Sunday, 15 September 2013


 കുട്ടികള്‍ക്ക് വേണ്ടത് ശുഭചിന്തയുടെ പാഠങ്ങള്‍


                   ഇളവൂര്‍ ശ്രീകുമാര്‍

കുട്ടികളുടെ മനസ്സിന്‌ വലിയൊരു പ്രത്യേകതയുണ്ട്‌. പറയുന്നതെന്തും അവര്‍ പെട്ടന്ന്‌ വിശ്വസിക്കും. കേള്‍ക്കുന്നതെന്തും അതേപടി ഉള്‍ക്കൊള്ളും. അവ ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ അവരില്‍ സ്വാധീനമായി നിലനില്‍ക്കും. അതുകൊണ്ടുതന്നെ കുട്ടിക്കാലത്ത്‌ അവരില്‍ ആത്മവിശ്വസവും ധൈര്യവും ശുഭാപ്‌തിവിശ്വസവും നിറയ്‌ക്കുന്ന തരത്തിലുള്ള പരിശീലനമായിരിക്കണം നല്‍കേണ്ടത്‌. എന്നാല്‍ ശാസനയും നിര്‍ബ്ബന്ധപൂര്‍വ്വമുള്ള അച്ചടക്കപരിശീലനവുമാണ്‌ കുട്ടിയെ നേര്‍വഴിക്ക്‌ നയിക്കുന്നതെന്നാണ്‌ ഭൂരിപക്ഷം രക്ഷിതാക്കളും കരുതുന്നത്‌. ശാസനയും അച്ചടക്കവുമൊക്കെ ആവശ്യം തന്നെ. എന്നാല്‍ ഇവയൊക്കെ ശരിയായ സമയത്ത്‌ ശരിയായ രീതിയില്‍ പ്രയോഗിക്കാന്‍ മിക്കവരും ശ്രദ്ധിക്കാറില്ല എന്നതാണ്‌ വാസ്‌തവം. ഉദ്ദേശശുദ്ധിയോടുകൂടി നാം നടത്തുന്ന പല പ്രവര്‍ത്തികളും ഫലത്തില്‍ കുട്ടിയുടെ ബോധത്തില്‍ നെഗറ്റീവായ ഫലമായിരിക്കും സൃഷ്‌ടിക്കുന്നത്‌.
ശുഭാപ്‌തി വിശ്വസത്തോടുകൂടി ജീവിതത്തെ കാണുന്നവരെയാണ്‌ വിജയം കാത്തിരിക്കുന്നത്‌. ഈ വിശ്വാസം പെട്ടന്നൊരു ദിവസം ഉണ്ടാക്കിയെടുക്കാവുന്നതല്ല. കുട്ടിക്കാലം മുതലേ മനസ്സില്‍ രൂപപ്പെട്ടുവരുന്ന ചിന്താശൈലി ക്രമേണ വ്യക്തിയുടെ ഉപബോധമനസ്സില്‍ വേരുറയ്‌ക്കുകയും അത്‌ അയാളുടെ ജീവിതവീക്ഷണത്തിന്റെയും സമീപന ശൈലിയുടെയും ഭാഗമാവുകയുമാണ്‌ ചെയ്യുന്നത്‌. ഇതിന്റെ ആദ്യ പരിശീലനക്കളരിയാണ്‌ സ്‌കൂള്‍ വിദ്യാഭ്യാസകാലം. എന്നാല്‍ സ്‌ക്കൂളില്‍നിന്ന്‌ ലഭിക്കുന്നതിലെക്കാള്‍ ഇതിനാവശ്യമായ അന്തരീക്ഷം ലഭിക്കേണ്ടത്‌ വീടുകളില്‍നിന്നാണ്‌. കുട്ടിയുടെ ഓരോ പ്രവര്‍ത്തിയോടും നാം കൈക്കൊള്ളുന്ന സമീപനം അവരുടെ അവരുടെ മനസ്സിലുണ്ടാക്കുന്ന സ്വാധീനം വളരെവലുതാണ്‌. നിസ്സാര കാര്യത്തിന്‌ ശകാരിക്കുക, ആരുടെ മുന്നില്‍ വച്ചും ഇകഴ്‌ത്തി സംസാരിക്കുക, ഏതെങ്കിലും വിഷയത്തില്‍ മോശമാണെങ്കില്‍ കുട്ടിയുടെ മുന്നില്‍ വച്ച്‌ അത്‌ സകലരെയും ബോധ്യപ്പെടുത്തുക, പരാജയപ്പെടുമ്പോള്‍ കളിയാക്കിയും ഇകഴ്‌ത്തിയും സംസാരിക്കുക, വിജയിക്കുമ്പോള്‍ വലിയ പ്രാധാന്യം കൊടുക്കാതിരിക്കുക ഇവയെല്ലാം കുട്ടികളെ ശുഭാപ്‌തി വിശ്വാസിയാകുന്നതില്‍നിന്ന്‌ തടയുന്ന ഘടകങ്ങളാണ്‌.
