Wednesday 31 October 2012

ഭാഷാവാരാഘോഷം:ചില അശുഭചിന്തകള്‍
 പതിവുപോലെ ഇക്കൊല്ലവും നവംബര്‍ 1 മുതല്‍ നാം ഭാഷാവാരാഘോഷം സംഘടിപ്പിക്കും, ഭണാധികാരികളും  ഭാഷാവിദഗ്ധന്‍മാരും ഉദ്ഘാടനങ്ങളും പ്രബന്ധാവതരണങ്ങളും നടത്തും. സെമിനാറുകളില്‍ സാഹിത്യകാരന്‍മാരും സാംസ്ക്കാരികപ്രവര്‍ത്തകരും സുദീര്‍ഘമായ പ്രഭാഷണങ്ങള്‍ നടത്തും. ഏഴാം തീയതി ഏറെ മേളക്കൊഴുപ്പോടെ ഭാഷാവാരാഘഷം സമാപിക്കും. ലക്ഷണക്കിന് പണം സര്‍ക്കാരിന്‍റേതായി ചെലവഴിക്കപ്പെട്ടുകഴിയും. പക്ഷേ നമ്മുടെ ഭാഷയ്ക്ക് ഇതുകൊണ്ട് എന്തു നേട്ടമാണുണ്ടാകുന്നത്?
മലയാളിയുടെ സാംസ്ക്കാരിക കാപട്യത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് മലയാള ഭാഷാവാരാഘോഷം. നവംബര്‍ 1ന്  കളക്ട്റേറ്റുകളില്‍ ഭാഷാദീപം തെളിയും. സര്‍ക്കാര്‍ ജീവനക്കാര്‍ ഭാഷാ പ്രതിജ്ഞചൊല്ലും. സ്ത്രീകള്‍ കേരളത്തിന്‍റെ ഫ്യൂഡല്‍വേഷമായ സെറ്റുമുണ്ടും ബ്ലൌസും ധരിച്ച് ഓഫീസിലെത്തും. കഴിഞ്ഞില്ല, ഒരു ചന്ദനക്കുറിയുമുണ്ടാകും.അപ്പോഴാണല്ലോ മലയാളിത്തം പൂര്‍ണമാകുന്നത്! പക്ഷേ ഇവരിലെത്ര പേര്‍ മലയാളത്തോടുള്ള വൈകാരികബന്ധം ഹൃദയത്തില്‍ സൂക്ഷിക്കുന്നുണ്ട്? എത്രപേര്‍ മലയാള ഭാഷ ഇന്ന് നേരിടുന്ന വിപത്തുകളെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ട്? ഏതൊരു ഭാഷയും ഇല്ലാതാകുന്നത് ആ ഭാഷയുടെ പശ്ചാത്തലത്തില്‍ നൂറ്റാണ്ടുകളിലൂടെ വളര്‍ന്നുവന്ന സംസക്കാരത്തിന്‍റെ നാശത്തിലേക്കാണ് നയിക്കുകയെന്ന അവബോധം എത്രപേര്‍ ഗൌരവമായി കാണുന്നുണ്ട്?
