതിയിലെ 'കെ' എന്ന കഥാപാത്രത്തെപ്പോലെ 'നിങ്ങള്‍ സ്വതന്ത്രനാണ്, പക്ഷേ നിങ്ങള്‍ അറസ്റ്റിലാണ്' എന്ന വിചിത്രമായ അവസ്ഥയിലാണ് ആധുനികമനുഷ്യന്‍. ഇതിന്റെ  പ്രയോഗവല്ക്കരണത്തിനുള്ള ഇടമാണ് വിപണി. വിപണിയില്‍ നിങ്ങള്‍ക്ക് എന്തും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, എന്നാല്‍ ഏതു തെരഞ്ഞെടുപ്പിന്റെ വേളയിലും ചില അദൃശ്യദെവങ്ങള്‍ നിങ്ങളുടെ ഇച്ഛകളെ നിയന്ത്രിച്ചുകൊണ്ടേയിരിക്കും. ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമായി മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റിന്റെ വിശാലമായ ശീതീകരണ ഹാളിലേക്ക് കടന്നുചെല്ലുന്ന നിങ്ങളുടെ കണ്ണുകള്‍ ഉടക്കിനില്‍ക്കുന്നത് മുന്‍കൂട്ടി ബോധത്തില്‍ നിര്‍ണ്ണയിച്ചുവച്ചിട്ടുള്ള ബ്രാന്‍റ് നെയിമുകളിലേക്ക് ആകുന്നത് യാദൃശ്ചികമല്ല. നാമറിയാതെതന്നെ തീരുമാനിക്കപ്പെട്ട സംഭവ്യതയാണത്. ഇവിടെ തെരഞ്ഞെടുക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യം നാമറിയാതെ കിഡ്‌നാപ്പ് ചെയ്യപ്പെടുന്നു. അങ്ങനെ ഓപ്പണ്‍ ഏയര്‍ തടവറ എന്ന സങ്കല്പം ഒന്നുകൂടി സുതാര്യവും അര്‍ത്ഥവ്യാപ്തിയുള്ളതുമാകുന്നു.
       ഇന്ദ്രിയങ്ങളുടെ വാണിജ്യവല്ക്കരണമാണ് മനുഷ്യവംശം നേരിടുന്ന ഏറ്റവും വലിയ വിപത്ത്.  നൈസര്‍ഗ്ഗികമായ സംവേദനങ്ങളിലൂടെയാണ് നാം വൈകാരികതയുടെ സ്പര്‍ശമറിയുന്നത്. എന്നാലിന്ന് പഞ്ചേന്ദ്രിയങ്ങള്‍ അതിന്റെ നൈസര്‍ഗ്ഗികമായ വാസനകളില്‍ നിന്നകലുന്നു. അവിടേക്ക് യാന്ത്രിക വികാരങ്ങള്‍ മെല്ലെമെല്ലെ കുടിയേറുന്നു. മനസ്സ് യന്ത്രവല്ക്കരിക്കപ്പെടുന്നതോടെ മരുഭൂമിയുടെ അധിനിവേശം ആരംഭിക്കുന്നു. മനസിന്റെ മരുവല്ക്കരണം നാമറിയുന്നതിനെക്കാള്‍ എത്രയോ വേഗതയിലാണ് നടന്നുകൊണ്ടിരിക്കുന്നത്? നാം നേടിയിട്ടുള്ള അല്ലെങ്കില്‍ നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ ഇടത്തിലേക്കാണ് ഈ അപകടങ്ങളെല്ലാം കടന്നുകയറുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.
          നമ്മുടെ അഭിരുചികളും സൗന്ദര്യസങ്കല്പങ്ങളും ജീവിതരീതികളുമെല്ലാം നമ്മുട ഇച്ഛകള്‍ക്കപ്പുറത്തുനിന്നുകൊണ്ട് നിര്‍ണ്ണയിക്കപ്പെടുന്നതിന്റെ അപായത്തെക്കുറിച്ച് നാമിനിയും വേണ്ടത്ര ഗൗരവത്തോടെ ആലോചിച്ചു തുടങ്ങിയിട്ടില്ല. നമ്മുടെ നാവിന്‍തുമ്പിലെ രുചിഭേദങ്ങള്‍വരെ മള്‍ട്ടിനാഷനല്‍ കമ്പനികള്‍ തീരുമാനിക്കുന്നതില്‍ തെല്ലും വിരോധമില്ലാത്ത ജനതയാണ് നാം. ആഗോളവല്ക്കരത്തെപ്പറ്റി പലരും ആശങ്കപ്പെട്ടപ്പോഴും അതു നല്‍കുന്ന അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ അഭിരമിച്ചവരാണ് നമ്മള്‍. അങ്ങനെ സ്വപ്നംകണ്ട് സ്വപ്നംകണ്ട് സ്വപ്നങ്ങളുടെ തടവറയില്‍ പെട്ടുപോയ ജനത. അതിരുകളില്ലാത്ത സ്വാതന്ത്ര്യം എന്ന സങ്കല്പം ഉട്ടോപ്യനാണെന്നും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നമ്മുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ നിഗൂഡമായി പരിഹസിച്ചു ചിരിക്കുന്ന മുഖങ്ങളുണ്ടെന്നും തിരിച്ചറിയുക.
നാമറിയോതെ നമ്മുടെ മസ്തിഷ്‌കം പ്രോഗ്രാം ചെയ്യപ്പെടുകയും ആ പ്രോഗ്രാമിനനുസരിച്ച് നമ്മുടെ ചിന്തയും പ്രവര്‍ത്തികളും രൂപപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുകയാണ്. ഇതിനെ മസ്തിഷ്‌ക്കത്തിന്റെ വിധേയവല്ക്കരണം എന്നു പറയാം. വിപണിയിലെ വിനീതവിധേയന്‍മാരായ ഇരകളായി നിന്നുകൊണ്ട് സ്വാതന്ത്ര്യത്തെക്കുറിച്ചു സംസാരിച്ച് പുളകം കൊള്ളുന്നവര്‍ അറിയേണ്ടതുണ്ട്, അവര്‍ പാരതന്ത്ര്യത്തിന്‍റെ സ്വതന്ത്ര്യത്തിലേക്കാണ് അതിവേഗം യാത്ര ചെയ്യുന്നതെന്ന്.

No comments:

Post a Comment