ഏതു പരാജയവും വിജയത്തിന്റെ മുന്നോടിയാണ്‌. ഏതു പരാജയത്തില്‍നിന്നും പഠിക്കുവാന്‍ പാഠങ്ങളുണ്ട്‌. ഒരു പരാജയവും അന്തിമമല്ല. ഈ യാഥാര്‍ത്ഥ്യം കുട്ടികളോളിടപെടുമ്പോള്‍ എപ്പോഴും നമ്മുടെ മനസ്സിലുണ്ടാകണം. പെട്ടന്ന്‌ നിരാശരാവുകയും പെട്ടന്ന്‌ ശുഭാപ്‌തിവിശ്വാസികളാവുകയും ചെയ്യുന്ന ശീലമാണവരുടേത്‌. അതുകൊണ്ടുതന്നെ തികഞ്ഞ ശുഭാപ്‌തിവിശ്വാസത്തോടെ വിജയസോപാനങ്ങള്‍ കീഴടക്കാന്‍ അവരെ പ്രാപ്‌തരാക്കുന്നത്‌ അത്ര ശ്രമകരമായ കാര്യമല്ല. അതിനാദ്യം അവരുടെ മനസ്സിനെ നാം തൊട്ടറിയണം. ശുഭചിന്തയുടെ പാഠങ്ങള്‍ അവര്‍ക്ക്‌ പകര്‍ന്ന്‌ കൊടുക്കണം. ഒരു പക്ഷേ വലിയ പരാജയം സംഭവിച്ചാല്‍പോലും അവരുടെ ചെറിയ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ച്‌ പരാജയങ്ങളെ അതിജീവിക്കാന്‍ പഠിപ്പിക്കണം. ഏതു പരാജയത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ തനിക്കു കഴിയുമെന്നും തന്നെ കാത്തിരിക്കുന്നത്‌ മഹാവിജയത്തിന്റെ ഭാവിയാണെന്നും തിരിച്ചറിഞ്ഞാല്‍പിന്നെ അവരുടെ മനസ്സ്‌ ഏതു ദുര്‍ഘട സന്ധിയെയും അതിജീവിച്ച്‌ വിജയത്തിന്റെ വന്‍കരകള്‍ കീഴടക്കാന്‍ സ്വയം പ്രാപ്‌തരായിക്കൊള്ളും.
നമ്മുടെ ചെയ്‌തികളെയും ചിന്തകളെയും നിയന്ത്രിക്കുന്നതില്‍ ചെറിയൊരു പങ്കു മാത്രമേ നമ്മുടെ ബോധമനസ്സിനുള്ളു. ഉപബോധമനസ്സിനാണ്‌ ഇതിലേറിയ പങ്കും നിര്‍വ്വഹിക്കുന്നത്‌. ഉപബോധമനസ്സില്‍ ഒരു കാര്യം ആഴത്തില്‍ പതിഞ്ഞാല്‍ അതില്‍നിന്ന്‌ രക്ഷപ്പെടുക ബുദ്ധിമുട്ടാണ്‌. അതുകൊണ്ട്‌തന്നെ നമ്മുടെ ശീലങ്ങളും താല്‌പര്യങ്ങളും സ്വപ്‌നങ്ങളുമെല്ലാം ഉപബോധമനസ്സില്‍ ഉറച്ച ചിത്രങ്ങളാക്കിമാറ്റിയാല്‍ അതിനനുകൂലമായി ബോധമനസ്സും രൂപപ്പെട്ടുകൊള്ളും, നമ്മുടെ ആത്മാര്‍ത്ഥമായ ശ്രമം കൂടിയുണ്ടെങ്കില്‍. അതിന്‌ നാം ഉപബോധമനസ്സിനെ ശുഭചിന്തയുടെ പേടകമാക്കി മാറ്റണം. നാം കുട്ടിയുടെ മനസ്സിലേക്ക്‌ കൊടുക്കുന്ന ഓരോ നിര്‍ദ്ദേശവും വാക്കും സുപ്രധാനമാണ്‌.