മലയാളഭാഷയുടെ ഭാവിയെക്കുറിച്ച് വല്ലാതെ ആശങ്കപ്പെട്ടും ഇംഗ്ലീഷ്മീഡിയം സ്ക്കൂളുകളുടെ വര്‍ദ്ധനവില്‍ ധാര്‍മികരോഷം കൊണ്ടും മാതൃഭാഷ ജീവശ്വാസംപോലെ നമുക്ക് പ്രിയപ്പെട്ടതാണെന്നും  മൈക്കിനു മുന്നില്‍നിന്ന് ഘോരഘോരം പ്രസംഗിച്ചശേഷം തിരക്കിട്ട് ഫൈവ്സ്റ്റാര്‍ ഇംഗ്ലീഷ്മീഡിയം സ്ക്കൂളിനു മുന്നില്‍ചെന്ന് മക്കളെയും ചെറുമക്കളെയും കാത്ത് ക്ഷമയോടെ നില്‍ക്കുന്ന സാസ്ക്കാരിക പ്രവര്‍ത്തകരുടെയും രാഷ്ട്രീയപ്രവര്‍ത്തകരുടെയും വംശവര്‍ദ്ധനവ് ഭീദിതമാം വിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള പൊരുത്തമില്ലായ്മ മലയാളിക്ക് പുതുമയല്ല. മാതൃഭാഷ പെറ്റമ്മയാണെന്നും മറ്റുള്ള ഭാഷകള്‍ വളര്‍ത്തമ്മമാരാണെന്നും നാട്ടുകാരെ വിളിച്ചിരുത്തി ഉദ്ബോധിപ്പിച്ചശേഷം വീട്ടിലെത്തി മലയാളം പറയുന്ന മക്കളെ തല്ലിയും ഇംപോസിഷനെഴുതിപ്പിച്ചും നേരെയാക്കാന്‍ ശ്രമിക്കുന്നത് ലളിതമായ പറഞ്ഞാല്‍ ഒന്നാതരം സദാചാരവിരുദ്ധതയാണ്.
ഇതിനര്‍ത്ഥം ഇംഗ്ലീഷ് നിഷേധിക്കണമെന്നല്ല. ലോകഭാഷയെന്ന നിലയില്‍ മലയാളത്തെക്കാല്ള്‍ പ്രസക്തി ഇംഗ്ലീഷിനുണ്ട്. നമ്മുടെ കുട്ടികള്‍ ഇംഗ്ലീഷ്മീഡിയത്തിലോ മലയാളം മീഡിയത്തിലോ പഠിക്കുന്നത് എന്നതല്ല പ്രശ്നം. അവര്‍ മനുഷ്യത്വത്തിന്‍റെ മീഡിയത്തിലൂടെ വളരുന്നുണ്ടോ എന്നുള്ളതാണ്. മനസ്സില്‍ ആര്‍ദ്രതയുടെയും സ്നേഹത്തിന്റെയും പച്ചപ്പുകള്‍ സൂക്ഷിക്കുന്നുണ്ടോ എന്നുള്ളതാണ്.
സെമിനാറുകള്‍ കൊണ്ടും പ്രഭാഷണങ്ങള്‍ കൊണ്ടും സാംസ്ക്കാരിക ഘോഷയാത്രകള്‍കൊണ്ടും സൃഷ്ടിക്കാനും വളര്‍ത്താനും കഴിയുന്ന ഒന്നല്ല മാതൃഭാഷാസ്നേഹം. അതൊരു മനോഭാവമാണ്. ഒരു വൈകാരികാവസ്ഥയാണ്. ഒരു സാംസ്ക്കാരികാവബോധമാണ്. ഹൃദയത്തില്‍ ഇവയ്ക്കിടമില്ലെങ്കില്‍ നമ്മുടെ ഭാഷാസ്നേഹം വെറും അഭിനയം മാത്രമാണ്. മലയാളി ഏറ്റവും നന്നായി അഭ്യസിച്ചിട്ടുള്ള കലയാണ് അഭിനയം. ഈ ഭാഷാവാരാചരണത്തലും നാം അഭിനയിക്കും, മത്സരിച്ച് തന്നെ.അതിനിടയിലൂടെ നാമാരും ശ്രദ്ധിക്കാതെ കടന്നുപോകുന്ന ഒരു വിലാപമുണ്ടായിരിക്കും; അത് മലയാളഭാഷയുടേതായിരിക്കും