ഉപബോധമനസ്സിന്‌ യുക്തിബോധമില്ല. കേള്‍ക്കുന്നതെന്തും അതേപടി സ്വീകരിക്കും. ശുഭാപ്‌തിവിശ്വാസത്തിനുതകുന്ന വാക്കുകളും നിര്‍ദ്ദേശങ്ങളുമാണ്‌ നിരന്തരം കേള്‍ക്കുന്നതെങ്കില്‍ ക്രമേണ അത്‌ ഉപബോധമനസ്സില്‍ വേരുറയ്‌ക്കും. ആവര്‍ത്തിക്കുന്നതെന്തും അത്‌ ശീലമാക്കും. അതുകൊണ്ടുതന്നെ ആത്മവിശ്വാസവും ശുഭാപ്‌തിവിശ്വാസവും കര്‍മോന്മുഖതയും നിറഞ്ഞ വാക്കുകളാണ്‌ കുട്ടികളിലേക്ക്‌ നാം നിരന്തരം പകര്‍ന്നുകൊണ്ടിരിക്കുന്നതെങ്കില്‍ സാഭാവികമായും അത്‌ ഉപബോധമനസ്സിന്റെ ചിന്താശീലമാവുകയും സ്വയം വിജയത്തിന്റെ ആ വഴി ആ കുട്ടി തെരഞ്ഞെടുക്കുകയും ചെയ്‌തുകൊള്ളും. ഇതിന്‌ രക്ഷാകര്‍ത്താക്കള്‍ ആദ്യം സജ്ജരാകണം. എന്തിനും ഏതിനും കുട്ടികളെ വിമര്‍ശിച്ച്‌ നന്നാക്കാമെന്ന്‌ കരുതുന്നവര്‍ ധാരാളമുണ്ട്‌. നിരന്തരം ശകാരിച്ചാല്‍ അവര്‍ നന്നായിക്കൊള്ളുമെന്നാണ്‌ ഇക്കൂട്ടരുടെ ചിന്ത. ശകാരവും ഉപദേശവും ശിക്ഷണവുമൊക്കെ ചെറുപ്രായത്തില്‍ വളരെ അത്യാവശ്യമാണ്‌. ഇതെല്ലാം ഒഴിവാക്കണമെന്നല്ല പയുന്നത്‌. ഒഴിവാക്കുവാനും പാടില്ല. പക്ഷേ അത്‌ പ്രതികൂലമായ ഫലമുണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
നേരിയ ഒരു തെറ്റു കാണുമ്പോള്‍ കുട്ടി ചെയ്യുന്നതെല്ലാം തെറ്റാണെന്നും ഒരബദ്ധം പറ്റിയാല്‍ പറ്റുന്നതെല്ലാം മണ്ടത്തരമാണെന്നും ഒരു തോല്‍വി പിണഞ്ഞാല്‍ തോറ്റുതോറ്റുകിടന്നാല്‍ രക്ഷപ്പെടില്ലെന്നും ആവര്‍ത്തിക്കുന്ന രക്ഷാകര്‍ത്താക്കള്‍ ധാരാളമുണ്ട്‌. മറ്റുള്ളവരുടെ മുന്നില്‍ വച്ച്‌ ``എപ്പോഴും കളിയെന്ന ഒറ്റ ചിന്തയേയുള്ളു. യാതൊരു വകയും പഠിക്കില്ല'' എന്ന്‌ നന്നായി പഠിക്കുന്ന കുട്ടികളുടെ രക്ഷാകര്‍ത്താക്കളും പറയാറുണ്ട്‌. മക്കളോടുള്ള അമിതസ്‌നേഹവും വാത്സല്യവുമാകാം അവരെക്കൊണ്ട്‌ ഇങ്ങനെയൊക്കെ പറയിക്കുന്നത്‌. എന്നാല്‍ വിപരീതഫലമായിരിക്കും ഇതിനുണ്ടാവുകയെന്നത്‌ നാം ശ്രദ്ധിക്കാറില്ല.
വീഴ്‌ചകളും പരാജയങ്ങളും വിജയമാക്കിമാറ്റാനാണ്‌ നാം കുട്ടികളെ പ്രേരിപ്പിക്കണ്ടത്‌. ഓരോവീഴ്‌ചയും വിജയത്തിനുള്ള ഊര്‍ജ്ജം സംഭരിക്കാനുള്ള മാധ്യമമാക്കി മാറ്റാന്‍ കഴിയും. പരാജയങ്ങളില്‍നിന്ന്‌ പാഠങ്ങളുള്‍ക്കൊള്ളാനാണ്‌ അവരെ ആദ്യം പഠിപ്പിക്കേണ്ടത്‌. എന്തുകൊണ്ടിങ്ങനെ സംഭവിച്ചുവെന്നും അത്‌ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത്‌ മുന്‍കരുതലെടുക്കണമെന്നും അതെങ്ങനെ പ്രായോഗികമാക്കണമെന്നും അവരെ പരിശീലിപ്പിക്കണം. പരീക്ഷയ്‌ക്ക്‌ ബി ഗ്രേഡ്‌ കിട്ടുന്ന കുട്ടിയെ `നിന്നെ എന്തു ചെയ്‌തിട്ടും കാര്യമില്ല, നീ എനിക്ക്‌ നാണക്കേടുണ്ടാക്കാനായി ജനിച്ചവനാ'ണെന്നു പറയുന്നതിന്റെ പിന്നില്‍ സ്‌നേഹക്കുറവോ ശത്രുതയോ ഒന്നുമില്ലെങ്കിലും കുട്ടിയുടെ മനസ്സില്‍ അതുണ്ടാക്കുന്ന മുറിവ്‌ ചെറുതായിരിക്കില്ല. താനെത്ര ശ്രമിച്ചാലും നന്നാവില്ലെന്നും അതിന്റെ തെളിവാണ്‌ തനിക്ക്‌ കിട്ടിയ ബി ഗ്രേഡെന്നും കരുതുന്ന കുട്ടിയുടെ മനസ്സ്‌ അബോധപരമായിത്തന്നെ തന്നെ തോറ്റവനായി ചിത്രീകരിക്കും. മറ്റുള്ളവരില്‍നിന്നുണ്ടാകുന്ന നേരിയ പരിഹാസങ്ങള്‍പോലും ഈ ചിന്തയെ ഊട്ടിയുറപ്പിക്കും. ഇത്‌ കുട്ടിയെ അപകര്‍ഷതാബോധത്തിലേക്ക്‌ നയിക്കും. ക്രമേണ എല്ലാറ്റില്‍നിന്നും ഒഴിഞ്ഞുമാറി തന്നിലേക്കുള്‍വലിയാനോ അല്ലെങ്കില്‍ തന്റെ പോരായ്‌മകള്‍ മറച്ചുവയ്‌ക്കാനായി മറ്റുതരത്തില്‍ ശ്രദ്ധയാകര്‍ഷിക്കാനോ ശ്രമിക്കും. അത്‌ പലപ്പോഴും തെറ്റായ വഴികളിലേക്കായിരിക്കും കുട്ടികളെ കൊണ്ടെത്തിക്കുന്നത്‌. ഇത്‌ രക്ഷാകരത്താക്കളുടെ ശ്രദ്ധയിലേക്ക്‌ വരാന്‍ പലപ്പോഴും വൈകും.