4 comments:

  1. മലയാളം രക്ഷപ്പെടാനുള്ള പ്രാഥമിക പ്രവര്ത്തേനങ്ങള്‍ സ്ക്കൂളുകളില്‍ നിന്നാണ് തുടങ്ങണ്ടത്.പിച്ചവച്ചു തുടങ്ങുമ്പൊഴേ ഇംഗ്ലീഷ് മാത്രം പറയാനും പഠിപ്പിക്കാനും ശ്രമിച്ചിട്ട് പിന്നീടവര്ക്ക്ാ മലയാളത്തോട് സ്നേഹമില്ലെന്ന് പറയുന്നതില്‍ അര്ത്ഥാമില്ല. ഇത്രയും കാലമായിട്ടും സ്വന്തം നാട്ടിലെ സ്കൂളുകളില്‍ സ്വന്തം ഭാഷ പഠിപ്പിക്കണമെന്ന് പറയാനും അത് നടപ്പിലാക്കാനും ഇച്ഛാശക്തിയുള്ള ഒരു ഗവണ്മെ്ന്റ്പോ ലും ഇല്ലാത്ത ഇല്ലാത്ത നാടാണല്ലോ പാവം കേരളം. നാട്ടുകാരെ ബോധവല്ക്കരിക്കാന്‍ മലയാളത്തില്‍ നാടാകെ പ്രസംഗപ്രകടനങ്ങളുമായി നടക്കുന്ന ഭരണാധികാരികള്ക്കു പോലും വേണ്ടാത്ത മലയാളത്തെക്കുറിച്ച് നാമെന്തിന് ആശങ്കപ്പെടണം on ഭാഷാവാരാഘോഷം:ചില അശുഭചിന്തകള്‍1

    ReplyDelete
  2. ആശങ്കകളില്ലാത്ത അവസ്ഥ മൃതാവസ്ഥയാണ്. ആശങ്കകളും സംശയങ്ങളും പ്രതിഷേധങ്ങളുമല്ലേ സുഹൃത്തേ നാം ജീവിച്ചിരിക്കുന്നുവെന്നതിനുതന്നെ തെളിവ്?

    ReplyDelete
  3. പ്രതികരിക്കാത്തവനും ശവവും തമ്മില്‍ എന്ത് ഭേദം ??എല്ലാത്തിനും 'നമുക്ക് എന്ത് ചേദം ' എന്ന ചിന്തയാണ് മലയാളിയുടെ സാംസ്കാരിക ജീര്‍ണനത്തിന്റെയും അപജയത്തിന്റെയും ആലസ്യത്തിന്റെയും മുഖ്യ ഹേതു .നല്ല പ്രതികരണം ..നന്നായി ഇളവൂര്‍ സാര്‍

    ReplyDelete
  4. ഞങ്ങള്‍ അഹിംസയെക്കുറിച്ച് സംസാരിക്കും. എന്നിട്ട് രാത്രിയില്‍ വിരുദ്ധനെ വകവരുത്തും.ഞങ്ങള്‍ വനനശീകരണത്തിനെതിരെ ധാര്‍മികരോഷം കൊള്ളും.എന്നിട്ട് കാട്ടുതടി വെട്ടാന്‍ ആളിനെ ഏര്‍പ്പാട് ചെയ്യും. ഞങ്ങള്‍ സ്വദേശി പ്രസ്ഥാനത്തിന് വേണ്ടി സംസാരിക്കും.എന്നിട്ട് ആഗോളവല്ക്കരണത്തിന്റെ നേട്ടങ്ങള്‍ ആവോളം ആസ്വദിക്കും. ഞങ്ങള്‍ സംശുദ്ധരാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കും.എന്നിട്ട് അഴിമതി രാഷ്ട്രീയത്തിന് കുട പിടിക്കും.ഞങ്ങള്‍ ഇംഗ്ലീഷ് മീഡിയത്തിനെതിരെ ഘോരഘോരം പ്രസംഗിക്കും. എന്നിട്ട് മക്കളെ ഇംഗ്ലീഷ് മീഡിയത്തിലയച്ചു പഠിപ്പിക്കും.അതിനു നിങ്ങള്‍ക്കെന്താ ചേതം?

    ReplyDelete