എന്നാല്‍ കുട്ടികളിലുണ്ടാകുന്ന വീഴ്‌ചകളെയും പോരായ്‌മകളെയും അല്‌പം ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്‌താല്‍ വിസ്‌മയകരമായ രീതിയില്‍ ഗുണകരമാക്കിമാറ്റാം. ബി ഗ്രേഡ്‌ വാങ്ങി വരുന്ന ഒരു കുട്ടിയെ ആദ്യം എ ഗ്രേഡ്‌ വാങ്ങിയ കുട്ടിയുമായി താരതമ്യപ്പെടുത്തി താന്‍ മോശക്കാരനാണെന്ന്‌ സ്ഥാപിക്കുകയല്ല ആദ്യം ചെയ്യേണ്ട്‌. സി ഗ്രേഡ്‌ കിട്ടിയ കുട്ടിയുമായി താരതമ്യം ചെയ്‌ത്‌ അവരെക്കാള്‍ മിടുക്ക്‌ തനിക്കുണ്ടെന്നും അല്‍പം കൂടിയൊന്ന്‌ ശ്രമിച്ചാല്‍ അടുത്ത പരീക്ഷയ്‌ക്ക്‌ എ ഗ്രേഡിലേക്കെത്താമെന്നും വിശ്വസിപ്പിക്കുകയാണ്‌ ചെയ്യേണ്ടത്‌. പരാജയം അന്തിമമല്ല എന്നും മികച്ച വിജയത്തിനുള്ള പാഠങ്ങളാണെന്നും അവര്‍ തിരിച്ചറിയേണ്ടതുണ്ട്‌. കഴിയുമെങ്കില്‍ പ്രഗല്‍്‌ഭരായ വ്യക്തികളുടെ ജീവിതത്തില്‍ ചിലത്‌ ഉദാഹരിച്ച്‌ ഇക്കാര്യം സ്ഥാപിച്ചുറപ്പിക്കാവുന്നതാണ്‌. തനിക്കതിനു കഴിയും എന്ന ചിന്ത ഉണ്ടായിക്കഴിഞ്ഞാല്‍ സാചര്യങ്ങളെ അനുകൂലമാക്കി മാറ്റാന്‍ കുട്ടികള്‍ ശ്രമിക്കും. മറ്റേതൊരാള്‍ക്കുമുള്ളതുപോലെ കഴിവ്‌ തനിക്കുമുണ്ടെന്നും അതു വേണ്ട രീതിയില്‍ ഉപയോഗിക്കാത്തതുമൂലമാണ്‌ പരാജയം സംഭവിച്ചതെന്നും ശരിയായി അത്‌ വിനിയോഗിച്ചാല്‍ മറ്റേതൊരാളെയും പോലെ തനിക്കും മുന്‍നിരയിലെത്താമെന്നും വിശ്വസിച്ചാല്‍ അങ്ങനെ സംഭവിക്കുകതന്നെ ചെയ്യും.
അര്‍പ്പണമനോഭാവവും തീവ്രമായ ആഗ്രഹവും ആത്മവിശ്വാസവുമണ്ടെങ്കില്‍ ഏതുകാര്യവും നേടിയെടുക്കാനാകും. തീരുമാനങ്ങളെടുക്കുവാനും ഇച്ഛാശക്തിയോടെ അത്‌ നേടിയെടുക്കാനുമുള്ള ഉറച്ചമനസ്സ്‌ കുട്ടികളില്‍ രൂപപ്പെടുത്തിയെടുക്കണം. ഏതു കാര്യത്തിന്റെയും പോസിറ്റീവായ വശങ്ങള്‍ കാണുവാനും നെഗറ്റീവായ വശങ്ങളെ തിരസ്‌ക്കരിക്കാനുമുള്ള ശീലം ബോധപൂര്‍വ്വംതന്നെ ഉണ്ടാകണം. ശുഭചിന്തയുമായി ബന്ധമുള്ള പ്രഭാഷണങ്ങള്‍, പുസ്‌തകങ്ങള്‍, ട്രെയിനിംഗുകള്‍ എന്നിവ കുട്ടികളില്‍ ഈയൊരു ശീലം വളര്‍ത്തിയെടുക്കാന്‍ സഹായകമാകും. ഭാവിയിലെ വലിയ ഊടുവയ്‌പുകളായ കുട്ടികളെ അല്‌പം ശ്രദ്ധയുണ്ടെങ്കില്‍ നമ്മുടെ ആഗ്രങ്ങള്‍ക്കനുസരിച്ച്‌ ജീവിതവിജയത്തിന്റെ സോപാനങ്ങള്‍ കീഴടക്കാന്‍ പ്രാപ്‌തരാക്കാം. അതിനായി അവര്‍ക്കെപ്പോഴും ശുഭചിന്തയുടെ പാഠങ്ങള്‍ നല്‍കുക. വീഴ്‌ചകളും പരാജയങ്ങളും തെറ്റുകളും സ്വാഭാവികമാണെന്നും അതിനെ മറികടന്ന്‌ ജേതാവാകാന്‍ തനിക്കു കഴിയുമെന്നുമുള്ള വിശ്വാസം അവരെ അതിരുകളില്ലാത്ത വിജയത്തിന്റെ ലോകത്തേക്ക്‌ കൊണ്ടുപോവുകതന്നെ ചെയ്യും. ( ദേശാഭിമാനി ഓഗസ്റ്റ് 17, 2013)

No comments:

Post a Comment